ബീറ്റ് ഫോറസ്റ്റ് ഓഫിസർ: പ്രത്യേക നിയമനവുമായി പി.എസ്.സി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കുമായി വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുള്ളവർക്കും അപേക്ഷിക്കാം. അഞ്ഞൂറോളം ഒഴിവുകളാണ് നിലവിലുള്ളത്. പൊതുവിഭാഗത്തിൽനിന്നുള്ള പ്രത്യേക നിയമനവും വനം വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേക്കുള്ള നിയമനവുമാണ് നടത്തുന്നത്.
എസ്.എസ്.എൽ.സിയാണ് യോഗ്യതയെങ്കിലും അവരുടെ അഭാവത്തിൽ തത്തുല്യ യോഗ്യത ഉള്ളവരെ പരിഗണിക്കും. യോഗ്യത ഉള്ളവർക്ക് രണ്ട് വിഭാഗത്തിലും അപേക്ഷിക്കാൻ കഴിയും. അവിവാഹിതയായ അമ്മമാർക്കും അവരുടെ മക്കൾക്കും വിധവകളുടെ മക്കൾക്കും മുൻഗണന ലഭിക്കും. വനപ്രദേശങ്ങളിൽ താമസിച്ച് വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യക്തിയാണെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരുടെ സാക്ഷ്യപത്രം ഹാജരാക്കണം. ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന ആളാണെങ്കിൽ അതു സംബന്ധിച്ച സാക്ഷ്യപത്രവും ഹാജരാക്കണം.
രേഖകൾ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി വരെ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പരീക്ഷാ തീയതി വരെ കമ്മിഷൻ നിശ്ചിയിച്ചിട്ടുണ്ട്.
അപേക്ഷകരുടെ എണ്ണത്തിനനുസൃതമായി പ്രാഥമിക പരീക്ഷ ആവശ്യമായി വന്നാൽ ഓഗസ്റ്റിൽ നടത്തും. കായികക്ഷമതാപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഈ മാസം 16 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."