സാമ്പത്തിക പ്രതിസന്ധി: വേണ്ടത് ധനകാര്യത്തില്‍ അഴിച്ചുപണി
സംസ്ഥാനത്ത് സംഭവിക്കുന്നത്
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തില്‍ നികുതികള്‍ വര്‍ധിപ്പിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ശ്രമം വൃഥാവിലാകാനാണ് സാധ്യത. കാരണം ജനങ്ങളുടെ വാങ്ങല്‍ ശേഷി അങ്ങേയറ്റം കുറഞ്ഞിരിക്കുന്നു. വേണ്ടത് ധനകാര്യത്തില്‍ അടിമുടിയുള്ള അഴിച്ചുപണിയാണ്. അതിനുപകരം താല്‍കാലികമായ ചില പരിഹാരമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. യഥാര്‍ഥത്തില്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്. കഴിഞ്ഞ പേ റിവിഷന്‍ വഴിയായിട്ട് ഏകദേശം 53 ശതമാനമാണ് ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചത്. ഇതുമൂലം ഉണ്ടായ ബാധ്യതയാണ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്.
ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ എന്നത് മാറ്റി 10 വര്‍ഷം ആകുമ്പോള്‍ മതിയെന്ന മുന്‍ ശമ്പള കമ്മിഷനുകളുടെ ശുപാര്‍ശ അംഗീകരിക്കാതെയാണ് തുടര്‍ഭരണം ഉറപ്പാക്കുകയെന്ന ലക്ഷ്യം വച്ച് ശമ്പള പെന്‍ഷന്‍ പരിഷ്‌കരണം നടത്തിയത്. ഇതാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. കൊവിഡിന്റെയും പ്രളയത്തിന്റെയും കാരണം പറഞ്ഞ് സര്‍ക്കാരിന് മാറ്റി വയ്ക്കാമായിരുന്നു. എന്നാല്‍, എങ്ങനെയും അധികാരം എന്ന പ്രലോഭനമാണ് ഇത്തരത്തില്‍ പ്രതിസന്ധിക്ക് കേരളത്തെ കൊണ്ടെത്തിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെന്‍ഷന്‍ ബാധ്യതയുള്ള സംസ്ഥാനം കേരളമാണ്. 2021-22ലെ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ മൊത്ത വരുമാനത്തിന്റെ 22.87 ശതമാനം പെന്‍ഷനുവേണ്ടി മാറ്റിവയ്ക്കുന്നു. 19 സംസ്ഥാനങ്ങളുടെ ശരാശരിയെന്നു പറയുന്നത് 12.23 ശതമാനം മാത്രമാണ്.
ധനകാര്യത്തില്‍
പുനഃക്രമീകരണം വേണം
യാതൊരുവിധ നികുതികളും കൂട്ടാതെ നിലവിലുള്ള ധനകാര്യത്തില്‍ പുനഃക്രമീകരണം നടത്തി നിലവിലെ ധനകാര്യ പ്രതിസന്ധി മറികടക്കാന്‍ വഴികളുണ്ട്. 27,000 കോടി പെന്‍ഷന്‍ നല്‍കുന്നത് രണ്ടു ശതമാനത്തിനാണ് പോകുന്നത്. മുഴുവന്‍ പെന്‍ഷന്‍കാരെയും പങ്കാളിത്ത പെന്‍ഷനിലേക്കുകൊണ്ടു വരിക. ഇതിലൂടെ പെന്‍ഷന്‍ ബാധ്യത മൂന്നിലൊന്നായി കുറയും. ഈ മിച്ചം ഉപയോഗിച്ച് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൂട്ടാം. നിലവിലുള്ള 1,600 എന്നത് 4,500 ആയി വര്‍ധിപ്പിച്ചാല്‍ അത് ഉടനെ പ്രാദേശിക വിപണികളില്‍ എത്തും. ഷെയര്‍ മാര്‍ക്കറ്റിലോ മ്യൂച്ചല്‍ ഫണ്ടിലോ ബാങ്ക് ഡെപ്പോസിറ്റുകളിലോ പോകുകയുമില്ല. 50,000വും ഒരുലക്ഷത്തിലധികവും പെന്‍ഷന്‍ വാങ്ങുന്ന ആയിരക്കണക്കിന് പേര്‍ കേരളത്തിലുണ്ട്. പക്ഷേ ഈ നല്‍കുന്ന പണം വിപണിയില്‍ എത്തുന്നില്ല. അത് മ്യൂച്ചല്‍ ഫണ്ടുകളിലും ബാങ്ക് ഡെപ്പോസിറ്റുകളിലുമാണ് പോകുന്നത്. മാത്രവുമല്ല അവര്‍ക്ക് പെന്‍ഷനു പുറമേ മറ്റു വരുമാന മാര്‍ഗങ്ങളുമുണ്ട്. പെന്‍ഷന്‍കാര്‍ ഉപഭോഗത്തില്‍ നിന്നും പിന്‍മാറിയവരാണ്. അവര്‍ക്ക് കൂടുതൽ ചെലവാക്കേണ്ടി വരില്ല. കെട്ടിട, തൊഴില്‍, വെള്ളക്കര വര്‍ധനവ് പാവപ്പെട്ടവരെയും പുറമ്പോക്കില്‍ കഴിയുന്നവരെയും എങ്ങനെ ഒഴിവാക്കാമെന്നുള്ളതിന് പരിഹാരം 1000 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കോണ്‍ഗ്രീറ്റ് വീടുകളെ ഗ്രാമപ്രദേശങ്ങളിലെങ്കിലും ഒഴിവാക്കണം. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മാസ ശമ്പളക്കാരായവര്‍ക്ക് മാത്രം തൊഴികരം വര്‍ധിപ്പിക്കുക. നിര്‍ധനരെ ഒഴിവാക്കുക. വെള്ളക്കരത്തില്‍ ഒരു പരിധിവരെ ഒഴിവാക്കണം. സംസ്ഥാനത്തിന്റെ മൊത്തം തനതു വരുമാനത്തിന്റെ 61 ശതമാനം നാലിനങ്ങളില്‍ നിന്നാണ്. പെട്രോള്‍, മദ്യം, ലോട്ടറി, മോട്ടോര്‍ വാഹനങ്ങള്‍.
ക്ഷേമപെന്‍ഷനുകള്‍ കൂട്ടണം
വിപണിയില്‍ നിന്ന് ലോട്ടറി, മദ്യം, ഇന്ധനം തുടങ്ങിയവയിലൂടെ സാധാരണക്കാരില്‍ നിന്ന് സമാഹരിക്കുന്ന വിഭവങ്ങള്‍ കേരളത്തിലെ മധ്യ വര്‍ഗത്തിനും സമ്പന്നര്‍ക്കും കൊടുക്കുന്ന സംവിധാനമായിട്ട് ധനകാര്യം മാറിയിരിക്കുന്നു. ഒരു ഓട്ടോ തൊഴിലാളി പെട്രോളിന് 30 ശതമാനം നികുതി നല്‍കുന്നു. അയാള്‍ മദ്യപാനി ആണെന്നുണ്ടെങ്കില്‍ വാങ്ങുന്ന മദ്യത്തിന്റെ നികുതി 251 ശതമാനം, അയാള്‍ ലോട്ടറി എടുക്കുന്നുണ്ടെങ്കില്‍ അതിനും നികുതി. പിന്നെ സ്വന്തം ഓട്ടോയാണെങ്കില്‍ അതിനും നികുതി. അതായത് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നികുതിയേക്കാളും കൂടുതലായിരിക്കും. ഇത്തരത്തിലുള്ള നികുതിഘടനായാണ് സംസ്ഥാനത്തെ ഒരു പ്രശ്‌നം. നികുതിഘടന വിപുലീകരിക്കുന്നതിനു വേണ്ടി വിവിധ ശ്രോതസുകളില്‍ നിന്ന് നികുതി വര്‍ധിപ്പിച്ച് വരുമാനം കൂട്ടണം. ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതില്‍ മാറ്റം വരുത്തിയാല്‍ ഓരോ പ്രദേശത്തെയും പ്രാദേശികമായ ഉപഭോഗം വര്‍ധിക്കും. പ്രദേശികമായി ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ ഡിമാന്റും വര്‍ധിക്കും.
