ആഹാരവും വെള്ളവുമില്ല ആനത്താര താണ്ടി കാട്ടാനക്കൂട്ടം അണക്കെട്ടിലേക്ക്
പേപ്പാറ: വനംവകുപ്പിന്റെ വികസന പരിരക്ഷണം കടുത്തപ്പോള്‍ കാട്ടില്‍ ആഹാരവും വെള്ളവും കിട്ടാക്കനിയായി. ഇതോടെ ആനക്കൂട്ടം കൂട്ടത്തോടെ കാട് താണ്ടി അണക്കെട്ടുകളിലേക്ക് തിരിക്കുകയാണ്. കാട് താണ്ടി രാവിലെ എത്തുന്ന കാട്ടാനകള്‍ വൈകുംവരെ തീറ്റതേടും. പൊടിയം, കമലകം, കൊമ്പിടി, ചെറുമാങ്ക വഴിയാണ് കാട്ടാനകള്‍ സംഭരണി തീരത്തെത്തുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ആനക്കൂട്ടം കുഞ്ഞുങ്ങളുമായി എത്തുന്നുണ്ടെന്ന് ആദിവാസികള്‍ പറയുന്നു. പുലര്‍ച്ചെയാണ് ഇവ എത്താറുള്ളത്. ആനകളുടെ പ്രിയ ആഹാരമായ ഈറ്റക്കാടുകള്‍ ഇവിടെയുള്ളതിനാല്‍ കൂട്ടമായി എത്തുന്ന ഇവ വൈകുംവരെ ഡാം പരിസരത്തു തന്നെ ചുറ്റിയിരിക്കുകയാണ്.
അതിനിടെ തമിഴ്‌നാട്ടിലെ കാടുകളില്‍ നിന്നുവരെ ഇവിടേയ്ക്ക് ആനകള്‍ വരുന്നുണ്ടെന്ന് ആദിവാസികളായ കാണിക്കാര്‍ പറയുന്നു. അതിര്‍ത്തി വനത്തിലെ ആനകള്‍ സ്ഥിരമായി വരുന്നവഴികളായ ആനത്താരയിലൂടെയാണ് ഇവ എത്തുന്നത്. ചിലപ്പോള്‍ മാസങ്ങളോളം ഇവിടെ തങ്ങിയതിനു ശേഷമാണ് കാട്ടാനകള്‍ തിരച്ചുപോകാറുള്ളത്. അതിനിടെ ആനകള്‍ എത്തിയതോടെ വനം വകുപ്പ് ഇവിടെ പ്രത്യേക നീരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."