കോണ്‍ഗ്രസിന് പിന്തുണയുമായി പ്രകാശ് അംബേദ്ക്കര്‍; ഏഴ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ 7 ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് വഞ്ചിത് ബഹുജന്‍ ആഘാഡി (വിബിഎ) അധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍.ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയറിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് തെരഞ്ഞെടുക്കുന്ന ഏഴ് മണ്ഡലങ്ങളിലും പാര്‍ട്ടിയെ പിന്തുണക്കാനാണ് വി.ബി.എയുടെ തീരുമാനം. മണ്ഡലങ്ങളുടെ പേര് അറിയിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കത്തയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ശിവസേന യു.ബി.ടി നേതാവ് ഉദ്ധവ് താക്കറെക്കും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) അധ്യക്ഷന്‍ ശരദ് പവാറിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, താക്കറെയുംം പാര്‍ട്ടി തന്റെ പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെന്നും പ്രകാശ് അംബേദകര്‍ പറഞ്ഞു. മഹാവികാസ് അഘാഡിയുടെ അംഗമായ വി.ബി.എയോട് ശിവസേന യു.ബി.ടിയും എന്‍.സി.പിയും കാണിക്കുന്ന അവഗണന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവസാന പ്രതീക്ഷ കോണ്‍ഗ്രസില്‍ മാത്രമാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ഫാസിസ്റ്റുകളെ തുരത്തുകയാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്നും ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രകാശ് അംബേദ്കര്‍ കത്തില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."