കോഴിക്കോട് സമ്മേളനത്തിലെ ജനസഞ്ചയം; വ്യക്തമായത് സമസ്തയുടെ അജയ്യ നിലപാടുകളുടെ തെളിച്ചം
കോഴിക്കോട് : വിശ്വാസി സമൂഹത്തെ വഴിതെറ്റിക്കാനോ ബാഹ്യശക്തികളുടെ ആലയത്തില്‍ തളച്ചിടാനോ ഒരു ശക്തിക്കും കഴിയില്ലെന്നതിന്റെ മുന്നറിയിപ്പായി സമസ്തയുടെ വിളികേട്ട് കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ജനങ്ങളുടെ സാന്നിധ്യം.
ചുമരഴെത്തുകളോ, പോസ്റ്ററുകളോ ഇല്ലാതെ സമൂഹമാധ്യമങ്ങളിലൂടെ മാത്രമുള്ള അറിയിപ്പുകളും വാര്‍ത്താ മാധ്യമങ്ങളിലൂടെയുള്ള പ്രഖ്യാപനവും ഹൃദയത്തിലേറ്റിയാണ് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം പ്രചാരണ പരിപാടികള്‍ നടത്തിയ സമസ്തയുടെ സമ്മേളനത്തിന് ആദര്‍ശപ്രതിരോധത്തിനായി, സ്വയം സന്നദ്ധരായി വിശ്വാസി സമൂഹം കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തിയത്.
മുജാഹിദ് സമ്മേളനം പൊതുസമൂഹത്തിലും വിശ്വാസി സമൂഹത്തിലും ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും വിശദീകരിക്കപ്പെടുന്ന സമ്മേളനത്തിനായി ജനം ഒഴുകിയെത്തിയപ്പോള്‍ കോഴിക്കോടിന്റെ ചരിത്രത്തിലിന്നോളം കാണാത്ത മഹാ സമ്മേളനമായി ആദര്‍ശ സമ്മേളനം മാറുകയായിരുന്നു.
ഞായറഴ്ച്ച ഉച്ചയ്ക്കുശേഷം കോഴിക്കോട് നഗരവുമായി ബന്ധിപ്പിക്കുന്ന ചെറിയ റോഡുകള്‍ പോലും തിരക്കിലമര്‍ന്നിരുന്നു. സമ്മേളന നഗരിയുടെ കിലോമീറ്ററുകള്‍ക്കകലെ തന്നെ രൂപപ്പെട്ട ജനസാഗരത്തില്‍ കോഴിക്കോട് ശ്വാസംമുട്ടി. നാലരമണിക്ക് ആരംഭിച്ച് 11.30 വരെ എട്ടുമണിക്കൂര്‍ ജനസാഗരം അച്ചടക്കത്തോടും ക്ഷമയോടും കൂടി സമസ്തയുടെ സാരഥികളുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ത്തു. ഇതിന് മുമ്പ് ഇങ്ങനെയൊരു സമ്മേളനം കണ്ടിട്ടില്ലെന്ന് കോഴിക്കോട്ടുകാര്‍. സമ്മേളന വേദിയിലെ അവസാന പ്രസംഗം കഴിയാറാകുമ്പോഴും ഇനിയും കേള്‍ക്കാന്‍ തയാറാണെന്ന മട്ടില്‍ വലിയൊരു പുരുഷാരം വേദിയുടെ മുന്നില്‍ കാതോര്‍ത്തിരുന്നു. ആവര്‍ത്തന വിരസതയില്ലാതെ, വിഷയാധിഷ്ഠിതമായി മാത്രം നേതാക്കളുടെ പ്രഭാഷണങ്ങള്‍ നടന്നതിനാല്‍ സമ്മേളനത്തിലെ ഓരോ മിനിറ്റുകളും ശ്രോതാക്കള്‍ക്ക് വിലപ്പെട്ട അറിവുകളായി അനുഭവപ്പെട്ടു.
ഹൃദയത്തില്‍ സമസ്തയേയും സുന്നത്ത് ജമാഅത്തിനെയും അരക്കിട്ടുറപ്പിച്ച ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ സമുദായത്തിലും സമൂഹത്തിലും സ്ഥാപിത താല്‍പര്യങ്ങളുമായി ഇറങ്ങിത്തിരിച്ചവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പു കൂടിയായി. സംഘാടകരെ പോലും ഞെട്ടിച്ച് വിദൂര ഗ്രാമങ്ങളില്‍ നിന്നും പോലും സമ്മേളനത്തിന് ജനങ്ങളെത്തിയത് വിശ്വാസി സമൂഹത്തെ നയിക്കാനും സംരക്ഷിക്കാനും സമസ്തയല്ലാതെ മറ്റൊരു അത്താണിയില്ലെന്നതിന്റെ പ്രഖ്യാപനം കൂടിയായി. കോഴിക്കോട് കടപ്പുറത്തെ ജനസഞ്ചയത്തിന് പുറമെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലക്ഷക്കണക്കിനാളുകള്‍ സമ്മേളനം മുഴുസമയം വീക്ഷിച്ചു. സുപ്രഭാതം വിഷ്വല്‍ വിഭാഗവും എസ്.കെ.ഐ.സി.ആറും സമ്മേളനം തത്സമയ പ്രക്ഷേപണം നടത്തിയിരുന്നു.
എസ്.കെ.എസ്.എസ്.എഫിന്റെ മീഡിയാ വിങ് പ്രഭാഷണങ്ങളുടെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിലും പതിനായിരങ്ങള്‍ പങ്കാളികളായി. സമ്മേളനത്തിനായെത്തുന്നവരുടെ സുഗമമായ സഞ്ചാരത്തിന് വിഖായ വളണ്ടിയര്‍മാര്‍ ഓരോ ജങ്ഷനിലും വിശ്രമമില്ലാതെ സേവന നിരതരായി. സമ്മേളനശേഷം നഗരി പൂര്‍ണമായി ശുചീകരണം നടത്തിയ ശേഷമാണ് വിഖായ പ്രവര്‍ത്തകര്‍ വീടുകളിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."