സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാദം പൊളിയുന്നു; അതിരടയാളക്കല്ല് നിയമവിരുദ്ധം
തിരുവനന്തപുരം: ജനിച്ചു വളര്‍ന്ന വീടിനും മണ്ണിനും വേണ്ടി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തി സില്‍വര്‍ ലൈനുവേണ്ടി അതിരടയാളക്കല്ലുകള്‍ ഇടുന്നത് നിയമവിരുദ്ധമായി. സാമൂഹികാഘാത പഠനത്തിനായി അതിരുകള്‍ നിശ്ചയിക്കാന്‍ വേണ്ടിയാണ് സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതെന്നാണ് സര്‍ക്കാരിന്റെയും കെ റെയിലിന്റെയും വാദം.
എന്നാല്‍ പദ്ധതിക്കുള്ള ഭൂമിസര്‍വേയ്ക്കായി കല്ലുകള്‍ സ്ഥാപിക്കണമെന്ന് കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടില്‍ എവിടെയും പരാമര്‍ശമില്ല. ഭൂമി അടയാളപ്പെടുത്തി എന്തെങ്കിലും മാര്‍ക്കിങ് വേണമെന്നു മാത്രം നിയമത്തില്‍ പറയവേയാണ് ജനങ്ങളെ ബലം പ്രയോഗിച്ച് വലിച്ചിഴച്ചുള്ള കല്ലിടല്‍ സംസ്ഥാനത്ത് അരങ്ങേറുന്നത്.
ഏതു പദ്ധതിയുടെയും സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം നടത്തി സര്‍ക്കാരിന് സര്‍വേ നടത്താമെന്ന് കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിന്റെ സെക്ഷന്‍ 4, 6 വ്യക്തമാക്കുന്നു. ഇതു ദുര്‍വ്യാഖ്യാനിച്ചാണ് കല്ലിടല്‍ തുടരുന്നത്. ഇപ്പോള്‍ കേരളമാകെ ചെയ്യുന്ന തുപോലെ കല്ലുകള്‍ സ്ഥാപിക്കണമെന്ന് നിയമത്തില്‍ ഒരിടത്തും പരാമര്‍ശമില്ല.
സാമൂഹികാഘാത പഠനം നടത്തേണ്ട പ്രദേശം ഉചിതമായി അതിര് തിരിച്ചു മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് മാത്രമാണ് നിയമത്തിലുള്ളത്.
അതു മഞ്ഞ നിറത്തിലുള്ള ഗുണനചിഹ്നമോ വരകളോ മതിയെന്നാണ് റവന്യ അധികൃതര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്. ഇതും ആ പ്രദേശത്തെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. ജനങ്ങളെ ബോധ്യപ്പെടുത്താതെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നിരത്തുന്ന ഒരോ ന്യായങ്ങളും പൊളിയുകയാണ്.
സാമൂഹികാഘാത പഠനവും പബ്ലിക്ക് ഹിയറിങും വിദഗ്ധസമിതിയുടെ പഠനവും ഏറ്റെടുക്കുന്ന സ്ഥലം വ്യക്തമാക്കിയുള്ള നോട്ടിഫിക്കേഷനും ഇറങ്ങിക്കഴിഞ്ഞു മാത്രമേ 2013ലെ കേന്ദ്ര നിയമം അനുസരിച്ച് സര്‍വേ നടത്താന്‍ കഴിയൂ.
നിയമം ഇങ്ങനെ
സാമൂഹികാഘാത പഠനത്തിനായി അതതു പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് വിജ്ഞാപനം ഇറക്കണം
പഠനത്തിന്റെ ലക്ഷ്യങ്ങളും തീയതിയും വ്യക്തമാക്കണം
പദ്ധതി ബാധിക്കുന്ന മേഖലകളില്‍ വിജ്ഞാപനം പ്രാദേശിക ഭാഷയില്‍ റവന്യൂ വകുപ്പ് വിതരണം ചെയ്യണം
സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കണം
ചെയ്യുന്നത് ഇങ്ങനെ
ചര്‍ച്ചയുമില്ല, വിജ്ഞാപനവുമില്ല
ലക്ഷ്യം വേഗതയേറിയ ട്രെയിന്‍ സര്‍വിസ് എന്നു മാത്രം, തീയതി പറയുന്നുമില്ല
വെബ്‌സൈറ്റിലെന്നല്ല എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."