HOME
DETAILS

ഒന്നിച്ചിരുന്ന ഒറ്റപ്പാലം സമ്മേളനത്തിന് ഒരു നൂറ്റാണ്ട്

  
backup
April 11 2021 | 03:04 AM

68441541545-2

 


1919ലെ നാഗ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനപ്രകാരം പ്രസ്ഥാനത്തെ ഭാഷാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കണമെന്ന തീരുമാനത്തെ പിന്തുടര്‍ന്നുകൊണ്ടാണ് കെ. മാധവന്‍നായര്‍ സെക്രട്ടറിയായി, കേരള പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഐക്യകേരളമെന്ന സങ്കല്‍പത്തെ മുന്‍നിര്‍ത്തി ആദ്യ സമ്മേളനം ഒറ്റപ്പാലത്ത് 1921 ഏപ്രില്‍ മാസത്തില്‍ നടത്തിയത്. അതുവരെ മലബാര്‍ ഡിസ്ട്രിക്ട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കോണ്‍ഗ്രസ്, മലബാറിനു പുറമെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും പ്രതിനിധികള്‍കൂടി പങ്കെടുത്തതിനാല്‍ ഐക്യകേരളം മോഡലില്‍ കോണ്‍ഗ്രസിന്റെ ആദ്യ രാഷ്ട്രീയ സമ്മേളനമായി ചരിത്രത്തിലിടംപിടിച്ചു. ദേശീയ പ്രസ്ഥാനത്തിനു നേതൃത്വപരമായ പങ്കുവഹിച്ച തലമുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനക്കളരിയായതും, ദൂരദിക്കുകളില്‍ നിന്നു തീവണ്ടി മാര്‍ഗം എത്തിപ്പെടാന്‍ പ്രയാസമില്ലാത്തതുകൊണ്ടുമാകാം ഒന്നാം രാഷ്ട്രീയ സമ്മേളനത്തിനു ഒറ്റപ്പാലം വേദിയാകുന്നത്.
1921 ഏപ്രില്‍ 23 മുതല്‍ 26 വരെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനു സമീപം ഭാരതപ്പുഴയില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വച്ചായിരുന്നു ആ മഹാ സമ്മേളനം. അന്നുവരെ ചെറിയ ഒരു പട്ടണം മാത്രമായിരുന്ന ഒറ്റപ്പാലം മേട മാസത്തില്‍ നടന്ന ഈ സമ്മേളനത്തോടെ രാഷ്ട്രീയ ഭൂപടത്തില്‍ അടയാളപ്പെട്ടു തുടങ്ങി.

സമ്മേളന നടത്തിപ്പ്;
കാര്യപരിപാടി

സമ്മേളന നടത്തിപ്പിനും വിജയത്തിനും വേണ്ടി പ്രത്യേക സ്വാഗതസംഘം രൂപീകരിച്ചിരുന്നു. എല്‍.എ സുബ്ബരാമ ഐയ്യര്‍ ചെയര്‍മാനും പെരുമ്പിലാവില്‍ രാവുണ്ണി മേനോന്‍ സെക്രട്ടറിയായും ചെങ്ങളത്ത് മാധവ മേനോന്‍ വളണ്ടിയര്‍ ക്യാപ്റ്റനായും ഹമീദ് ഖാന്‍ ഖിലാഫത്ത് സമ്മേളന സെക്രട്ടറിയായുമുള്ള ഒരു വലിയ സംഘം തന്നെയായിരുന്നു അത്. കൂടാതെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങളുമായി എം.പി നാരായണ മേനോന്‍, കെ.എം മൗലവി, കെ. രാമുണ്ണി മേനോന്‍, മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്, ഇ. മൊയ്ദു മൗലവി, കട്ടിലശ്ശേരി എം.വി മുഹമ്മദ് മൗലവി തുടങ്ങി വള്ളുവനാട്, ഏറനാട് പ്രദേശങ്ങളിലെ പൗരപ്രമുഖരും അഭിഭാഷകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഖിലാഫത്ത് നേതാക്കളുമായിരുന്നു സമ്മേളന നടത്തിപ്പുകാര്‍.
ഏപ്രില്‍ 23 നു പ്രതിനിധി സമ്മേളനത്തോടെ ആരംഭം കുറിച്ചു. 24ന് കുടിയാന്‍, 25ന് ഉലമഖിലാഫത്ത്, 26ന് വിദ്യാര്‍ഥി സമ്മേളനവും തുടര്‍ന്ന് സമാപന സമ്മേളനം എന്നിങ്ങനെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്. പക്ഷേ, 26ന് വിദ്യാര്‍ഥി സമ്മേളനം നടന്നുകൊണ്ടിരിക്കെ അങ്ങാടിയില്‍ പൊലിസിന്റെ നേതൃത്വത്തില്‍ ചില അതിക്രമങ്ങള്‍ നടന്നതിനാല്‍ സമ്മേളനം വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു.

