പാചകവാതകത്തിന് കൂട്ടിയത് 50 രൂപ, ഇന്ധന വില ഇന്നു രണ്ടുതവണ കൂട്ടി; എന്നും വിലകൂടും; ഇനി ദുരന്ത ജീവിതം
തിരുവനന്തപുരം: എല്ലാം തോന്നിയപോലെയായിരിക്കുന്നു രാജ്യത്ത്. ഒന്നിനുമില്ല വ്യവസ്ഥ. കേരളത്തില്‍ കെ.റെയിലിനെതിരേയുള്ള പ്രതിഷേധം ആളിപ്പടരുമ്പോഴും സര്‍ക്കാര്‍ ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നു. വായയില്‍ തോന്നുന്നതെല്ലാം കോതക്കുപാട്ടെന്ന പോലെയാണ് ചില നേതാക്കളുടെ പ്രതികരണം. വിമോചന സമരമെന്നും തീവ്രവാദികളാണ് സമരത്തിനുപിന്നിലെന്നും ആരോപിച്ചവര്‍ ഇപ്പോള്‍ കിടിപ്പാടം നഷ്ടപ്പെടുന്ന ഭീതിയില്‍ പ്രതിഷേധിക്കുന്നവരെ വിവരദോഷികളെന്നു വിളിച്ചപമാനിക്കുന്നു.
ബസ് ചാര്‍ജ്, ടാക്‌സി, ഓട്ടോ ചാര്‍ജ് നിരക്ക് ഭീമമായ തോതിലാണ് ഉയര്‍ത്താന്‍ പോകുന്നത്. ഇന്ധനവിലയും തോന്നിയപോലെ കൂട്ടുന്നു. ഇന്നു മാത്രം രണ്ടു തവണ വിലകൂട്ടി.
നാളെയും ഇന്ധന വില വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും, ഡീസലിന് ഒരു ലിറ്ററിന് 84 പൈസയുമായാണ് നാളെ വര്‍ധിക്കുക. ഇന്ന് രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടുന്നത്. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്.
ഇന്ധന വിലവര്‍ധനവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്ന് പാര്‍ലമെന്റ് സ്തംഭിച്ചു. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി. പാര്‍ലമെന്റിന് പുറത്തും പ്രതിഷേധമിരമ്പി.
അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞുവല്ലോ. അതുവരേ മാത്രമായിരുന്നു എണ്ണവില വര്‍ധന സര്‍ക്കാര്‍ മരവിപ്പിച്ചുനിര്‍ത്തിയിരുന്നത്. അന്ന് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയില്‍ വില. ഇപ്പോള്‍ 118 ഡോളറിനരികെയാണ്. വില പതുക്കെ കൂട്ടുകയാണ് കമ്പനികള്‍. എല്ലാ മേഖലയിലും വില ഉയരുന്നതോടെ ജനജീവിതം ദുസഹമാകും. അപ്പോഴും ഇന്ധനവില പിടിച്ചുനിര്‍ത്താനോ വിലക്കയറ്റം നിയന്ത്രിക്കാനോ കേരളത്തിലോ കേന്ദ്രത്തിലോ ഒരുഇടപെടലും ഉണ്ടാകുന്നില്ല. എല്ലാ വിലക്കുകകളും വിലങ്ങുകളും ജനങ്ങളുടെമേലില്‍ അടിച്ചമര്‍ത്തി അക്രമം അഴിച്ചുവിടാനാണ് അധികാരികളുടെ ശ്രമം.
എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. വരും ദിവസങ്ങളിലും വില വര്‍ധനയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."