ഇമ്രാൻഖാന്റെ ഭാവി തുലാസിൽ അവിശ്വാസപ്രമേയത്തിൽ ഇന്ന് ചർച്ചയ്ക്ക് സാധ്യത
ഇസ് ലാമാബാദ്
പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻഖാനും സർക്കാരിനുമെതിരേ പ്രതിപക്ഷം സംയുക്തമായി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൻമേൽ ഇന്നു ചർച്ച നടക്കും. പാർലമെന്റിൽ ചർച്ച നടന്ന് വോട്ടെടുപ്പിലേക്കു പോയാൽ ഇമ്രാൻഖാനും അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ് രീകെ ഇൻസാഫിനും അതു വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇമ്രാന്റെ സ്വന്തം പാർട്ടിയിലെ 25 പാർലമെന്റംഗങ്ങൾ ഇമ്രാൻഖാനെ എതിർത്ത് രംഗത്തെത്തിയതോടെ, വോട്ടെടുപ്പ് നടന്നാൽ അവിശ്വാസം പാസാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഭരണത്തിൽ നിന്ന് ഇമ്രാൻഖാൻ പുറത്താകും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഭരണപരാജയമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഈ മാസം എട്ടിന് പ്രതിപക്ഷ പാർട്ടികൾ സ്പീക്കർക്ക് അവിശ്വാസത്തിനു നോട്ടിസ് നൽകിയത്. പാകിസ്താൻ മുസ് ലിം ലീഗ് (നവാസ്), പാകിസ്താൻ പീപ്പിൾസ് പാർട്ടി എന്നിവരടക്കമുള്ള പ്രതിപക്ഷ പാർട്ടികളാണ് അവിശ്വാസത്തിനു പിന്നിൽ. പ്രമേയത്തിന് അനുമതി നിഷേധിക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്താൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവിശ്വാസപ്രമേയം ഇന്നു ചർച്ചയ്‌ക്കെടുത്താൽ ഈ മാസം 28നായിരിക്കും പ്രമേയത്തിൻമേൽ വോട്ടെടുപ്പ് നടക്കുകയെന്നാണ് സൂചന. ഇമ്രാന്റെ പാർട്ടിയിലെ വിമത അംഗങ്ങൾ ഇവർക്കൊപ്പം ചേരുമെന്ന് ഉറപ്പായതോടെ, ഈ പാർലമെന്റംഗങ്ങൾക്കെതിരേ സ്വന്തം പാർട്ടിക്കാർ പ്രതിഷേധവുമായെത്തിയിരുന്നു. ഇവർ നിലവിൽ പാർലമെന്റ് മന്ദിരത്തിൽ അഭയം തേടിയിരിക്കുകയാണ്. സർക്കാരിനെ പിന്തുണയ്ക്കുന്ന മറ്റു രണ്ടു പാർട്ടികളും ഇമ്രാൻഖാനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
342 അംഗ പാക് പാർലമെന്റിൽ ഇമ്രാന്റെ പാർട്ടിക്ക് 155 അംഗങ്ങളാണുള്ളത്. ഇതിൽ 25 പേർ ഇമ്രാന് എതിരാണ്. ആറു ചെറു പാർട്ടികളിലെ 24 പേരുടെ പിന്തുണ സർക്കാരിനുണ്ട്. ഇമ്രാന്റെ പാർട്ടിയിലെ വിമതരെ കൂട്ടടാതെതന്നെ പ്രതിപക്ഷത്തിന് 162 അംഗങ്ങളുടെ പിന്തുണയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."