പ്രതിനിധി സമ്മേളനം

ഏപ്രില്‍ 23ന് കാലത്ത് പത്തുമണിയോടെ മദ്രാസ് മെയിലില്‍ വന്നിറങ്ങിയ ആന്ധ്രാ കേസരി ടി. പ്രകാശത്തെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പ്രകടനത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെ പ്രതിനിധി സമ്മേളനം ടി. പ്രകാശത്തിന്റെ (പിന്നീട് അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ മദിരാശി സംസ്ഥാനത്തെ മുഖ്യമന്ത്രിയായി) അധ്യക്ഷതയിലാണ് നടന്നത്. തിരുവിതാംകൂര്‍ കൊച്ചിയില്‍ നിന്നും ഏറനാട് വള്ളുവനാട് പൊന്നാനി തുടങ്ങി മലബാറിലെ മുഴുവന്‍ നഗര ഗ്രാമങ്ങളില്‍ നിന്നുമുള്ള അയ്യായിരത്തോളം പ്രതിനിധികള്‍ അന്ന് പങ്കെടുത്തു.
നാഗ്പൂരിലെ കോണ്‍ഗ്രസ് സെഷന്‍ അംഗീകരിച്ച നിസഹകരണ തീരുമാനത്തിന് ഒറ്റപ്പാലം സമ്മേളനം പൂര്‍ണ്ണ പിന്തുണ നല്‍കി. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അയയ്ക്കരുതെന്നും ദേശീയസ്ഥാപനങ്ങള്‍ പുതുതായി സ്ഥാപിച്ച് അവിടങ്ങളില്‍ ചേര്‍ത്തു പഠിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു. അഭിഭാഷകര്‍ അവരുടെ പരിശീലനം ഉപേക്ഷിക്കണമെന്നും വ്യാപാരികള്‍ വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിക്കണമെന്നും ആയുര്‍വേദ വൈദ്യശാസ്ത്ര സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങളായി ചേര്‍ന്ന് തിലക് സ്വരാജ് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനത്തിലെ ആവേശകരമായ പ്രസംഗങ്ങള്‍ കേട്ട് സ്ത്രീകള്‍ തിലക് സ്വരാജ് ഫണ്ടിലേക്ക് സ്വര്‍ണാഭരണങ്ങള്‍ സംഭാവനചെയ്തു.

നിസഹകരണ
പ്രമേയ അവതരണം

അയര്‍ലണ്ടില്‍ ഒരമ്മയ്ക്ക് മൂന്ന് ആണ്‍മക്കള്‍ മാത്രമുണ്ടായിരുന്നു. അതില്‍ രണ്ടു പേരെയും രാജ്യദ്രോഹത്തിനു വെടിവച്ചു കൊന്നു. അപ്പോള്‍ ആ ധീര മാതാവ് മൂന്നാമത്തെ മകനെ ചൂണ്ടിക്കാണിച്ചു ഇവനെക്കൂടി വെടിവച്ചു കൊല്ലുവിന്‍ എന്ന് അധികാരസ്ഥന്‍മാരോട് ആവശ്യപ്പെട്ട ഒരു സംഭവകഥ കെ.പി കേശവമേനോന്‍ ഒറ്റപ്പാലത്തു കൂടിയ കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഒന്നാം രാഷ്ട്രീയ സമ്മേളനത്തില്‍ നിസഹകരണ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറയുകയുണ്ടായി. ഈ സമരത്തില്‍ അമ്മമാരുടെ കര്‍ത്തവ്യം എന്താണെന്ന് ബോധ്യപ്പെടുത്താന്‍ ആ സംഭവകഥ ഉപകാരപ്പെട്ടുവെന്ന് ബ്രഹ്മദത്തന്‍ നമ്പൂതിരി തന്റെ ഖിലാഫത്ത് സ്മരണയില്‍ ഓര്‍മിക്കുന്നു.

