തളങ്കര സ്‌കൂള്‍ ഇനി കാമറക്കണ്ണില്‍
തളങ്കര: തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇനി കാമറ കണ്ണില്‍. സ്‌കൂള്‍ പരിസരത്തും ക്ലാസ് മുറികളിലും കളിസ്ഥലത്തുമായി 15 സി.സി.ടിവി കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂളിലെ അച്ചടക്കം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെയും ബാഹ്യശക്തികളുടെ ഇടപെടലുകള്‍ തടയുന്നതിന്റെയും ഭാഗമായാണു കാമറകള്‍ സ്ഥാപിച്ചതെന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കാമറകള്‍ സ്ഥാപിച്ചതോടെ ക്ലാസുമുറികളിലെ വിദ്യാര്‍ഥികളുടെ പഠനവും സ്‌കൂള്‍ പരിസരത്തെ ഇടപെടലും ഇനി സ്‌കൂള്‍ അധികൃതര്‍ക്കു നേരിട്ടു കാണാന്‍ പറ്റും. കാമറ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സ്‌കൂളിലെ 1999-2001 വി.എച്ച്.എസ്.ഇ ബാച്ച് വിദ്യാര്‍ഥികള്‍ സംഭാവന ചെയ്ത സി.സി.ടി.വി കാമറയാണ് പി.ടി.എ കമ്മിറ്റി സ്‌കൂളില്‍ സ്ഥാപിച്ചത്. ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഷഫീഖ് ചെങ്കളം അധ്യക്ഷനായി.
പി.ടി.എ പ്രസിഡന്റ് കെ.എ.എം ബഷീര്‍, പഴയകാല വി.എച്ച്.എസ്.ഇ അധ്യാപകരായ ബാലകൃഷ്ണന്‍ ചെര്‍ക്കള, മജീദ് ചെമ്പരിക്ക, ലിനി പി തോമസ്, അബൂബക്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, സ്‌കൂള്‍ ഒ.എസ്.എ പ്രസിഡന്റ് യഹ്‌യ തളങ്കര, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എം അബ്ദുല്‍ റഹ്മാന്‍, അഡ്വ. വി.എം മുനീര്‍, ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസ്‌രിയ ഹമീദ്, നഗരസഭാംഗം റംസീന റിയാസ്, എരിയാല്‍ ഷരീഫ്, മൂസ കെ.കെ പുറം, മനോജ്, ശ്യാം, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.എച്ച് അഷ്‌റഫ്, അബ്ബാസ് മലബാര്‍, മുഹമ്മദ് ഖാസിയാറകം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."