മുഖ്യമന്ത്രിയുടെ നാം മുന്നോട്ട്; പാർട്ടി ചാനലിന് ചാകര പരിപാടി ഷൂട്ട് ചെയ്യാൻ കൈരളിക്ക് തുക വർധിപ്പിച്ച് സർക്കാർ, വർധിപ്പിച്ചത് ഇരട്ടിയിലധികം തുക
പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്
മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ട്' ഷൂട്ട് ചെയ്യാൻ പാർട്ടി ചാനലായ കൈരളിക്ക് തുക വർധിപ്പിച്ച് സർക്കാർ ഉത്തരവ്. നിലവിൽ ഫ്‌ളോർ ഷൂട്ട് ചെയ്യുന്ന ഒരു എപ്പിസോഡിന് 2.32 ലക്ഷമാണ് കൈരളിക്ക് ലഭിക്കുന്നത്. ഇതിന്റെ ഇരട്ടി തുകയാണ് ചാനലിന് വർധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
നേരത്തേയുള്ള തുക അപര്യാപ്തമാണെന്നും വർധിപ്പിക്കണമെന്നും കൈരളി ചാനൽ നടത്തിപ്പുകാരായ മലയാളം കമ്മ്യൂണിക്കേഷൻ ആവശ്യപ്പെടുകയായിരുന്നു.
ഇതു കഴിഞ്ഞ മാസം 28ന് സർക്കാർ അംഗീകരിക്കുകയും പബ്ലിക് റിലേഷൻസ് വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.
ഒരു ഷൂട്ടിൽ രണ്ട് എപ്പിസോഡുകൾ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിൽ ഒരു എപ്പിസോഡിന് മൂന്നു ലക്ഷം രൂപയും ജി.എസ്.ടിയും, ഒരു ഷൂട്ടിൽ ഒരു എപ്പിസോഡ് മാത്രമേ ലഭിക്കുന്നുള്ളുവെങ്കിൽ അഞ്ചു ലക്ഷം രൂപയും ജി.എസ്.ടിയും ലഭിക്കണമെന്നുമാണ് ചാനൽ ആവശ്യപ്പെട്ടത്. കൂടാതെ, പരിപാടിക്ക് എത്തുന്ന അതിഥികളുടെ യാത്ര, താമസം, ഷൂട്ടിങ്ങ് റദ്ദാക്കുക തുടങ്ങിയവയുടെ ചെലവുകളും ചാനലിന് അനുവദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കരാർ പി.ആർ.ഡി ഡയരക്ടർ, കൈരളി ചാനലുമായി ഏർപ്പെടേണ്ടതാണന്നും ഉത്തരവിൽ പറയുന്നു.
2017-18 മുതൽ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ജനതാൽപര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ട് ആരംഭിച്ചത്. വിവിധ മലയാളം ചാനലുകളിൽ അരമണിക്കൂർ ദൈർഘ്യത്തിലാണ് ഈ പ്രതിവാര സംവാദ പരിപാടി.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന പരിപാടിക്ക് സി ഡിറ്റ് ആണ് സാങ്കേതിക സഹായം നൽകുന്നത്. കൈരളി ചാനലിൽ നിന്നു പരിപാടി ഷൂട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
ഇതിനു വേണ്ടി മാത്രമാണ് ഇത്രയും തുക വർധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. നിലവിൽ ബജറ്റിൽ ആറു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രം ചെലവായത് 12 കോടിയിലധികം രൂപയാണെന്ന് നേരത്തെ വിവരാവകാശ രേഖകളിൽ വ്യക്തമായിരുന്നു.
ഫ്‌ളോർ ഷൂട്ടിന് നേരത്തെയുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ തന്നെ അധികമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ പാർട്ടി ചാനലായ കൈരളിക്ക് തുക ഉയർത്തി കൊടുത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."