ഏപ്രില്‍ 24
കുടിയാന്‍ സമ്മേളനം

മലബാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം കുടിയായ്മ പ്രശ്‌നമായിരുന്നു. ജന്മിമാരുടെ കുടിയൊഴിക്കലും മേല്‍ച്ചാര്‍ത്തും ഇടനിലക്കാരായ കാണക്കാര്‍ നടത്തുന്ന മത്സരവുമായിരുന്നു അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. മലയാള പത്രങ്ങളുടെ താളുകള്‍ ജന്മിമാരുടെ മര്‍ദന മുറകള്‍ സംബന്ധിച്ചും കുടിയാന്‍മാരുടെ ദുരിതത്തെ സംബന്ധിച്ചും ഉള്ള വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. കുടിയായ്മ പ്രശ്‌നം പലകുറി ജില്ലാ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ഉയര്‍ത്തപ്പെടുകയുണ്ടായി. 1916ല്‍ പാലക്കാട് നടന്ന ആദ്യ ജില്ലാ സമ്മേളനം മുതല്‍ ഈ വിഷയം സജീവമായി ചര്‍ച്ചചെയ്യുകയും പ്രമേയങ്ങളായി അവതരിപ്പിക്കുകയും ചെയ്തു. ജന്മിമാരുടെ രൂക്ഷമായ എതിര്‍പ്പും ഇടപെടലുകളും മൂലം ആ പ്രമേയങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ല.
എന്നാല്‍ 1920 ല്‍ മഞ്ചേരി സമ്മേളനത്തില്‍ കുടിയാന്‍ അനുകൂല പ്രമേയം അവതരിപ്പിക്കുകയും അംഗീകരിക്കയുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ചു പല ജന്മിമാരും കോണ്‍ഗ്രസ് വിട്ടു പുറത്തുപോയി. കൂടുതല്‍ അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നത് ഒഴിവാക്കാന്‍ കൂടിയാകണം ഒറ്റപ്പാലം സമ്മേളനത്തില്‍ പ്രത്യേകമായി ഒരു ദിവസം കുടിയായ്മ സമ്മേളന വേദിയാക്കി മാറ്റിയത്. ഒറ്റപ്പാലം സമ്മേളനത്തിലും കുടിയാന്‍മാരുടെ ദുരിതത്തെ സംബന്ധിച്ച ഒരു പ്രമേയം പാസാക്കിയെങ്കിലും നിയമനിര്‍മാണം കൊണ്ടുവരുന്നതിനു ആവശ്യപ്പെടുകയുണ്ടായില്ല. കോണ്‍ഗ്രസുകാരില്‍ പലരും കുടിയായ്മ സംഘം പ്രവര്‍ത്തകര്‍ കൂടി ആയതിനാല്‍ കര്‍ഷക സമൂഹത്തിന്റെ പ്രതീക്ഷയായി മാറാന്‍ ഈ മുന്നേറ്റം കൊണ്ടു കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത പേരുകളിലായി പ്രവര്‍ത്തിച്ചിരുന്ന ടെനന്‍സി അസോസിയേഷനുകള്‍ ഒരൊറ്റ സംഘമായി മാറിയത് ഒറ്റപ്പാലം സമ്മേളനത്തില്‍ വച്ചാണ്. അന്ന് മലബാര്‍ കുടിയാന്‍ സംഘം (എം.കെ.എസ്) രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. 1916ല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന കെ.പി രാമന്‍ മേനോന്‍ പ്രസിഡന്റായ ഒരു സമിതിയുടെ പ്രഖ്യാപനം കൂടി ആ വേദിയില്‍ നടന്നു. എം. കൃഷ്ണന്‍ നായര്‍, ജി. ശങ്കരന്‍ നായര്‍, കുഞ്ഞിരാമ മേനോന്‍ തുടങ്ങിയവരാണ് കുടിയായ്മ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കള്‍. എം.പി നാരായണ മേനോനായിരുന്നു ഏപ്രില്‍ 24ന് നടന്ന കുടിയാന്‍ സമ്മേളനത്തിന്റെ നട്ടെല്ല്. അദ്ദേഹവും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും ചേര്‍ന്നാണ് പിന്നീട് വള്ളുവനാട്, ഏറനാട് താലൂക്കുകളില്‍ പ്രസ്ഥാനത്തിന്റെ ചുക്കാന്‍പിടിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തും അതിശക്തമായ രീതിയില്‍ നിലനിന്നിരുന്ന മലബാറിലെ സാമൂഹിക അസ്വസ്ഥതകളെക്കുറിച്ച് ബോധവാന്‍മാരായ നേതാക്കള്‍ ശാശ്വത പരിഹാരം നേടിയെടുക്കുക എന്നതിന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ നിരന്തരമായി ഇടപെട്ടിരുന്നു. കാര്‍ഷിക പ്രതിസന്ധികളെ മുന്‍നിര്‍ത്തിക്കൊണ്ട് നടന്ന ജനകീയ സമരങ്ങള്‍ ചരിത്രകാരന്‍മാര്‍ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എങ്കിലും അത് കാര്‍ഷിക വൃത്തിയുമായി ജീവിക്കുന്ന സാധാരണക്കാര്‍ക്കിടയിലുണ്ടായിരുന്ന പ്രതിഷേധങ്ങളെയും പ്രതിസ്വരങ്ങളുടെയും സൂചനയായിരുന്നുവെന്നും ജന്മി കുടിയാന്‍ കലാപമെന്നും വര്‍ഗീയ കലാപമെന്നുമുള്ള നിറം നല്‍കുമ്പോഴും അത് യഥാര്‍ഥത്തില്‍ കാര്‍ഷിക ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നവരുടെ ജീവിതസമരം തന്നെയായിരുന്നുവെന്നതിന്റെ തെളിവുകളാണ് ഈ നേതാക്കന്മാരുടെ ഇടപെടലുകളിലൂടെ കണ്ടെത്താന്‍ സാധിക്കുന്നത്.

