യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: എലത്തൂരില്‍ കുരുക്ക് മുറുകുന്നു; ഇരിക്കൂര്‍ സമവായത്തിലേക്ക്
കണ്ണൂര്‍/കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. പലയിടത്തും സംസ്ഥാന നേതൃത്വത്തിന്റെ വീതം വെപ്പ് അണികള്‍ അംഗീകരിക്കാത്ത സാഹചര്യമാണ്.
എലത്തൂര്‍ മണ്ഡലത്തിലാണ് ഒടുവിലത്തെ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എലത്തൂരിലെ തര്‍ക്കം പരിഹരിക്കാന്‍ കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ.വി. തോമസ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. മണ്ഡലത്തിലെ കോണ്‍ഗ്രസ് ഭാരവാഹികളുമായാണ് തോമസ് ചര്‍ച്ചനടത്തിയത്. സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കുകയല്ലാതെ മറ്റൊരു തീരുമാനവും അംഗീകരിക്കാനാവില്ലെന്നാണ് ശനിയാഴ്ച ഡി.സി.സി. ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്.
ഔദ്യോഗിക സ്ഥാനാര്‍ഥിയായ സുള്‍ഫിക്കര്‍ മയൂരിക്കു പുറമേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സ്ഥാനാര്‍ഥിയായി കെ.പി.സി.സി. നിര്‍വാഹകസമിതി അംഗമായിരുന്ന യു.വി. ദിനേശ്മണി, ഭാരതീയ നാഷണല്‍ ജനതാദളിന്റെ സെനിന്‍ റാഷി എന്നിവരാണ് എലത്തൂരില്‍ പത്രിക നല്‍കിയിട്ടുള്ളത്.
മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.കെ.യുടെ സുള്‍ഫിക്കര്‍ മയൂരിതന്നെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി തുടരുകയാണെങ്കില്‍ എം.പി.സ്ഥാനം രാജിവെക്കുമെന്ന് എം.കെ. രാഘവന്‍ യോഗത്തില്‍ ഭീഷണിമുഴക്കി. സുള്‍ഫിക്കറിനെ അംഗീകരിക്കാനാവില്ലെന്ന് യോഗത്തില്‍നിന്ന് ഇറങ്ങിയപ്പോയശേഷം അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ചര്‍ച്ച കഴിഞ്ഞയുടന്‍ ഡി.സി.സി.യിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലേക്കു തള്ളിക്കയറിയ പ്രവര്‍ത്തകര്‍ കെ.വി. തോമസിനു മുന്നില്‍ പ്രതിഷേധിച്ചു. എം.കെ. രാഘവന്‍ എം.പി. ഇടപെട്ട് പ്രവര്‍ത്തകരെ തള്ളിനീക്കിയാണ് കെ.വി. തോമസിന് ഓഫിസിനകത്തേക്കു കയറാന്‍ കഴിഞ്ഞത്.
അതിനിടെ ഇരിക്കൂറില്‍ സമവായത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇന്ന് നടക്കുന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ എ ഗ്രൂപ്പ് നേതാക്കളും പങ്കെടുക്കും. രാജ് വെച്ച നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്. നേതാക്കള്‍ രാജി പിന്‍വലിച്ചതായി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന അഡ്വ. സോണി സെബാസ്റ്റ്യന് സീറ്റ് നിഷേധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എ വിഭാഗം നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചത്. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. മാത്യു, ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ദേവസ്യ പാലപ്പുറം, മണ്ഡലം പ്രസിഡന്റ് ബാബു പള്ളിപ്പുറം, കരുവന്‍ചാല്‍ മണ്ഡലം പ്രസിഡന്റ് ടോമി, യു.ഡി.എഫ് നേതാക്കളായ ബിജു ഓരത്തേല്‍, ബിജു പുളിയംതൊട്ടി തുടങ്ങി മുപ്പതോളം നേതാക്കളാണ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്.
എ ഗ്രൂപ്പിന് ഭൂരിപക്ഷമുള്ള മലയോരമേഖലയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നേതൃത്വവുമായി ഇടഞ്ഞതോടെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി വരുന്ന അഡ്വ. സജീവ് ജോസഫിന്റെ മണ്ഡലം പര്യടനം പോലും അനിശ്ചിതത്വത്തിലായിരുന്നു.
നാലു പതിറ്റാണ്ടായി എ വിഭാഗത്തിന്റെ കൈവശമുള്ള സിറ്റിംഗ് സീറ്റാണ് ഇരിക്കൂര്‍. മുമ്പ് പേരാവൂരും എ ഗ്രൂപ്പിന്റെ സീറ്റായിരുന്നെങ്കിലും പിന്നീടത് ഐ ഗ്രൂപ്പ് കൈവശപ്പെടുത്തുകയായിരുന്നു. ഇരിക്കൂര്‍ കൈവിട്ടു പോകുന്നത് എ വിഭാഗത്തിന്റെ നിയന്ത്രണം ജില്ലയില്‍ ഇല്ലാതാകുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."