സ്ഥിരം ഡയരക്ടറില്ലാതെ ആരോഗ്യ വകുപ്പ്
170 തസ്തികകളിൽ നിയമനമോ സ്ഥാനക്കയറ്റമോ ഇല്ല
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ആരോഗ്യ വകുപ്പിൽ തസ്തികകൾ അനുവദിക്കുമെന്ന് പറയുമ്പോഴും 170 തസ്തികകളിൽ നിയമനമോ സ്ഥാനക്കയറ്റമോ നടത്താതെ സർക്കാർ. വകുപ്പ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിയുടെ നിർണായക ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ പോലും സ്ഥിരം വകുപ്പ് ഡയറക്ടറെ നിയമിച്ചിരുന്നില്ല.
ഡോ. ആർ.എൽ സരിത ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ശേഷം ആരോഗ്യവകുപ്പിന് സ്ഥിരം ഡയറക്ടർ ഇല്ല. അഡിഷണൽ ഡയറക്ടർക്കാണ് നിലവിൽ ചുമതല. അഡ്മിനിസ്‌ട്രേറ്റീവ് കേഡറിൽ രണ്ട് അഡിഷണൽ ഡയറക്ടർമാരുടെയും ആറ് ഡെപ്യൂട്ടി ഡയറക്ടർമാരുടെയും ഏഴ് അസിസ്റ്റന്റ് ഡയറക്ടർമാരുടെയുമടക്കം 16 തസ്‌കതികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ജനറൽ കേഡറിൽ അഞ്ച് സിവിൽ സർജൻമാരുടെയും 45 അസിസ്റ്റന്റ് സർജൻമാരുടെയുമടക്കം 58 കസേരകളാണ് ഒഴിഞ്ഞു കിടക്കുന്നത്. സ്‌പെഷാലിറ്റി കേഡറിലും സ്ഥിതി വ്യത്യസ്തമല്ല. ജനറൽ മെഡിസിനിൽ 21, ജനറൽ സർജറിയിൽ 22, ഗൈനക്കോളജിയിൽ ആറും അനസ്‌തേഷ്യാ വിഭാഗത്തിൽ എട്ടും ഉൾപ്പെടെ 92 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
വർഷാ വർഷം പൊതുസ്ഥലംമാറ്റം നടക്കാറുണ്ടെങ്കിലും ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്ക് കഴിഞ്ഞവർഷം സ്ഥലംമാറ്റം നടത്തിയിട്ടില്ല.
കഴിഞ്ഞ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കേണ്ട ഈ പ്രക്രിയയുടെ കരട് പട്ടിക പോലും പ്രസിദ്ധീകരിച്ചത് ഈ വർഷം ജനുവരിയിലാണ്. അതുകഴിഞ്ഞ് രണ്ടു മാസമായിട്ടും അന്തിമപട്ടിക പുറപ്പെടുവിച്ചിട്ടില്ല. ഡി.എച്ച്.എസ് ഓഫിസിൽ ഇ ഓഫിസ് സംവിധാനം നടപ്പാക്കാത്തതിനാൽ ജനങ്ങൾക്ക് വിവിധ കാര്യങ്ങളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളോടൊപ്പം ഡോക്ടർമാരുടെ പ്രൊബേഷൻ പാസാക്കൽ, സർവിസ് റെഗുലറൈസേഷൻ, പൊലിസ് വെരിഫിക്കേഷൻ തുടങ്ങി നിരവധി വിഷയങ്ങളിൽ കാലതാമസം നേരിടുകയാണെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."