ഏപ്രില്‍ 25
ഉലമ ഖിലാഫത്ത് സമ്മേളനം

മഞ്ചേരി സമ്മേളനം ഉണ്ടാക്കിയ ആവേശം മലബാറിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും ഖിലാഫത്ത് കമ്മിറ്റികള്‍ക്കും കൂട്ടായ്മകള്‍ക്കും വര്‍ധിച്ച പിന്തുണ അതിവേഗം ലഭിച്ചുതുടങ്ങി. മിക്ക ദിവസങ്ങളിലും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ യോഗങ്ങള്‍ ജില്ലയിലുടനീളം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒറ്റപ്പാലത്ത് കേരള ഉലമ സമ്മേളനം എന്നോ മജ്‌ലിസുല്‍ ഉലമ എന്ന പേരിലോ ആദ്യ ഖിലാഫത്ത് സമ്മേളനം വിളിച്ചു ചേര്‍ക്കപ്പെടുന്നത്. അടുക്കും ചിട്ടയോടെയും സംവിധാനിച്ച പ്രസ്തുത സമ്മേളനം നിയന്ത്രിച്ചിരുന്നത് 'പട്ടാളം' എന്ന പ്രത്യേക മാപ്പിള വളണ്ടിയര്‍ കോറായിരുന്നു. മേടം പതിമൂന്നിന് ഖിലാഫത്ത് പട്ടാളത്തിന്റെ അകമ്പടിയോടെ ദക്ഷിണേന്ത്യന്‍ മജ്‌ലിസുല്‍ ഉലമയുടെ പ്രമുഖ നേതാവായിരുന്ന ആന്ധ്രയിലെ മൗലവി സയ്യിദ് മുര്‍ത്തളായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനം അന്നത്തെ കേരളത്തിലെ മുസ്‌ലിം നേതാക്കളെക്കൊണ്ടും പ്രതിനിധികളെക്കൊണ്ടും വേദിയും സദസും സമ്പന്നമായിരുന്നു. മൂന്നു പ്രമേയങ്ങളാണ് ആ പ്രൗഢഗംഭീര സമ്മേളനസദസ് അംഗീകരിച്ചത്.

