ശ്രീലങ്കന്‍ പ്രതിസന്ധിയും കേരളവും
ഡോ. ജോസ് സെബാസ്റ്റ്യൻ
സമ്പദ് വ്യവസ്ഥയുടെ ഘടനകൊണ്ടും സാമൂഹിക വികസനസൂചികകള്‍ കൊണ്ടും കേരളത്തോട് വളരെ അടുത്തുനില്‍ക്കുന്നതാണ് ശ്രീലങ്ക. ഒന്ന് ഒരു സ്വതന്ത്രരാജ്യവും മറ്റേത് ഒരു രാജ്യത്തിനുള്ളിലെ സംസ്ഥാനവും എന്ന വ്യത്യാസം മാത്രമേയുള്ളൂ. ശ്രീലങ്ക ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി കേരളത്തിന് വലിയ പാഠങ്ങള്‍ നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഈ ലേഖനം. പൊതുവേ പ്രചരിപ്പിക്കപ്പെടുന്നതുപോലെ കണ്ടമാനം കടം വാങ്ങി വന്‍കിട പദ്ധതികളില്‍ മുതല്‍മുടക്കിയതു മാത്രമല്ല ശ്രീലങ്കയെ പ്രതിസന്ധിയാലാക്കിയത്. കഷ്ടകാലം വരുമ്പോള്‍ എല്ലാം കൂടെ ഒരുമിച്ചുവരുമെന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുമാറ് സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതകളും കൊവിഡും റഷ്യന്‍ ഉക്രൈന്‍ യുദ്ധവും തെറ്റായ സര്‍ക്കാര്‍ നയങ്ങളും ഒക്കെ ചേര്‍ന്നതാണ് ഇന്നത്തെ ശ്രീലങ്കൻ പ്രതിസന്ധിയുടെ ചേരുവ.
കേരളം പോലെ ടൂറിസം, മനുഷ്യവിഭവശേഷിയുടെ കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനം, തേയില, റബര്‍ തുടങ്ങിയ കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശ നാണ്യം എന്നിവയാണ് ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകള്‍. 2019ല്‍ ഈസ്റ്റര്‍ സമയം നടന്ന സ്‌ഫോടനപരമ്പര ടൂറിസം വരുമാനത്തെ ബാധിച്ചുതുടങ്ങിയിരുന്നു. കൊവിഡിന്റെ വരവോടെ ടൂറിസം വരുമാനം കൂപ്പുകുത്തി. ' വിനാശ കാലേ വിപരീത ബുദ്ധി' എന്നു പറഞ്ഞതുപോലെ കാര്‍ഷിക രംഗത്ത് ജൈവകൃഷിയിലേക്കുള്ള മാറ്റം കാര്‍ഷികോല്‍പാദനം കുത്തനെ കുറച്ചു. തേയിലയുടെയും റബറിന്റെയും ഉല്‍പാദനവും കയറ്റുമതിയും അതുവഴിയുള്ള വിദേശനാണ്യ വരവും കുറഞ്ഞു.
ഒരുവശത്ത് പുറത്തുനിന്നും അകത്തുനിന്നുമുള്ള വരുമാനവും കുറഞ്ഞുകുറഞ്ഞുവന്നു. മറുവശത്താകട്ടെ കൊവിഡ് പ്രതിസന്ധിമൂലം ചെലവുകള്‍ നടത്താന്‍ വന്‍തോതില്‍ കടമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഭക്ഷ്യോല്‍പന്നങ്ങള്‍ അടക്കം ഇറക്കുമതി ചെയ്ത് രാജ്യത്തിന്റെ വിദേശനാണ്യശേഖരം നെല്ലിപ്പലക കണ്ടു. ഇന്നിപ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ വില വാണം പോലെ കുതിക്കുകയാണ്.
പക്ഷേ പ്രതിസന്ധി ഇത്രമാത്രം രൂക്ഷമാക്കിയത് താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി രാജപക്‌സെ സര്‍ക്കാര്‍ എടുത്ത ചില നിലപാടുകളാണ്. 2019ലെ തെരഞ്ഞെടുപ്പ് ജയിക്കാനായി രാജപക്‌സെ സര്‍ക്കാര്‍ ഉദാരമായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ജയിച്ചതിനെ തുടര്‍ന്ന് വാറ്റ് നികുതി 15%ല്‍നിന്ന് 8% ആയി കുറച്ചു. രാജ്യനിര്‍മാണ നികുതി എടുത്തുകളഞ്ഞു. ഇതിന്റെയൊക്കെ ഫലമായി 2017ല്‍ 10.9 ബില്യന്‍ ഡോളറായിരുന്ന നികുതിവരുമാനം 2020 ആയപ്പോള്‍ 6.6 ബില്യന്‍ ഡോളറിലേക്ക് ചുരുങ്ങി. ബജറ്റ് കമ്മി 5% ആയിരുന്നത് 15% ആയി.
ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ഈ തകര്‍ച്ചയാണ് സത്യത്തില്‍ വിദേശകടത്തെ കൂനിന്മേല്‍ കുരുവാക്കിയത്. കടം അതില്‍ തന്നെ വലിയ ഒരു തകരാറായി കാണേണ്ടതില്ലെന്ന് ചുരുക്കം. ശ്രീലങ്കയുടെ അനുഭവത്തില്‍നിന്ന് കേരളത്തിന് എന്താണ് പഠിക്കാനുള്ളത്? ഒരു രാജ്യത്തിനുള്ളിലെ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് കടമെടുക്കുന്നതിന് ശക്തമായ നിയന്ത്രണങ്ങളുണ്ട്. ആഭ്യന്തരവരുമാനത്തിന്റെ മൂന്ന് ശതമാനംവരെ കടമെടുക്കാമെന്ന പരിധി കൊവിഡിന്റെ പശ്ചാതലത്തില്‍ അഞ്ചുശതമാനമെന്നാക്കിയിട്ടുണ്ട്. 2022-2023 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 2023 മാര്‍ച്ച് അവസാനിക്കുമ്പോള്‍ കേരളത്തിന്റെ മൊത്തം ബാധ്യത 3,78,476 കോടി രൂപയായിരിക്കും. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി കേരളത്തിന്റെ ബാധ്യത അത്ര ആശങ്കാജനകമല്ലെന്ന് വാദിക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. ഇവ്‌സെ ഡോമാര്‍ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുന്നോട്ടുവച്ച സിദ്ധാന്തം ഒരു രാജ്യത്തെ പലിശനിരക്കിനെക്കാള്‍ വേഗത്തില്‍ സമ്പദ് വ്യവസ്ഥ വളരുന്നുണ്ടെങ്കില്‍ കടത്തെക്കുറിച്ച് വേവലാതി വേണ്ടെന്നാണ്. സാമ്പത്തിക വളര്‍ച്ചകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നികുതി വരുമാന വളര്‍ച്ചയാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍.
കടമെടുപ്പിന്മേലുള്ള നിയന്ത്രണങ്ങള്‍ മറികടക്കാന്‍ കിഫ്ബി തുടങ്ങിവച്ചവരും ഇപ്പോള്‍ സിൽവർ ലൈനിനുവേണ്ടി വന്‍തുക വിദേശവായ്പയെ പിന്തുണയ്ക്കുന്നവരും കൊണ്ടുനടക്കുന്നത് വന്‍ വളര്‍ച്ചയെന്ന സ്വപ്‌നമാണ്. പക്ഷേ ശക്തമായ സമ്പദ് വ്യവസ്ഥയുടെ പിന്‍ബലമില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ചയെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം പോലെയാകുമെന്നാണ് ശ്രീലങ്കയുടെ അനുഭവം കാണിക്കുന്നത്.
ശ്രീലങ്ക പോലെത്തന്നെ ടൂറിസവും മനുഷ്യവിഭവശേഷിയുടെ വരുമാനത്തിലൂടെ ലഭിക്കുന്ന പുറംവരുമാനവുമാണ് കേരളത്തിന്റെയും സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ഇവ രണ്ടും എത്രമാത്രം വിശ്വാസമര്‍പ്പിക്കാനാവാത്തതാണെന്ന് കൊവിഡ് കാലം തെളിയിച്ചു. കേരളത്തിന്റെ വളര്‍ച്ചാസ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന രണ്ട് കാര്യങ്ങളാണ് ജനസംഖ്യയിലെ വൃദ്ധജനങ്ങളുടെ ആധിക്യവും കാലാവസ്ഥാമാറ്റവും. കേരളം അതിവേഗം വൃദ്ധസദാനമായിക്കൊണ്ടിരിക്കുകയാണ്. 2025 ആകുമ്പോഴേക്കും ജനസംഖ്യയുടെ 20 ശതമാനം വരെ 60 വസയസിനുമുകളിലുള്ളവരായിരിക്കുമെന്നാണ് ജനസംഖ്യാശാസ്ത്ര വിദഗ്ധരുടെ കണക്ക്. കുടിയേറി പുറംവരുമാനം കൊണ്ടുവരാന്‍ കഴിവുള്ള ചെറുപ്പക്കാരുടെ എണ്ണം കുറയുന്നു എന്നതു മാത്രമല്ല കുടിയേറുന്ന ചെറുപ്പക്കാര്‍ ഏറെയും എത്തിപ്പെടുന്ന രാജ്യങ്ങളില്‍ സ്ഥിരതമാസമാക്കുന്നു എന്നതും ശ്രദ്ധിക്കണം. മറ്റേത് ഇന്ത്യന്‍ സംസ്ഥാനത്തെക്കാളും പ്രളയം , വരള്‍ച്ച, സുനാമി മൂലമുള്ള കടല്‍കയറ്റം എന്നീ ഭീഷണികള്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.
