കന്യാകുമാരി ആരെ സ്വീകരിക്കും
ചെന്നൈ: ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബി.ജെ.പിക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ള തമിഴ്‌നാട്ടിലെ ഏക ജില്ല കേരളത്തോട് ചേര്‍ന്നുകിടക്കുന്ന കന്യാകുമാരി മാത്രം. മറ്റിടങ്ങളിലെല്ലാം മുന്നണി സംവിധാനത്തിന്റെ കരുത്തില്‍ മുന്നോട്ടുപോകുന്ന രണ്ടു പാര്‍ട്ടികളും ഇവിടെ ഒറ്റയ്ക്കുനിന്നു പോരാടുന്നു. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കന്യാകുമാരിയില്‍ ഇപ്പോള്‍ ബി.ജെ.പിക്കും സ്വാധീനമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ, യു.പി.എ. സഖ്യങ്ങളില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. കന്യാകുമാരി ലോക്‌സഭാംഗമായിരുന്ന കോണ്‍ഗ്രസിന്റെ എച്ച്. വസന്ത്കുമാര്‍ മരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് ബി.ജെ.പിക്ക് നല്‍കാന്‍ എ.ഐ.എ.ഡി.എം.കെ. നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഡി.എം.കെ കോണ്‍ഗ്രസിന് അവസരം നല്‍കിയതോടെ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള മത്സരത്തിന് വേദിയൊരുങ്ങുകയാണുണ്ടായത്.
എച്ച്.വസന്തിന്റെ മകനും സിനിമാതാരവുമായ വിജയ് വസന്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനാണ് ബി.ജെ.പി. സ്ഥാനാര്‍ഥി.
2008ലെ മണ്ഡല പുനര്‍നിര്‍ണത്തിനു മുമ്പുവരെ നാഗര്‍കോവില്‍ ലോക്‌സഭാ മണ്ഡലമായിരുന്ന ഇവിടെ നിന്ന് എട്ടാം തവണയാണ് പൊന്‍രാധാകൃഷ്ണന്‍ മത്സരിക്കുന്നത്. 1996 മുതല്‍ തുടര്‍ച്ചയായി മത്സരരംഗത്തുള്ള രാധാകൃഷ്ണന്‍ രണ്ട് തവണ വിജയിച്ചപ്പോള്‍ ബി.ജെ.പി. തനിച്ച് മത്സരിച്ചവ അടക്കം ബാക്കി തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്ത് എത്തി. 1999ലാണ് ആദ്യമായി വിജയിച്ചത്. പിന്നീട് 2014 തെരഞ്ഞെടുപ്പിലും ഒന്നാമതെത്തി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ വിജയം (39ല്‍ 37) നേടിയപ്പോള്‍ ബി.ജെ.പി. നേതൃത്വത്തില്‍ രൂപവത്കരിച്ച പുതിയ മഴവില്‍ സഖ്യം വിജയിച്ച രണ്ട് സീറ്റുകളില്‍ ഒന്ന് കന്യാകുമാരിയായിരുന്നു.
2014ലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ മത്സരിച്ച കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലം കന്യാകുമാരിയാണ്. അന്ന് രണ്ടാം സ്ഥാനത്തെത്തിയ എച്ച്. വസന്ത്കുമാര്‍ 2019ല്‍ കണക്കു തീര്‍ക്കുകയായിരുന്നു. രണ്ടര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പൊന്‍രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. കൊവിഡ് ബാധിച്ച് വസന്ത്കുമാര്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. നിയമസഭയിലേക്ക് 25 സീറ്റിലേക്കാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്കും മികച്ച സ്ഥാനാര്‍ഥികളുള്ള ജില്ലയാണ് കന്യാകുമാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."