1) യൂറോപ്യന്‍ ശക്തികള്‍, പ്രത്യേകിച്ചും അതില്‍ പ്രമുഖരായ സഖ്യശക്തികള്‍ ഏക മനസോടെ ഖിലാഫത്തിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കേരളത്തിലെ മുസ്‌ലിംകളെല്ലാവരും യോജിച്ചുകൊണ്ട് ഇന്നു നേരിടുന്ന ആപത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്നും തങ്ങളുടെ സകാത്ത് വിഹിതത്തിന്റെ ഒരു ഭാഗം ഖിലാഫത്ത് ഫണ്ടിലേക്ക് നീക്കിവയ്ക്കണമെന്ന് ഈ സമ്മേളനം അഭിപ്രായപ്പെട്ടു.

2) ഇന്ത്യന്‍ മതനേതാക്കളായ ഉലമാക്കളുടെ ഫത്‌വകളും പ്രമേയങ്ങളും അനുസരിച്ചുകൊണ്ട് അക്രമരഹിത നിസഹകരണം നടത്തണമെന്ന് ഈ സമ്മേളനം ആവശ്യപ്പെട്ടു.

3) കോണ്‍ഗ്രസിന്റെ ശ്രമത്തിലൂടെ ഇന്ത്യ സ്വരാജ്യം നേടുകയും ഖിലാഫത്ത് പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നതിനായി കേരളത്തിലെ 21 വയസ് തികഞ്ഞ സ്ത്രീ പുരുഷന്‍മാരെല്ലാം വര്‍ഷത്തില്‍ നാലണ വീതം സംഭാവന നല്‍കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ മെമ്പര്‍മാരാകണമെന്നും ഈ സമ്മേളനം അഭ്യര്‍ഥിച്ചു.

മലബാറിലെ മാപ്പിളമാരെല്ലാം കോണ്‍ഗ്രസില്‍ ചേര്‍ന്ന് സഹകരിക്കണമെന്ന് എം.പി നാരായണ മേനോന്‍ തന്റെ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു. നാലായിരത്തോളം പ്രതിനിധികള്‍ സന്നിഹിതരായിരുന്ന ഈ സമ്മേളനത്തില്‍ ഏറനാട് വള്ളുവനാട് പ്രദേശങ്ങളില്‍ നിന്നും ജാഥയായി വന്നിരുന്ന മാപ്പിള സംഘങ്ങള്‍, ജനങ്ങളില്‍ രാജ്യസ്‌നേഹവും കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനങ്ങളെപ്പറ്റി അഭിമാനവും ഉളവാക്കി.
മജ്‌ലിസുല്‍ ഉലമയുടെ കേരള ഘടകത്തിന്റെ രൂപീകരണവും പ്രഖ്യാപനവും ഒറ്റപ്പാലം സമ്മേളനത്തില്‍ നടന്നു. മൗലവി സയ്യിദ് മുര്‍ത്തളാ (പ്രസിഡന്റ്), വക്കം എം. മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി, ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, മൗലവി പി. കുഞ്ഞഹമ്മദ് വൈസ് പ്രസിഡന്റുമാരായും ജനറല്‍ സെക്രട്ടറിയായി ഇ. മൊയ്ദു മൗലവിയും കട്ടിലശ്ശേരി എം.വി മുഹമ്മദ് മൗലവി, മൗലവി അറബി ഷംനാട് കാസര്‍കോട്, മൗലവി എ. മുഹമ്മദ് കുഞ്ഞ് വക്കം എന്നിവര്‍ പ്രസ്തുത സമിതിയിലെ അസിസ്റ്റന്റ് സെക്രട്ടറിമാരായും തെരെഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള പ്രദേശത്തെ പ്രമുഖ മതപണ്ഡിതന്‍മാര്‍ ആ സംഘടനയില്‍ അംഗങ്ങളായി. അവരില്‍ പ്രമുഖരായ നാല്‍പത്തൊന്നാളുകളുണ്ടായിരുന്നു.

