അഞ്ചുവര്‍ഷത്തിനിടെ വേങ്ങരക്കാര്‍ വോട്ടുചെയ്യാനെത്തുന്നത് ഇത് ആറാം തവണ!
വേങ്ങര: അഞ്ചു വര്‍ഷത്തിനിടെ വേങ്ങര മണ്ഡലത്തിലുള്ളവര്‍ പോളിങ് ബൂത്തിലെത്തുന്നത് ഇത് ആറാം തവണ.2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉപതെരഞ്ഞെടുപ്പുകളും മറ്റും ഒന്നിന് പിറകെ ഒന്നായി വന്നതോടെയാണ് വേങ്ങരക്കാര്‍ക്ക് ഈ അപൂര്‍വ അവസരം കൈവന്നത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി 38,237വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആണ് ഇവിടെനിന്ന് വിജയിച്ചത്.
മികച്ച ലോക്‌സഭാ സാമാജികനായിരുന്ന ഇ അഹമ്മദിന്റെ വിയോഗത്തെത്തുടര്‍ന്ന് 2017ല്‍ വന്ന മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ആയിരുന്നു അടുത്തത്. പി. കെ കുഞ്ഞാലിക്കുട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.പി ഫൈസലിനെ പരാജയപ്പെടുത്തി ലോക്‌സഭാംഗമായ ആ തെരഞ്ഞെടുപ്പും വേങ്ങരയെ ഏവരും ഉറ്റുനോക്കുന്ന മത്സര ഭൂമിയാക്കി.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലോക്‌സഭാ അംഗത്വത്തെ തുടര്‍ന്ന് 2017 ല്‍ തന്നെ വേങ്ങരയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പും വേണ്ടിവന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. എന്‍. എ ഖാദര്‍ 23,310 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എല്‍.ഡി.എഫിലെ പി.പി ബഷീര്‍ ആയിരുന്നു പ്രധാന എതിരാളി. 2019ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലാകട്ടെ പി. കെ കുഞ്ഞാലിക്കുട്ടി, വി. പി സാനു എന്നിവരായിരുന്നു ഇടതു-വലതു സ്ഥാനാര്‍ഥികള്‍. പിന്നീട് 2020ലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഒരിക്കല്‍കൂടി വേങ്ങരക്കാര്‍ പോളിങ് ബൂത്തിലെത്തി.
ഇത്തവണ പി. കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനേയും അഭിമുഖീകരിക്കുകയാണ് വേങ്ങരയിലെ വോട്ടര്‍മാര്‍ എന്ന പ്രത്യേകതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."