പെലെ എന്ന ഏകാന്തത കാൽപന്തിലെ ജീവിതാനുരാഗി
പരാശരന്
എഡ്സൻ അരാൻഡസ് ഡോ നാസിമെന്റോ എന്ന പേര് ഒരുപക്ഷേ നമുക്ക് ഒട്ടും പരിചിതമായിരിക്കില്ല. എന്നാൽ പെലെ, ഏത് ഊണിലും ഉറക്കത്തിലും തലമുറകൾ മാറിയാലും നാം കൈമാറും. കാരണം ഫുട്ബോളെന്ന തുകൽപന്തിന്റെ പരമാത്മാവായി ലോകം വാഴ്ത്തിയ വിസ്മയകരമായ രണ്ടക്ഷരമാണ് അത്. ബ്രസീലെന്ന ലാറ്റിനമേരിക്കൻ രാജ്യത്തെ തന്നിലൂടെ ലോകത്തിൽ മുദ്രചാർത്തിയ അസാമാന്യ മനുഷ്യജന്മം. പെലെ ഭൂമിയിലെ തിളക്കത്തിനു വിരാമമിട്ട് യാത്രയായി. പെലെ ജീവിച്ചിരിക്കാത്ത, അമ്പരപ്പിക്കുന്ന കളിയോർമകൾ ബാക്കിനിർത്തിയ മണ്ണിലാണ് ശേഷിക്കുന്ന മനുഷ്യരുടെ ജീവിതം, അവരുടെ പന്തുതട്ടൽ.
യുദ്ധം കൊടുമ്പിരികൊണ്ട, വർണവെറിയും വംശീയ വേർതിരിവുകളും അരങ്ങുവാണ കാലത്താണ് കറുത്ത വർഗക്കാരനായി പെലെ പിറന്നുവീണത്. ജനനം മുതൽ ഇതിഹാസ താരമായുള്ള അദ്ദേഹത്തിന്റെ വളർച്ചവരെ ഏറ്റ അപമാനങ്ങൾക്കും പീഡനങ്ങൾക്കും കൈയും കണക്കുമില്ല. ഒരു നേരത്തെ ആഹാരം പോലും കഴിക്കാനില്ലാത്തപ്പോഴും തന്റെയുള്ളിലെ വാസനാബലമായ ഫുട്ബോൾ എന്ന സ്വപ്നം അണയാതെ സൂക്ഷിക്കാനും അതിന്റെ ഏറ്റവും വലിയ പ്രയോക്താക്കളിൽ ഒരാളായി പിൽക്കാലത്തു ജ്വലിച്ച് ഉയരാനും അദ്ദേഹത്തിനു സാധിച്ചു.
കഠിന വഴികളിലെ കാലുഷ്യത്തെ കാൽപന്തിന്റെ കാവ്യനീതിയാൽ, ചമൽക്കാര സിദ്ധാന്തങ്ങളാൽ അദ്ദേഹം പരിവർത്തിപ്പിച്ചു. സ്വയം ആനന്ദിച്ച് അദ്ദേഹം ലോകത്തെ ഒന്നടങ്കം ആനന്ദിപ്പിച്ചു. ട്രെസ് കൊറാക്കോസിലെ റൂബൻസ് അരൂബ തെരുവിൽനിന്ന് കീറത്തുണികളാൽ നിർമിച്ച പന്തിൽ തുടങ്ങിയ ഇന്ദ്രജാലം മൂന്നു ലോകകപ്പ് നേട്ടങ്ങൾകൊണ്ട് അടയാളപ്പെടുത്തിയാണ് ആ കറുത്ത മനുഷ്യൻ അവസാനിപ്പിച്ചത്. ബ്രസീൽ നേടിയ അഞ്ചിൽ മൂന്ന് ലോകകപ്പിലും പെലെയുടെ കാൽമുദ്ര പതിഞ്ഞിട്ടുണ്ട്. ബൈസിക്കിൾ കിക്കും ഡ്രിബ്ലിങ്ങിന്റെ അമ്പരപ്പിക്കുന്ന ചടുലതകളും എല്ലാം അദ്ദേഹത്തിന് ഒരുപോലെ വഴങ്ങി.