ഏപ്രില്‍ 26
വിദ്യാര്‍ഥി സമ്മേളനം

ഇന്‍ഡിപെന്‍ഡന്‍സ് പത്രാധിപര്‍ ജോര്‍ജ് ജോസഫിന്റെ (പിന്നീട് ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി) അധ്യക്ഷതയിലാണ് വിദ്യാര്‍ഥി സമ്മേളനം ആ പന്തലില്‍ നടന്നത്. ഐക്യകേരളത്തില്‍ വിപുലമായി നടന്ന ആദ്യ സമ്പൂര്‍ണ വിദ്യാര്‍ഥി സമ്മേളനമായി ചരിത്രത്തിലിടം നേടി അന്നത്തെ ഒറ്റപ്പാലം കോണ്‍ഫറന്‍സ്. പണ്ഡിതനും പ്രഭാഷകനുമായ പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ഛന്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങളുടെ പ്രാധാന്യം സദസിനെ സഗൗരവം ബോധിപ്പിച്ചു. ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭസമരങ്ങളുടെ അര്‍ഥവും വ്യാപ്തിയും ബോധ്യപ്പെടുത്തുന്നതിനോടൊപ്പം വിദ്യാര്‍ഥിത്വം സമരസജ്ജമാക്കേണ്ടതിന്റെ പ്രധാന്യത്തെയും കുറിച്ചുള്ള ദിശാബോധം നല്‍കുന്നതായിരുന്നു നേതാക്കളുടെ പ്രസംഗത്തിന്റെ ഉള്ളടക്കം.

മര്‍ദനം, അനിഷ്ട സംഭവങ്ങള്‍

വിദ്യാര്‍ഥി സമ്മേളനത്തില്‍ ജോര്‍ജ് ജോസഫ് തന്റെ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടയിലാണ് അങ്ങാടിയില്‍ സമ്മേളനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വളണ്ടിയര്‍മാരെ പൊലിസ് മര്‍ദിക്കുന്നതായി പന്തലിലേക്ക് ഒരാള്‍ ഓടിവന്നു പറയുന്നത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ നേതാക്കള്‍ കാര്യങ്ങള്‍ അവിടെപ്പോയി അന്വേഷിക്കാന്‍ സ്വാഗതസംഘം സെക്രട്ടറി പെരുമ്പിലാവില്‍ രാവുണ്ണിമേനോനെ പറഞ്ഞയച്ചു. അങ്ങാടിയിലെത്തിയ അദ്ദേഹത്തെയും പൊലിസ് അതിക്രൂരമായാണ് മര്‍ദിച്ചത്. മടക്കയാത്രയ്ക്ക് ഒരുങ്ങിയ മലപ്പുറം കുഞ്ഞിത്തങ്ങളെയും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് പൊലിസ് വെറുതെ വിട്ടില്ല. സമാധാനപരമായി സമ്മേളനം നടന്നുകൊണ്ടിരിക്കെ ഒരു പ്രകോപനവുമില്ലാതെ വളണ്ടിയര്‍മാരെയും സമ്മേളനപ്രതിനിധികളെയും ക്രൂരമായി മര്‍ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍, വിദ്യാര്‍ഥി സമ്മേളനം വേഗത്തില്‍ അവസാനിപ്പിച്ചു. സമ്മേളനപ്പന്തല്‍ പിന്നെ സമരപ്പന്തലായി മാറാന്‍ ഏറെ സമയം വേണ്ടിവന്നില്ല. എന്നാല്‍ നമ്മുടെ ആയുധം ക്ഷമയും ശക്തി സഹിഷ്ണുതയും ആയിരിക്കണമെന്നഭ്യര്‍ഥിച്ചുകൊണ്ട് പ്രകോപിതരായ വളണ്ടിയര്‍മാരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ നേതാക്കള്‍ക്കു കഴിഞ്ഞു. പൊലിസ് തേര്‍വാഴ്ചയില്‍ പ്രതിഷേധിച്ചു സമ്മേളനനഗരിയില്‍ നിന്ന് ഒരു ബഹുജന റാലി ഒറ്റപ്പാലം പട്ടണത്തിലൂടെ പ്രദക്ഷിണം നടത്തി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒറ്റപ്പാലം പട്ടണത്തിലെ കടകമ്പോളങ്ങള്‍ തുടര്‍ന്നുള്ള മൂന്ന് ദിവസം അടച്ചിടുകയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും നടക്കുകയും ചെയ്തു.

