റഷ്യൻ സൈനിക താവളത്തിൽ ഉക്രൈൻ മിസൈൽ ആക്രമണം മരിയപോളിൽ റെഡ്‌ക്രോസ് കെട്ടിടത്തിനു നേരെ ബോംബാക്രമണം
കീവ്
ഉക്രൈൻ അധിനിവേശം തുടങ്ങിയ ശേഷം ഇതാദ്യമായി റഷ്യക്കു നേരെ ഉക്രൈനിൽ നിന്ന് മിസൈൽ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മിസൈൽ പതിച്ച് പടിഞ്ഞാറൻ റഷ്യയിലെ ബെൽഗരോദിലെ ആയുധകേന്ദ്രത്തിൽ നിന്ന് തീയും പുകയും ഉയരുന്നതിന്റെ ചിത്രം റഷ്യൻ മാധ്യമമായ റിച്ചമാൻ പുറത്തുവിട്ടു. ഈ വാർത്ത ഡെയിലി മെയിൽ ഉൾപ്പെടെ വിവിധ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉക്രൈൻ അതിർത്തിയോടു ചേർന്ന പ്രദേശമാണ് ബെൽഗരോദ്. മേഖലാ ഗവർണർ വ്യാഷെസ്ലാവ് സ്‌ഫോടന റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതിർത്തിയിൽനിന്ന് 12 മൈൽ അകലെയാണ് മിസൈൽ പതിച്ചത്. എന്നാൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല. എന്നാൽ നാലു റഷ്യൻ സൈനികർക്ക് പരുക്കേറ്റതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് ഉക്രൈനിൽ നിന്നുള്ള ഷെൽ പതിച്ച് രണ്ടുപേർക്ക് പരുക്കേറ്റതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ചയുടൻ റഷ്യയിലെ മില്ലറോവ വ്യോമതാവളത്തിൽ ഉക്രൈൻ മിസൈൽ പതിച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ബെൽഗരോദിലെ റഷ്യൻ ആയുധ ഡിപ്പോയിൽ ഉക്രൈന്റെ ബാലിസ്റ്റിക് മിസൈലാണ് പതിച്ചതെന്ന് ഉക്രൈൻ മാധ്യമപ്രവർത്തകർ പറയുന്നു. എന്നാൽ ഉക്രൈൻ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ ഇന്നലെ മരിയപോളിൽ റെഡ് ക്രോസ് കെട്ടിടത്തിനു നേരെ റഷ്യൻ ആക്രമണമുണ്ടായി. ഇവിടെ വെള്ള പശ്ചാത്തലത്തിൽ റെഡ് ക്രോസ് എന്ന് വലുതായി എഴുതിയിട്ടുണ്ട്. പരുക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനാണ് ഈ കെട്ടിടം ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."