കടകളില്‍ കച്ചവടം കൂടും. അതോടുകൂടി ചരക്ക് നീക്കം കുതിച്ചുയരും. ഇതില്‍ കൂടിയുള്ള നികുതി വരുമാനം സര്‍ക്കാര്‍ ഖജനാവില്‍ എത്തും. കേരളത്തിലെ സമ്പദ് വ്യവസ്ഥ ആകെ ഉണരും. ഇത്തരത്തില്‍ സര്‍ക്കാരിനെ ചിന്തിക്കാന്‍ നിരുത്സാഹപ്പെടുത്തുന്നത് സര്‍വിസ് സംഘടനകളുടെ വോട്ട് ബാങ്കാണ്. അവര്‍ ഒരിക്കലും ഇത്തരം മാറ്റങ്ങള്‍ക്ക് വേണ്ടി വാദിക്കില്ല. അതിന് പകരമായിട്ട് പങ്കാളിത്ത പെന്‍ഷന്‍ തന്നെ വേണ്ടെന്ന് വച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പരിധിയില്‍ കൊണ്ടുവരണമെന്ന വാദം ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. ഇതാണ് കേരള ധനകാര്യത്തെ സംബന്ധിച്ച് അടിസ്ഥാനപരമായി വേണ്ട പരിഹാരം.
സാര്‍വത്രിക പെന്‍ഷന്‍
നടപ്പാക്കണം
സാര്‍വത്രിക പെന്‍ഷന്‍ എന്നത് വിദേശ രാജ്യങ്ങളിലെ നികുതി സമ്പ്രദായമാണ്. അവിടെ അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളും അവരുടെ വരുമാനത്തിന്റെ ചെറിയ ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയാണ്. അങ്ങനെ എല്ലാവരും പെന്‍ഷന് അര്‍ഹരാകും. നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന പ്രത്യേക പരിഗണനയാണ് പെന്‍ഷന്‍. ഇത് മാറ്റിവച്ച ശമ്പളമാണ്. എന്നാല്‍ ഒരു പൈസ പോലും മാറ്റിവയ്ക്കാതെ ഇന്ന് 30 വര്‍ഷം മുമ്പ് പിരിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കുകയാണ്.
30 വര്‍ഷം സേവനം ചെയ്ത് പിരിയുന്നവര്‍ക്ക് അവസാന ശമ്പളത്തിന്റെ പകുതിയാണ് പെന്‍ഷനായി നല്‍കുന്നത്. അതോടൊപ്പം ക്ഷാമബത്ത, ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പരിഷ്‌കരിക്കണം. ഇപ്പോള്‍ പലരും പെന്‍ഷന്‍ വാങ്ങുന്നത് അവസാനമായി ശമ്പളത്തിന്റെ മൂന്നിരട്ടി വരെയാണ്. ഇത് അധാര്‍മികമാണ്. ഇത് അവര്‍ക്ക് കിട്ടുന്നത് ശമ്പളം തന്നെയാണ്. ശമ്പളത്തില്‍ നിന്ന് മാറ്റിവയ്ക്കാതെ അങ്ങനെ സങ്കല്‍പ്പിച്ച് കൊണ്ട് ഇന്നത്തെ വരുമാനത്തിന്റെ രണ്ടുശതമാനം മാത്രം വരുന്ന സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് 27,000 കോടി, അതായത് മൊത്തം വരുമാനത്തിന്റെ 22.87 ശതമാനം കൊടുക്കുക എന്നുപറഞ്ഞാല്‍ യാതൊരുവിധ സാമ്പത്തിക ശാസ്ത്രയുക്തിയുമില്ലാത്ത സംവിധാനമാണ്.
