വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09കോടി; ഉച്ചഭക്ഷണത്തിന് 344.64 കോടി, ഗസ്റ്റ് ലക്ചറര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയില്‍ നിന്ന് 95 കോടി രൂപയായി വര്‍ധിപ്പിച്ചു. സ്‌കൂള്‍കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കുന്നതിനായി 140 കോടി രൂപയാണ് വകയിരുത്തിയത്.
ഓട്ടിസം പാര്‍ക്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപ അനുവദിച്ചു. സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപയും സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ നടത്തിപ്പിലേക്ക് 60 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് 344.64 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മികവ് കൈവരിക്കുന്നതിന് സര്‍വകലാശാലകളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സഹായിക്കുന്നതിനുള്ള പ്രത്യേക കര്‍മപദ്ധതിക്ക് 2023-24 ല്‍ രൂപം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനായി 816.79 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ കമ്മിഷനുകള്‍ നിര്‍ദ്ദേശിച്ച വിധത്തില്‍ കേരളത്തിലെ വിവിധ വൈജ്ഞാനിക മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്14 കോടി രൂപയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് 19 കോടി രൂപയും വകയിരുത്തി.
തലശേരി ബ്രണ്ണന്‍ കോളജില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ അക്കാഡമിക് കോംപ്ലക്‌സ് നിര്‍മിക്കും. 30 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം 10 കോടി രൂപ അനുവദിച്ചു.
നൈപുണ്യവികസനം ഉറപ്പുവരുത്തുന്നതിന് ആസാപ്( അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) ന് 35 കോടി രൂപ വകയിരുത്തി.
സര്‍വകലാശാലകളുടെ അക്കാദമിക് രംഗത്തെ മികവ് മാറ്റുരക്കുന്നതിനായി അന്തര്‍സര്‍വകലാശാല അക്കാദമിക് ഫെസ്റ്റിവല്‍ ഈ വര്‍ഷം ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഗവര്‍ണ്‍മെന്റ് കോളജുകള്‍ക്ക് 98.35 കോടി രൂപ ധനസഹായം നല്‍കും.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള അടിയന്തര നടപടിയെന്ന നിലയില്‍ സര്‍വകലാശാല-കോളജ് തലങ്ങളിലെ ഗസ്റ്റ് ലക്ചറര്‍മാര്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."