അട്ടിമറിക്കാൻ വിദേശപണം ഇമ്രാന്റെ പ്രസ്താവന അറിയില്ലെന്ന് പാക് ആഭ്യന്തരമന്ത്രി
ഇസ്‌ലാമാബാദ്
സർക്കാരിനെ അട്ടിമറിക്കാൻ വിദേശം പണം ഉപയോഗിച്ച് ചിലർ ശ്രമിക്കുന്നതായും അതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നുമുള്ള പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയോട് യോജിക്കാതെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മുതിർന്ന അംഗം.
ഞായറാഴ്ച ഇസ്‌ലാമാബാദിൽ സംഘടിപ്പിച്ച പി.ടി.ഐയുടെ ശക്തിപ്രകടനത്തിനിടെയാണ് തന്റെ സർക്കാരിനെ അട്ടിമറിക്കാൻ വിദേശപണം എത്തിയെന്നതിന് തെളിവുണ്ടെന്ന് ഇമ്രാൻ പറഞ്ഞത്. എന്നാൽ, അതേകുറിച്ച് അറിയില്ലെന്നാണ് ഇന്നലെ മുതിർന്ന പി.ടി.ഐ നേതാവും ആഭ്യന്തരമന്ത്രിയുമായ ശെയ്ഖ് റശീദ് പറഞ്ഞത്. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പ്രധാനമന്ത്രിക്ക് എല്ലാ പിന്തുണയും അദ്ദേഹം പ്രഖ്യാപിക്കുകയുംചെയ്തു. പാകിസ്താനിൽ ഒരുസർക്കാരും അവരുടെ കാലാവധി പൂർത്തിയാക്കിയതായി എനിക്കറിയില്ല. എന്നാൽ ഞായറാഴ്ചത്തെ പി.ടി.ഐ റാലിയിലെ വൻജനസാന്നിധ്യം കണ്ടതോടെ എന്റെ ധാരണ ഞാൻ മാറ്റി. ഈ സർക്കാർ കാലാവധി തികയ്ക്കും. 1977ലാണ് ഇതിന് മുമ്പ് ഇതുപോലൊരു റാലി പാകിസ്താൻ സാക്ഷ്യംവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമാബാദിലെ പരേഡ് ഗ്രൗണ്ടിലെ പൊതുസമ്മേളനത്തിൽ ഒന്നര മണിക്കൂറോളംനീണ്ടുനിന്ന പ്രസംഗത്തിനിടെയാണ് ഇമ്രാൻ വിദേശപണം സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. നമ്മുടെ ആളുകളെ ഉപയോഗിച്ച് പണം നൽകി അട്ടിമറിക്കാനാണ് വിദേശത്തുള്ളവർ ശ്രമിക്കുന്നത്. എന്നാൽ ദേശീയ താൽപര്യത്തിന്റെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ തെളിയിക്കുന്ന കത്ത് എന്റെ കൈവശമുണ്ടെന്നും ഇമ്രാൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."