ജാതിവ്യവസ്ഥയെ എതിർത്ത ആർ.എസ്.എസിനെ തള്ളി പുരി സ്വാമി; ജാതിവ്യവസ്ഥ ബ്രാഹ്മണരുടെ പ്രസാദം, ഐക്യരാഷ്ട്രസഭയുടെ കുരുക്കഴിക്കുന്നത് പോലും ബ്രാഹ്മണരെന്നും സ്വാമി
മുംബൈ: ജാതി, വർണ സമ്പ്രദായത്തെ അപലപിച്ച ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ തള്ളിപ്പറഞ്ഞ് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലടക്കം ജാതിവ്യവസ്ഥവേണമെന്നും ജാതിവ്യവസ്ഥ ബ്രാഹ്മണരുടെ വരപ്രസാദമാണെന്നും സ്വാമി പറഞ്ഞു. ഛത്തിസ്ഗഡിലെ ജഗ്ദൽപൂരിൽ മൂന്നുദിവസത്തെ ഹിന്ദുസമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു സ്വാമി. ശങ്കരാചാര്യ സ്വാമി സ്ഥാപിച്ച പുരിമഠത്തിന്റെ നിലവിലെ അധിപനാണ് നിശ്ചലാനന്ദ സരസ്വതി.
ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും ജാതിമേൽക്കോയ്മ സമൂഹത്തെ വഴിതെറ്റിക്കുന്നെന്നും അതിനെ അകറ്റിനിർത്തണമെന്നുമായിരുന്നു കഴിഞ്ഞദിവസം മോഹൻ ഭാഗവത് പ്രസംഗിച്ചത്. എന്നാൽ ആർ.എസ്.എസ് മേധാവിയുടെ പ്രസംഗത്തെ നിശിതമായാണ് സ്വാമി വിമർശിച്ചത്. സനാതന ഹിന്ദുക്കളുടെ പാരമ്പര്യം അവകാശപ്പെടാൻ ബ്രാഹമണർക്ക് മാത്രമെ കഴിയൂവെന്നും പുരി ശങ്കരാചാര്യസ്വാമി പറഞ്ഞു. ആദ്യത്തെ ബ്രാഹ്മണന്റെ പേര് ബ്രഹ്മാവ് എന്നാണ്. നിങ്ങൾ വേദം പഠിക്കണം. ലോകത്തെ എല്ലാ ശാസ്ത്രങ്ങളും കലകളും മറ്റും വ്യാഖ്യാനിച്ചത് ബ്രാഹ്മണർ മാത്രമാണ്. നിങ്ങൾ സനാതന സമ്പ്രദായം അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് വ്യവസ്ഥയാണ് ഇവിടെ ഉണ്ടാവേണ്ടത്.? ആർ.എസ്.എസിന് സ്വന്തമായി ഏതെങ്കിലും വിശുദ്ധ ഗ്രന്ഥമോ അതേ കുറിച്ച് അറിവോയില്ല. വർണാശ്രമ വ്യവസ്ഥ നടപ്പാക്കിയത് വിഡ്ഡികളല്ല, പണ്ഡിതൻമാരാണ്. ലോകം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഇന്നും ജനങ്ങൾ ബ്രാഹ്മണരുടെ അടുത്തേക്ക് വരുന്നു. ഐക്യരാഷ്ട്രസഭയുടെതടക്കമുള്ള എല്ലാ കുരുക്കുകളും ബ്രാഹ്മണരുടെ അടുത്തുവന്നാണ് പരിഹരിച്ചത്- പുരി സ്വാമി കൂട്ടിച്ചേർത്തു.
നേരത്തെ പ്രവാചകൻ മുഹമ്മദ് നബിയുടെയും യേശു ക്രിസ്തുവിന്റെയും പൂർവികർ സനാത ഹിന്ദുക്കളാണെന്നും പുരി സ്വാമി പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം ശിരോമണി രോഹിദാസിന്റെ 647ാം ജന്മവാർഷികത്തോടനുബന്ധിച്ച് മുംബൈ രവീന്ദ്ര നാട്യ മന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ആർ.എസ്.എസ് മേധാവി ജാത്യവ്യവസ്ഥയെ തള്ളിപ്പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."