ലയിക്കേണ്ടത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലെന്ന് മോദിക്ക് മറുപടിയുമായി ചെന്നിത്തല
തിരുവനന്തപുരം: ലയിക്കേണ്ടത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലെന്ന് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍.എസ്.എസ് നേതാവാണല്ലോ.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തത്.? അത് നിഷേധിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് പിണറായി സര്‍ക്കാരും ശ്രമിക്കുന്നത്. ആ നിലയ്ക്കും ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫും ഇരട്ട പെറ്റ മക്കളാണെന്നും അതിനാല്‍ കോണ്‍ഗ്രസും സി.പി.എമ്മും ലയിക്കണമെന്നും സി.സി.പി എന്ന പേര് സ്വീകരിക്കണമെന്നുമായിരുന്നു കഴക്കൂട്ടത്ത് മോദിയുടെ പരിഹാസം.
ശക്തമായ സാക്ഷിമൊഴികളുണ്ടയിട്ടും സ്വര്‍ണ്ണക്കടത്ത് കേസും ഡോളര്‍ക്കടത്ത് കേസും ഫ്രീസറില്‍ കയറ്റിയതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം. കേരളത്തെ നിരന്തരമായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് പുലമ്പുന്നത് വലിയ തമാശയാണ്. ശബരിമല ഭക്തരെക്കുറിച്ച് അദ്ദേഹം കണ്ണീരൊഴുക്കുന്നതും ജനത്തെ കബളിപ്പിക്കാനാണ്. മുന്‍പ് ഇവിടെ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാനമന്ത്രി ഓര്‍ക്കുന്നുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."