അനിയന്ത്രിത തോക്ക്: യു.എസ് നേരിടുന്ന ആഭ്യന്തര ഭീഷണി
യു.എസ് ജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായി തോക്കുകൊണ്ടുള്ള അക്രമങ്ങൾ മാറിയിട്ട് വർഷങ്ങളായി. ഈയിടെ ഇതിന്റെ തോത് വളരെയധികം കൂടിയിട്ടുണ്ട്. തോക്കു നിയന്ത്രണ നിയമം കൊണ്ടുവരാനുള്ള നീക്കം യു.എസിൽ രാഷ്ട്രീയമായി ചെറുത്തുതോൽപ്പിക്കപ്പെട്ടതാണ്. ഇപ്പോൾ തോക്കു ഉപയോഗത്തിന്റെ കെടുതികളും വെല്ലുവിളികളും അനുഭവിക്കുന്നു.
ഏതു ചെറിയ കാര്യത്തിനും സുരക്ഷാപേടിയുള്ള അമേരിക്കൻ ജനതയ്ക്ക് പക്ഷേ തോക്ക് കൊണ്ടുനടക്കുന്നത് സുരക്ഷാഭീഷണിയായല്ല സുരക്ഷിതമായാണ് തോന്നിയത്. നേരത്തെ, തോക്കുപയോഗിച്ചുള്ള ചെറിയ അക്രമ സംഭവങ്ങളാണ് യു.എസിൽനിന്ന് കേട്ടിരുന്നതെങ്കിൽ ഇപ്പോൾ കൂട്ടക്കൊലയായി മാറിയിരിക്കുന്നു. ഈ വർഷം 39 കൂട്ടവെടിവയ്പ് കേസുകൾ റിപ്പോർട്ടു ചെയ്തു. നാലോ അതിലധികമോ പേർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്ത സംഭവങ്ങളെയാണ് കൂട്ടവെടിവയ്പ് ഗണത്തിൽ പെടുത്തിയത്. കഴിഞ്ഞ വർഷം ഇത്തരം 647 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2014ൽ 273 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2015 മുതൽ ആക്രമണങ്ങളുടെ എണ്ണം കൂടി. 336 കേസുകൾ 2015ലും 383 കേസുകൾ 2016ലും റിപ്പോർട്ട് ചെയ്തു. 2017 മുതൽ നിരക്കിൽ വലിയ അന്തരം കണ്ടുതുടങ്ങി. ആ വർഷം 417 ആയി ഉയർന്നു. 2020 മുതൽ 600 ന് മുകളിലും എത്തി. കഴിഞ്ഞ മൂന്നു വർഷമായി പ്രതിദിനം രണ്ടോ മൂന്നോ കൂട്ടവെടിവയ്പു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2017ൽ ലാസ് വേഗാസിൽ 50 പേരെ കൊലപ്പെടുത്തുകയും 500 പേർക്ക് പരുക്കേൽക്കുകയും ചെയ്ത കൂട്ടവെടിവയ്പാണ് ഇതിൽ ഏറ്റവും വലുത്.
2020ൽ യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച് യു.എസിൽ 45,222 പേർ കൊല്ലപ്പെട്ടു. 2019നെ അപേക്ഷിച്ച് തോക്കുകൊണ്ടുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ 2020ൽ 34 ശതമാനത്തിന്റെ വർധനവുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 75 ശതമാനം കൂടുതലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യു.എസുകാരാണ് പെട്ടെന്നുള്ള ക്ഷോഭത്തിനുപോലും തോക്കെടുത്ത് വെടിവയ്ക്കുന്നവരിൽ മുന്നിൽ. 2020ൽ യു.എസിൽ തോക്ക് ആക്രമണം മൂലമുള്ള കൊലപാതകത്തിൽ 79% വർധന രേഖപ്പെടുത്തിയപ്പോൾ ബ്രിട്ടനിൽ ഇക്കാലയളവിൽ നാലും കാനഡയിൽ 37 ഉം ആസ്‌ത്രേലിയയിൽ 13 ശതമാനവും മാത്രമാണ് വർധനവ്.
2011ൽ യു.എസിൽ 100 വീട്ടുകാരിൽ 88 തോക്കുകളുണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 120.5 തോക്കുകളായി ഉയർന്നു. സ്വീഡൻ ഏജൻസി നടത്തിയ സർവേയിൽ യു.എസിൽ 2018ൽ 39000 ലക്ഷം തോക്കുകളുണ്ടെന്നാണ് കണക്ക്. യു.എസിൽ 100 വീടുകളിൽ 120.5 തോക്കുകൾ ഉണ്ടെങ്കിൽ യമനിൽ 100 വീടുകളിൽ 52.1 ഉം സെർബിയയിൽ 39.1ഉം കാനഡയിൽ 34.7 ഉം തോക്കുകളാണുള്ളത്.
