23 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കും
പാലക്കാട്: റവന്യൂ വകുപ്പില്‍ നിന്ന് ലഭിക്കുന്ന 23 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കും.
ജാതി സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി വില്ലേജ് താലൂക്ക് ഓഫിസുകളില്‍ നിന്ന് കിട്ടുന്ന 23 വിഭാഗത്തില്‍പ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട ഓഫിസുകളില്‍ പോകാതെ തന്നെ ഈ സംവിധാനം വഴി ലഭിക്കും.
ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ 17 രൂപയാണ് ഒരു സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ ഫീസായി അടയ്‌ക്കേണ്ടത്. 10 രൂപ അക്ഷയ സര്‍വീസ് ചാര്‍ജ്, അഞ്ചു രൂപ ഇഡിസ്ട്രിക്ട് ഫീസ്, രണ്ടു രൂപ സര്‍ക്കാര്‍ സര്‍വീസ് ചാര്‍ജ് എന്നിങ്ങനെയാണ് 17 രൂപ ഈടാക്കുന്നത്. ബി.പി.എല്‍ വിഭാഗത്തിന് 15 രൂപയാണ് ഫീസ് (അക്ഷയ സര്‍വീസ് ചാര്‍ജ് 10 രൂപ, ഇഡിസ്ട്രിക്ട് ഫീസ് അഞ്ചു രൂപ). എസ്.സി.എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ അക്ഷയ സര്‍വീസ് ചാര്‍ജായ 10 രൂപ മാത്രം ഫീസായി നല്കിയാല്‍ മതി. കൂടാതെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും പ്രിന്റിങ്ങിനും സ്‌കാനിങ്ങിനും പേജ് ഒന്നിന് രണ്ടു രൂപ നിരക്കില്‍ നല്‌കേണ്ടതാണ്. ഫീസ് ഇളവ് ലഭിക്കുന്നതിന് ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ റേഷന്‍ കാര്‍ഡും , എസ്.സി.എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന രേഖയും ഹാജരാക്കണം.
ഇ-ഡിസ്ട്രിക് സേവനങ്ങള്‍ക്കായി രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ പിന്നീട് ഓരോ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്തും അക്ഷയ സെന്ററില്‍ ഹാജരാക്കേണ്ടതാണ്. അതിനാല്‍ അക്ഷയ സെന്ററില്‍ നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണം. ഫോണ്‍: 0491 2547820,2544188.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."