പ്രാദേശിക അസമത്വങ്ങള്‍
നിലനിൽക്കുന്നു
ധനകാര്യം വലിയ അസമത്വമാണ് സമൂഹത്തില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ശമ്പളവും പെന്‍ഷനുമായി പോകുന്നതില്‍ 75 ശതമാനവും മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ്. കേരളത്തില്‍ 44 ശതമാനം വരുന്ന ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മേഖലയില്‍ പോകുന്നത് വെറും 25 ശതമാനം മാത്രമാണ്. ഇപ്പോഴാകട്ടെ മലബാറില്‍ പോകുന്ന പൊതുവിഭവങ്ങള്‍ 22 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രാദേശികമായ അസമത്വങ്ങള്‍ സൃഷ്ടിക്കുന്ന ധനകാര്യം അഴിച്ചു പണിയാനുള്ള അവസരമായിട്ട് ധന പ്രതിസന്ധി കാണുന്നതിന് പകരം നികുതികള്‍ വര്‍ധിപ്പിച്ച് നിലവിലെ സംവിധാനം അതേപടി നിലനിര്‍ത്താന്‍ കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കടമെടുക്കാന്‍ കേന്ദ്രം തടയിട്ടത് കൊണ്ടാണ് ഇത്തരത്തിലുള്ള പരിഹാരത്തിന് പോയത്.
ബജറ്റില്‍ ഊന്നല്‍ നൽകേണ്ടത്
മധ്യവര്‍ഗത്തില്‍ നിന്നും സമ്പന്നരില്‍ നിന്നും കൂടുതല്‍ വിഭവങ്ങള്‍ സംഭരിക്കുക എന്നതാണ്. ഇന്ന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ കൂറ്റന്‍ സബ്‌സിഡികള്‍ പോകുന്നത് മധ്യ വര്‍ഗത്തിനാണ്. മെഡിക്കല്‍, വിദ്യാഭ്യാസ മേഖലകളില്‍ പഠിക്കുന്നതില്‍ അധികവും സമ്പന്നരുടെയും മധ്യവര്‍ഗത്തിന്റെയും മക്കളാണ്. ഇവിടങ്ങളില്‍ ഫീസ് വര്‍ധിപ്പിച്ചാല്‍ 4,000 കോടിവരെ സംഭരിക്കാന്‍ കഴിയും. ഇപ്പോള്‍ 700 കോടിയില്‍ താഴെ മാത്രാണ് ഖജനാവില്‍ എത്തുന്നത്. 1970കളില്‍ നിലനിന്ന ഫീസുകള്‍ ക്രമമായി വര്‍ധിപ്പിക്കണമായിരുന്നു. ഇതുവരെയും വര്‍ധിപ്പിക്കാതിരുന്ന ഫീസുകള്‍ പെട്ടെന്ന് വര്‍ധിപ്പിക്കുമ്പോള്‍ ജനങ്ങള്‍ എതിരാകും. പാവപ്പെട്ടവരെ ഒഴിവാക്കിയാകണം തൊഴില്‍ നികുതിയും ഭൂനികുതിയൊക്കെ വര്‍ധിപ്പിക്കാന്‍. സാധാരണ ജോലി ചെയ്യുന്നവരുടെ തൊഴില്‍ നികുതിയാണ് വര്‍ധിക്കുന്നതെങ്കില്‍ സാധാരണക്കാരുടെ ഉപഭോഗം വീണ്ടും കുറയ്ക്കും. അത് വിപണിയെ മാത്രമല്ല നികുതി വരുമാനം വഴി സര്‍ക്കാര്‍ ഖജനാവിനെയും ബാധിക്കും. മറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബാങ്ക് ജീവനക്കാര്‍, മറ്റു പ്രെഫഷനലുകള്‍ എന്നിവര്‍ക്ക് കൂട്ടിയാല്‍ അത് വിപണിയില്‍ കാര്യമായി ബാധിക്കില്ല.
സാമ്പത്തിക അച്ചടക്കം
സാമ്പത്തിക അച്ചടക്കം തീരെയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ധൂര്‍ത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കെ.വി തോമസിനെ നിയമിച്ചത് ഉദാഹരണമായി എടുക്കാം. മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്ത് ഉണ്ടാകുമ്പോള്‍ ഭരണാധികാരികള്‍ വിദേശത്തേക്ക് ചികിത്സയ്ക്കായി പറക്കുന്നു. ഭരണാധികാരികള്‍ അധികം സാമ്പത്തിക ബാധ്യതയില്ലാത്ത മേഖലകളില്‍ ചെലവിടാന്‍ നോക്കുക. ഉയര്‍ന്ന തലത്തില്‍ തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല സാധാരണ ജനങ്ങളുടെ ഇടയില്‍ പോലും സാമ്പത്തിക അച്ചടക്കത്തിന്റെ സന്ദേശം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."