പൊലിസ് അതിക്രമം
ആസൂത്രിതം

ഏപ്രില്‍ 23 മുതല്‍ തന്നെ സമ്മേളന നഗരിയും ഒറ്റപ്പാലം പട്ടണവും പൊലിസ് കാവലിലായിരുന്നു. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ അഭിപ്രായത്തില്‍ ഒറ്റപ്പാലം സംഭവം ഉദ്യോഗസ്ഥന്‍മാരുടെ ഗൂഡാലോചനയായിരുന്നു. ജില്ലാ ജഡ്ജിയെയും പൊലിസുകാരെയും ജനങ്ങള്‍ ഭയപ്പെടുന്നില്ലെന്ന ബോധം മലബാര്‍ കളക്ടര്‍ ഇ.എഫ് തോമസിനെയും കൂട്ടുകാരെയും വിറളി പിടിപ്പിച്ചിരുന്നു. സമ്മേളനം നടക്കുന്ന പന്തലിനകത്ത് നിന്നിരുന്ന പൊലിസുകാരോട് ഭാരവാഹികള്‍ പുറത്തുപോകാനാവശ്യപ്പെട്ടത് അവരെ ചൊടിപ്പിച്ചു. അങ്ങാടിയിലെ കച്ചവടക്കാര്‍ പോലും പൊലിസിനെ വിലവച്ചില്ല. മാമൂലായ സോഡ, ചായ എന്നിവയൊന്നും പൊലിസുകാര്‍ക്ക് അവര്‍ നല്‍കിയില്ല. ക്രമസമാധാനത്തിനെന്നു പറഞ്ഞ് അങ്ങാടിയിലൂടെ കവാത്ത് നടത്തിയ എം.എസ്.പിക്കാരെ ജനങ്ങള്‍ കൂക്കി വിളിച്ചു. പൊലിസ് സൂപ്രണ്ട് ഹിച്ച്‌കോക്ക്, ആമു സാഹിബ്, മാങ്ങോട്ട് നാരായണ മേനോന്‍ മുതലായവര്‍ ഇതൊരപമാനമായി കണ്ടു. ഇവ തടഞ്ഞില്ലെങ്കില്‍ പൊലിസ് പ്രതാപം അവസാനിച്ചേക്കുമെന്നവര്‍ ഭയപ്പെട്ടു. മാപ്പിളമാരുടെ അച്ചടക്കം അവരില്‍ ആശങ്കയുളവാക്കി. വേണ്ടത്ര പ്രകോപനമേല്‍പ്പിച്ചാല്‍ മാപ്പിളമാര്‍ തിരിച്ചടിക്കുമെന്നാണ് ഉദ്യോഗസ്ഥന്മാര്‍ കരുതിയത്. സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ അടങ്ങിയിരുന്നു എന്നു മനസിലാക്കിയപ്പോള്‍ എം.എസ്.പിക്കാര്‍ കച്ചവടക്കാരുടെ നേരെ തിരിഞ്ഞു. അവര്‍ ഭ്രാന്തമായി പീടികകള്‍ കൊള്ളചെയ്തു. കച്ചവടക്കാരെ മര്‍ദിച്ചു, വഴിപോക്കരെ തല്ലി. മേലുദ്യോഗസ്ഥന്‍മാരുടെ അറിവോടെയും ആവശ്യപ്രകാരവുമാണ് എം.എസ്.പിയും റിസര്‍വ്ഡ് പൊലിസും ആക്രമം അഴിച്ചുവിട്ടതെന്ന് എല്ലാവര്‍ക്കും ബോധ്യമായി.

