മൊഞ്ചിന്‍ ദിനം
റഫീഖ് റമദാന്‍
കോഴിക്കോട്: കന്നിക്കൊയ്ത്തു കഴിഞ്ഞേ
കാവെല്ലാം ഉണരാറായി...
അതിരാണിപ്പാടത്തെ ഉണര്‍ത്തി മലങ്കുറവന്‍ ഉറക്കെ പാടി. പിന്നാലെ ഇശലിന്റെ താളത്തിനൊത്ത് പുതുനാരിയെ മണിയറയിലേക്കാനയിച്ച് മൊഞ്ചത്തിമാരും.
സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടന്നതോടെ വേദികളില്‍ കലയുടെ പകര്‍ന്നാട്ടം.
ഇന്നലെ ഒഴിഞ്ഞുകിടന്ന മിക്ക വേദികളും ഇന്ന് ഉച്ചയോടെ നിറഞ്ഞു തുടങ്ങി. ഒപ്പനയുടെ ദിനമായതിനാല്‍ മണവാട്ടിമാരെയും തോഴിമാരെയും കാണാനായി കോഴിക്കോട്ടെ മൊഞ്ചത്തിമാര്‍ നേരത്തേ തന്നെ വേദി ഒന്നിലെത്തി മുന്‍നിരയില്‍ സ്ഥാനംപിടിച്ചിരുന്നു.
ഒക്കത്തിരുന്ന കുഞ്ഞുങ്ങളും മധുവൂറുന്ന ഇശലിനൊപ്പിച്ച് താളംപിടിച്ചു. വേദി 1ല്‍ രാവിലെ 9.20നു ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ നാടോടി നൃത്ത മത്സരം തുടങ്ങി. പതിവു തെറ്റിക്കാതെ തമ്പ്രാനും പണിക്കാരനും പാണ്ഡവന്മാരും പാഞ്ചാലിയും അവതരണത്തില്‍ കടന്നുവന്നു. പുതുമയുള്ള പ്രമേയങ്ങളും കുറവായിരുന്നു. ആദ്യ നമ്പര്‍ വിളിച്ച് മത്സരം തുടങ്ങിയ ഉടന്‍ കര്‍ട്ടണ്‍ താഴ്ത്തിയത് ആശങ്ക ഉയര്‍ത്തിയെങ്കിലും മത്സരാര്‍ഥിയുടെ പിഴവ ല്ലാത്തതിനാല്‍ വീണ്ടും അവസരം നല്‍കി.
വേദി രണ്ടില്‍ യുവാക്കള്‍ കാത്തിരുന്ന നാടക മത്സരത്തിന് രാവിലെ തിരശീലയുയര്‍ന്നു. ദഫ് മുട്ട്, കോല്‍ക്കളി, മോണോ ആക്റ്റ് എന്നിവയ്ക്കും കാഴ്ചക്കാരേറെ. ഒപ്പന മത്സരം ഇന്ന് രാത്രിയെ പകലാക്കുമെന്നതിനാല്‍ രാത്രിയോടെ അതിരാണിപ്പാടം ജനസാഗരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."