HOME
DETAILS
MAL
തിരമാലകള്‍ക്കിടയിലെ നോമ്പിന് കാഠിന്യമേറെ
backup
April 18 2021 | 03:04 AM
കത്തുന്ന സൂര്യനു താഴെ ആര്‍ത്തലയ്ക്കുന്ന തിരമാലകളുടെ ഓളത്തിനൊത്ത് ആടിയുലഞ്ഞ് കടലാഴങ്ങളില്‍ ജീവനോപാധി തേടുന്നവരുടെ നോമ്പിനു സാധാരണക്കാരന്റേതില്‍നിന്ന് അല്‍പ്പം കാഠിന്യം കൂടും. സാധാരണ തൊഴിലുകളെക്കാള്‍ അല്‍പം കാഠിന്യമുള്ള ജോലിയാണ് മത്സ്യബന്ധനം. ജോലിയുടെ അധികഭാരവും സൂര്യന്‍ ഉച്ചിയില്‍ പതിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ ചൂടും കൂടിയാകുമ്പോള്‍ മത്സ്യത്തൊഴിലാളികളായ ഞങ്ങളുടെ നോമ്പിനു കൂടുതല്‍ പ്രയാസമേറും.
പകല്‍ സമയങ്ങളില്‍ സൂര്യന്‍ നേരിട്ട് ശരീരത്തില്‍ പതിക്കുന്നതിനാല്‍ ചൂട് വളരെ കൂടുതലായിരിക്കും. ഇതിന്റെ കൂടെ കടലിലെ അന്തരീക്ഷത്തില്‍ നിര്‍ജലീകരണം കൂടുന്നതും നോമ്പിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നുണ്ട്.
ഒരു ദിവസം പുലര്‍ച്ചെ മൂന്നിനോ നാലിനോ ബോട്ടുമായി കടലില്‍ ഇറങ്ങിയാല്‍ പിന്നെ മൂന്നും നാലും ദിവസം കഴിഞ്ഞായിരിക്കും മടക്കം. ഇതിനിടെ ഇഫ്താറും അത്താഴവും കടലില്‍ തന്നെ. വഞ്ചികളും ഫൈബര്‍ വള്ളങ്ങളും പുലര്‍ച്ചെ പുറപ്പെട്ട് സന്ധ്യയോടെ മടങ്ങിയെത്തും. വിശ്രമിക്കാന്‍ സൗകര്യമുള്ളതു കൊണ്ട് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ചെറിയ ആശ്വാസം ലഭിക്കും. എന്നാല്‍ വള്ളങ്ങളില്‍ മീന്‍ പിടിക്കാനിറങ്ങുന്നവര്‍ക്കാണ് നോമ്പുകാലം കഠിനമാകുന്നത്. വള്ളങ്ങളില്‍ കടല്‍ജലം കയറി ഉപ്പുവെള്ളം ശരീരത്തില്‍ പറ്റിപ്പിടിച്ചാല്‍ ക്ഷീണം വര്‍ധിക്കും.
എന്നാലും നോമ്പില്‍ വീഴ്ച വരുത്താറില്ല.
ഒരാഴ്ച വരെയുള്ള അത്താഴവും ഇഫ്താറും എല്ലാം ബോട്ടില്‍ തന്നെയായിരിക്കും. ഭക്ഷണത്തിനും മറ്റും വേണ്ട എല്ലാ സജ്ജീകരണങ്ങളുമായാണ് പുറപ്പെടുക. വത്തക്ക, കാരക്ക, മുന്തിരി അടക്കമുള്ള അത്യാവശ്യത്തിനു പഴവര്‍ഗങ്ങളും ലഘുപാനീയങ്ങള്‍ക്കുള്ള സാധനങ്ങളും ബോട്ടില്‍ കരുതും. ഇഫ്താറിനും അത്താഴത്തിനും ചോറും മീന്‍കറിയുമാണ് ആശ്രയം. ആദ്യകാലങ്ങളില്‍ അവിലും പഴവുമെക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഇന്ന് മാറിയ കാലത്തിനൊപ്പം ഈ അഡ്ജസ്റ്റ്‌മെന്റിലും മാറ്റം വന്നു. നല്ല മീന്‍ കിട്ടിയാല്‍ ചിലപ്പോള്‍ നെയ്‌ച്ചോറും മന്തിയും വരെ ബോട്ടുകളില്‍ തയാറാക്കും. നോമ്പുതുറയുടെയും അത്താഴത്തിന്റെയും കൃത്യസമയം അറിയുന്നതിനു നിസ്‌കാര സമയത്തിന്റെയും ചാര്‍ട്ടും കൊണ്ടാണ് പോകാറുള്ളത്. നോമ്പുതുറയ്ക്കാന്‍ സൂര്യാസ്തമയം നേരിട്ട് കാണുന്നതുകൊണ്ട് വലിയ പ്രയാസമുണ്ടാവില്ല.
സുബ്ഹി നിസ്‌കാരം കഴിഞ്ഞാണ് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോവുക. നോമ്പുതുറയ്ക്കുള്ള കാരക്കയും വത്തക്കയും വെള്ളവും കൈയില്‍ കരുതും. കടലില്‍ വച്ച് സൂര്യാസ്തമയമായാല്‍ ഇവ ഉപയോഗിച്ച് നോമ്പുതുറക്കും. കരയില്‍ എത്തിയതിനു ശേഷമായിരിക്കും ഭക്ഷണം. മത്സ്യബന്ധന തൊഴിലാളികളായ ഞങ്ങളെ സര്‍ക്കാര്‍ നിരന്തരം അവഗണിക്കുമ്പോഴും താങ്ങായി നില്‍ക്കുന്നത് ബോട്ടുടകമളാണ്. ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് അരി അടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ ഉടമകള്‍ എത്തിച്ചുനല്‍കാറുണ്ട്.
ചാലിയം ആരിഫ്, മാറാട് മുഹമ്മദ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."