പി.ബിയിൽ എത്താൻ മാത്രം വളർന്നിട്ടില്ല: ഇ.പി ജയരാജൻ
സുരേഷ് മമ്പള്ളി
കണ്ണൂർ
സി.പി.എമ്മിന്റെ പരമോന്നത ഘടകമായ പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടാൻ മാത്രം താൻ വളർന്നിട്ടില്ലെന്ന് മുതിർന്ന നേതാവ് ഇ.പി ജയരാജൻ.
പി.ബി സാധ്യതകൾ അടഞ്ഞുവെന്നതിന്റെ സൂചനയാണ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പിയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്നാണ് സൂചന.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, പ്രകാശ് കാരാട്ട് എന്നിവരുമായി കണ്ണൂർ ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇ.പി ജയരാജൻ നിലപാട് വ്യക്തമാക്കിയത്.
മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും സമാന പ്രതികരണം നടത്തിയിരുന്നു. പാർലമന്ററി പദവികളിലേക്ക് ഇനിയില്ലെന്നായിരുന്നു ഇ.പിയുടെ അന്നത്തെ പ്രതികരണം.
പോളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ മാത്രം അത്ര വലിയ നേതാവൊന്നുമല്ല താനെന്നാണ് ഇന്നലെ ഇ.പി ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിന്റെ മുഖ്യ സംഘാടകൻ കൂടിയാണ് ഇ.പി.
പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ, ദേശീയപാതാ വികസന വിഷയങ്ങൾ എന്നിവ ചർച്ചയാവില്ലെന്നും പാർട്ടിയുടെ നയരൂപീകരണമാണ് നടക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിവേദികളിൽ നിന്ന് ഇടക്കാലത്ത് വിട്ടുനിന്ന ജയരാജൻ എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോടെയാണ് വീണ്ടും സജീവമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."