അന്വേഷണപ്രഹസനം

സമ്മേളനം നടക്കുന്നതിനിടയില്‍ ഒറ്റപ്പാലത്തുണ്ടായ പൊലിസ് അതിക്രമങ്ങളെ സംബന്ധിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടി. പ്രകാശം ചെയര്‍മാനും എല്‍.എ സുബ്രമണ്യ ഐയ്യര്‍, മുര്‍ത്തളാ സാഹിബ്, ജോര്‍ജ് ജോസഫ്, കെ.പി കേശവ മേനോന്‍ അംഗങ്ങളായുമുള്ള ഒരു അന്വേഷണ കമ്മീഷനെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയുണ്ടായി. വിശദമായി പഠിച്ച് ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ സമിതിയിലെ അംഗങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് അധികാരികള്‍ പ്രസ്തുത റിപ്പോര്‍ട്ട് നിരോധിക്കുകയാണുണ്ടായത്. പ്രതിഷേധം ആളിക്കത്തും എന്ന് ഭയപ്പെട്ട്, ആ സംഭവങ്ങളെക്കുറിച്ചും നേരിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച പ്രകാശം കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും അന്വേഷിക്കാന്‍ പിന്നീട് മദ്രാസ് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഈ പ്രഖ്യാപനം പ്രഹസനമെന്ന് മനസിലാക്കിയ കെ.പി കേശവമേനോന്‍ ബ്രിട്ടീഷ് നീതിബോധത്തില്‍ വിശ്വാസമില്ലെന്നും തനിക്ക് ലഭിച്ച ശിക്ഷ അനുഭവിക്കാന്‍ വിധേയനാണെന്നും കോടതിയില്‍ പറഞ്ഞു.

സമ്മേളനത്തിലെ
പ്രഗത്ഭസാന്നിധ്യം

എല്‍.എ സുബ്ബരാമ ഐയ്യര്‍, കെ.എം മൗലവി, കെ. രാമുണ്ണി മേനോന്‍, ഇ. മൊയ്ദു മൗലവി, കട്ടിലശ്ശേരി എം.വി മുഹമ്മദ് മൗലവി, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍, ബ്രഹ്മദത്തന്‍ നമ്പൂതിരി, പെരുമ്പിലാവില്‍ രാവുണ്ണി മേനോന്‍
ചെങ്ങളത്ത് മാധവ മേനോന്‍, ഹമീദ് ഖാന്‍, എം.പി നാരായണ മേനോന്‍, പൊന്നാനിയില്‍ നിന്ന് ഒരു സംഘം പ്രവര്‍ത്തകരോടൊപ്പം കെ. കേളപ്പന്‍, ഡല്‍ഹി ജാമിഅഃ മില്ലിയ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബ് (അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന കവാടമായി മാറി ഒറ്റപ്പാലം സമ്മേളനം, പിന്നീട് അദ്ദേഹം സെക്രട്ടറിയായുള്ള കേരള ഖിലാഫത്ത് കമ്മിറ്റിക്കു രൂപം നല്‍കി. കട്ടിലശ്ശേരി മുഹമ്മദ് മൗലവിയായിരുന്നു പ്രസിഡന്റ്), എം.പി ഗോവിന്ദ മേനോന്‍, സുന്ദരയ്യര്‍ ഒറ്റപ്പാലം തുടങ്ങി വള്ളുവനാട്, ഏറനാട് പ്രദേശങ്ങളിലെ പൗരപ്രമുഖരും അഭിഭാഷകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഖിലാഫത്ത് നേതാക്കളുമായിരുന്നു സമ്മേളനത്തിലെ പ്രഗത്ഭസാന്നിധ്യം.
സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് കൂടുതല്‍ ഇന്ധനം പകരുകയാണ് യഥാര്‍ഥത്തില്‍ ഒറ്റപ്പാലം സമ്മേളനം ചെയ്തത്. ഖിലാഫത്ത് വളണ്ടിയര്‍മാരെയും കുടിയായ്മ പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും മതനേതാക്കളെയും ഒരേ വേദിയില്‍ കൊണ്ടുവരുന്നതിനു സഹായിച്ച ആദ്യത്തെ രാഷ്ട്രീയ സമ്മേളനത്തിനാണ് ഒറ്റപ്പാലം വേദിയായിത്തീര്‍ന്നത്. സ്വാതന്ത്ര്യസമര പോരാട്ടത്തിലെ കേരള മോഡല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റപ്പാലം സമ്മേളനം തളര്‍ന്നു പോയ ജനോത്സാഹത്തിനു നവ ജീവന്‍ പകര്‍ന്നു. കേരള ചരിത്രത്തെ ഇളക്കി പ്രതിഷ്ഠിച്ച സമരത്തിനാണ് പിന്നീട് മലബാര്‍ സാക്ഷിയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  a day ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a day ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  a day ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  a day ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  a day ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  a day ago