തോക്കുകൾ സുരക്ഷയാണെന്ന ചിന്തയിൽനിന്ന് ഭീഷണി എന്നതിലേക്ക് അമേരിക്കക്കാർ മാറിയിട്ടുണ്ട്. 57 ശതമാനം യു.എസുകാരും ഇപ്പോൾ കർശന തോക്കുനിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുന്നു. 10 ശതമാനം പേർ നിയന്ത്രണം വേണ്ടെന്നു പറയുമ്പോൾ 32 ശതമാനം പേർ ഇപ്പോഴത്തെ സ്ഥിതി തുടരട്ടെ എന്നാണ് സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് പാർട്ടിക്ക് യു.എസിൽ തോക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമില്ല. നേരത്തെ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയാണ് തോക്കു നിയന്ത്രണത്തിനെതിരേ രംഗത്തുവന്നത്. ഡെമോക്രാറ്റിക് പാർട്ടിയിലെ 91 ശതമാനം പേർക്കും തോക്ക് നിയന്ത്രിക്കണമെന്ന അഭിപ്രായമാണുള്ളത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ 24 ശതമാനം പേർ ഇപ്പോൾ തോക്കു നിയന്ത്രണത്തോട് അനുകൂല സമീപനവും സ്വീകരിക്കുന്നുണ്ട്.
സ്വതന്ത്ര വോട്ടർമാരിൽ 45 ശതമാനവും തോക്കു നിയന്ത്രണത്തിന് അനുകൂലമാണ്. കാലിഫോർണിയ പോലുള്ള ചില യു.എസ് സംസ്ഥാനങ്ങളിൽ ഇതിനകം തോക്കുനിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. യു.എസിലെ തോക്കുലോബി എന്നറിയപ്പെടുന്ന നാഷനൽ റൈഫിൾ അസോസിയേഷൻ(എൻ.ആർ.എ) തോക്കു നിയന്ത്രണത്തിന് ശക്തമായി എതിരാണ്. 50 മില്യൻ ഡോളർവരെ അവർ പ്രതിവർഷം യു.എസിൽ തോക്ക് നിയന്ത്രണം തടയാൻ ഇറക്കുന്നുണ്ട്.
അമേരിക്കയിൽ തോക്ക് സർവസാധാരണമാണെങ്കിലും മറ്റു പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ആക്രമണങ്ങൾ കൂടുന്നുണ്ടെന്നതാണ് ക്രമസമാധാന പ്രശ്‌നം ഉടലെടുക്കാൻ കാരണം. യു.എസിനെ പോലെ തോക്കിന് വലിയ നിയന്ത്രണമില്ലാത്ത നിരവധി രാജ്യങ്ങളുണ്ട്. ഇവിടെയൊന്നും ഇത്തരം ആക്രമണങ്ങളില്ല. യു.എസിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. രഷ്ട്രീയപരമായി ഒരുവിഭാഗം തോക്കു നിയന്ത്രണത്തെ എതിർക്കുമ്പോൾ മറുവിഭാഗം അനുകൂലിക്കുന്നു എന്നതാണ്. വംശവെറി പോലുള്ള പ്രശ്‌നങ്ങളാണ് പലപ്പോഴും തോക്കുകൊണ്ട് കൂട്ടക്കൊലകൾ നടത്താൻ യു.എസുകാരെ പ്രേരിപ്പിക്കുന്നത്. വർണവെറി യു.എസിൽ സജീവമാണ്. പെട്ടെന്നു വികാരക്ഷോഭംപോലും കൂട്ടക്കൊലയ്ക്ക് കാരണമാകുന്നു. ഇവരുടെ കൈയിലേക്ക് തോക്ക് യഥേഷ്ടം എത്തുമ്പോൾ നിരപരാധികളുടെ ജീവനുപോലും ഭീഷണിയാകുകയാണ്.
ഫോണിലെ ആപ്പുകൾ സുരക്ഷാഭീഷണിയെന്ന് പറഞ്ഞ് നിരോധിക്കുന്ന യു.എസിലെ കാംപസുകളിൽ പോലും തോക്കുമായി ആർക്കും കടന്നുചെല്ലാമെന്നതാണ് സ്ഥിതി. ഇൗ ഭീഷണി തിരിച്ചറിയാത്ത കാലത്തോളം യു.എസിൽ വെടിവയ്പ് കൂട്ടക്കൊലയെ നിയന്ത്രിക്കാൻ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."