വംശവെറിയുടെ അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരുകൂട്ടം ജനത തങ്ങളുടെ പോരാട്ടമുഖമായി കണ്ടത് പെലെയെ ആയിരുന്നു. അയാളുടെ മാന്ത്രിക ഫുട്ബോളിന്റെ വശ്യതയിൽ അവർ തങ്ങളുടെ വേദനകളെ ലയിപ്പിച്ചു. പിൽക്കാലത്തു ബ്രസീൽ കളിച്ച ജോഗോ ബൊണീറ്റോ (മനോഹര ഫുട്ബോൾ) യുടെ മുഖ്യശിൽപി പെലെയായി മാറിയത് അയാളുടെ നൈസർഗിക കളിയഴകിന്റെ അടയാളമാണ്. ആ കളിയെയാണ് നിറത്തിന്റെ പേരിൽ സഹജീവികളായ മനുഷ്യരാൽ അവമതിക്കപ്പെട്ട ഒരു ജനത നെഞ്ചേറ്റിയത്. അയാളുടെ മൈതാനത്തെ സാന്നിധ്യത്തിന്, പന്തുതട്ടലിന് ഒരേസമയം കാരിരുമ്പിന്റെ വന്യതയും അപ്പൂപ്പൻതാടി പോലെ അത്ര മൃദുലമായ ലാവണ്യതയും ഉണ്ടായിരുന്നു.
കളിച്ച കാലത്ത് പെലെ വലയിൽ നിറച്ച ഗോളുകളുടെ എണ്ണം നമുടെ സമാന്യ കണക്കിൽ ഒതുങ്ങുന്നതല്ല. എണ്ണി തിട്ടപ്പെടുത്താൻ സാധിക്കാതെ അപൂർണതയിലാണ് അതു നിൽക്കുന്നത്. ഏതാണ്ടൊരു കണക്കാണ് ഇപ്പോൾ ലഭിക്കുന്ന ഡാറ്റ. 1363 മത്സരങ്ങളിൽനിന്ന് 1,279 ഗോൾ എന്നതാണ് പെലെയുടെ ലഭ്യമായ കണക്കുകളിലെ നേട്ടം. ഇതിനും അപ്പുറത്ത് അദ്ദേഹം ഗോളടിച്ചിട്ടുണ്ട്. 1969 നവംബർ 19നാണ് പെലെ ആയിരം ഗോൾ എന്ന മാന്ത്രികസംഖ്യ ഫുട്ബോളിന്റെ നെഞ്ചത്ത് വരച്ചിട്ടത്.
ജീവിതകാലത്ത് മറ്റുള്ള മനുഷ്യരെ കുറിച്ച് ചിന്തിച്ച് വേദനിച്ച ആളായിരുന്നു പെലെ. തനിക്കൊപ്പം പന്തുതട്ടിയ, ഒരുനിലയിൽ തന്റെ കളിയുടെ അലകും പിടിയുമായി നിന്ന, തന്റെ കളിയുടെ അപൂർണ ഇടങ്ങളെ പൂർണതയിൽ വ്യാഖ്യാനിച്ച ഗാരിഞ്ചയുടെ ജീവിതാസക്തികളെ കുറിച്ച് അദ്ദേഹം ദുഃഖിതനായിരുന്നു. സിറിയൻ ബാലൻ ഐലൻ കുർദിയുടെ പിഞ്ചുശരീരം കടൽതീരത്ത് അടിഞ്ഞപ്പോൾ അവനെ ലോകം കൊന്നതാണെന്ന് പെലെ തുറന്നുപറഞ്ഞു.
ജീവിതത്തെ അടിമുടി സ്നേഹിച്ചു പെലെ. ആ അനുരാഗം ഫുട്ബോളിലും അദ്ദേഹം കണ്ടെത്തി. മനോഹര ഫുട്ബോൾ പോലെ സുന്ദരമായിരിക്കണം ജീവിതമെന്ന് അതുകൊണ്ടാണ് പെലെ പറഞ്ഞത്. പെലെയ്ക്കു ശേഷം പ്രതിഭയെ ധൂർത്തടിച്ച അനവധി താരങ്ങൾ ഫുട്ബോളിൽ പിറവി കൊണ്ടു. കളികൊണ്ടും കളത്തിനു പുറത്തെ വിവാദങ്ങൾകൊണ്ടും മറഡോണയടക്കമുള്ള താരങ്ങൾ ഫുട്ബോളിലെ ധൂർത്ത് പുത്രൻമാരായി നിലകൊണ്ടു. അപ്പോഴും പെലെ ഏകനായിരുന്നു.
ആ ഏകന്തത ഫുട്ബോൾ ജീവിതത്തിലുടനീളം പെലെയിൽ കാണാം. പെലെയുടെ പിൻഗാമിയായി ഒരു താരത്തെയും ആരും വിശേഷിപ്പിക്കാത്തതിന്റെ കാരണവും അതുതന്നെയായിരിക്കും. അദ്ദേഹം മൈതാനത്തു വിരിയിച്ച കളിയഴകുകൾ അനുകരണത്തിന് വിധേയപ്പെടുന്നതായിരുന്നില്ല. അത് പെലെയ്ക്കു മാത്രം സാധ്യമാകുന്നതായിരുന്നു.
കാൽപ്പന്ത് സ്തോഭ സൗന്ദര്യമാക്കിയ പെലെ
കാൽപ്പന്തിന്റെ കാവ്യമൗനമാണ്
കാൽപന്തിലെ ജീവിതാനുരാഗി...
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."