മറ്റൊരു കാര്യം കേന്ദ്രത്തിന്റെ പിന്തുണയാണ്. ഒട്ടു മിക്ക വികസന സൂചികകളിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ മറികടന്ന കേരളത്തിന് ഇനി ധനകാര്യ കമ്മിഷന്‍ വഴിയുള്ള വിഹിതത്തിലൊക്കെ ക്രമാനുഗതമായ കുറവ് പ്രതീക്ഷിച്ചേ മതിയാകൂ. ഒരു പ്രതിസന്ധിയുണ്ടായാല്‍ പരിധിക്കപ്പുറം കേന്ദ്രം പിന്തുണക്കില്ലെന്ന് അര്‍ഥം.
വന്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നു എന്നുതന്നെയിരിക്കട്ടെ. അത് നികുതി വരുമാന വര്‍ധനവിലേക്ക് നയിക്കുമെന്നതിന് എന്താണ് ഉറപ്പ്? 1957-1958 മുതല്‍ 1966-1967 വരെയുള്ള പത്തുവര്‍ഷക്കാലത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ സമാഹരിച്ച പൊതുവിഭവങ്ങളില്‍ കേരളത്തിന് 4.45% ഓഹരിയുണ്ടായിരുന്നു. 2019-2020 ആകുമ്പോള്‍ ഇത് 4.34% ആയി കുറയുകയാണുണ്ടായത്. ഇക്കാലയളവിനുള്ളില്‍ കേരളീയരുടെ നികുതി നല്‍കാനുള്ള ശേഷിയില്‍ വന്‍ വര്‍ധനവാണുണ്ടായത്.
ആളോഹരി ഉപഭോഗത്തില്‍ 1972-1973ല്‍ എട്ടാം സ്ഥാനത്തായിരുന്ന കേരളം 1983ല്‍ മൂന്നാം സ്ഥാനത്തേക്കും 1999-2000ല്‍ ഒന്നാം സ്ഥാനത്തേക്കും ഉയര്‍ന്നു എന്നോര്‍ക്കണം. കടമെടുപ്പിന്മേലുള്ള അമിത ആശ്രിതത്വം സൃഷ്ടിച്ച ദോഷമാണിത്. പെട്രോള്‍, മദ്യം, മോട്ടോര്‍വാഹനങ്ങള്‍, ഭാഗ്യക്കുറി എന്നീ നാലു ഇനങ്ങളില്‍നിന്നാണ് മൊത്തം തനതു വരുമാനത്തിന്റെ 60%നുമേല്‍ സമാഹരിക്കുന്നത്. ജനപ്രതീയ്ക്ക് വേണ്ടി അന്യോന്യം മത്സരിക്കുന്ന മുന്നണി രാഷ്ട്രീയം നിലനില്‍ക്കുന്നിടത്തോളം കാലം നികുതി പിരിവ് ക്ലേശകരമായി തുടരും.
ആത്യന്തികമായി കേരളത്തിന്റെ ശക്തികുടികൊള്ളുന്നത് കൃഷിയിലും കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളിലുമാണ്. എക്കാലവും ഇന്ത്യക്കും ലോകരാജ്യങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കേരളത്തിനാവും. അതു തിരിച്ചറിയുന്നതിന് പകരം സിൽവർ ലൈൻ പോലെയുള്ള പദ്ധതികളിലൂടെ കേരളത്തെ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കി മാറ്റാമെന്നതൊക്കെ വെറും വ്യാമോഹങ്ങള്‍ മാത്രമാണ്. ശ്രീലങ്കന്‍ പ്രതിസന്ധി രാഷ്ട്രീയ വൃത്തങ്ങളിലും സാമ്പത്തിക-സാമൂഹിക ശാസ്ത്രജ്ഞരിലും കേരളം പിന്തുടരുന്ന വികസനത്തെക്കുറിച്ച് ആഴത്തിലുള്ള പുനര്‍വിചിന്തനത്തിന് കാരണമായെങ്കിലെന്ന് ആശിച്ചുപോകുന്നു.
(ധനകാര്യ വിദഗ്ധനും ഗുലാത്തി
ഇൻസ്റ്റിറ്റ്യൂട്ട് മുൻ സീനിയർ
ഫാക്കൽറ്റിയുമാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."