കേഴുന്ന തുര്‍ക്കിക്കായി കൈകോര്‍ത്ത് ലോകം; രക്ഷാപ്രവര്‍ത്തനത്തിനൊപ്പം മരുന്നും അവശ്യവസ്തുക്കളും
അങ്കാറ: ഭൂകമ്പം സംഹാരതാണ്ഡവമാടിയ തുര്‍ക്കിയിലും സിറിയയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പുതഞ്ഞുപോയി ജീവനുവേണ്ടി യാചിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ ലോകം കൈകോര്‍ക്കുന്ന ഹൃദയസ്പൃക്കായ ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിപ്പോയി ദിവസങ്ങള്‍ക്കു ശേഷവും ജീവനോടെ അവശേഷിക്കുന്ന നിരവധി പേരെയാണ് ഓരോ മണിക്കൂറിലും പുറത്തെടുക്കുന്നത്.
രക്ഷാപ്രവര്‍ത്തരെയും സൈനികരെയും അയച്ചും അടിയന്തര മെഡിക്കല്‍ സംഘത്തെ അയച്ചും മരുന്നും ഭക്ഷണ സാധനങ്ങളും എത്തിച്ചുനല്‍കിയും സാമ്പത്തിക സഹായം നല്‍കിയും 75ലേറെ രാജ്യങ്ങളാണ് ഇതിനകം രംഗത്തെത്തിയത്. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ തുടങ്ങി മിക്ക രാജ്യങ്ങളുടെയും സഹായഹസ്തം ദുരന്തമുഖത്ത് കാണാം. പൊതുജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിരവധി രാജ്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഓപറേഷന്‍ ദോസ്ത് എന്ന പേരിലാണ് ഇന്ത്യയുടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍. ഓപറേഷന്‍ ഗാലന്റ് നൈറ്റ് എന്ന പേരിലാണ് യു.എ.ഇയുടെ പ്രവര്‍ത്തനങ്ങള്‍. ഇന്നലെ യു.എ.ഇയുടെ എമിറാത്തി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ നാലംഗ സിറിയന്‍ കുടുംബത്തെ തുര്‍ക്കിയിലെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തു. ഓപറേഷന്‍ ഗാലന്റ് നൈറ്റ്/2 പ്രകാരം, ഒരു അമ്മയെയും മകനെയും രണ്ട് പെണ്‍മക്കളെയും തകര്‍ന്ന വീടിനടിയില്‍ നിന്ന് സംഘം ജീവനോടെ വീണ്ടെടുത്തു.
ഇതുവരെ 15,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട ദുരന്തത്തിനിടയിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആനന്ദാശ്രുക്കള്‍ പൊഴിയുന്ന അപൂര്‍വ നിമിഷങ്ങളാണിവ. ഇനിയും നിരവധി പേര്‍ ജീവനോടെ അവശേഷിക്കുന്നുണ്ടാവാമെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും തുടരുകയാണ്. കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ തങ്ങളുടെ ഉറ്റവര്‍ ജീവനോടെ ബാക്കിയാവണേയെന്ന് കരഞ്ഞുപ്രാര്‍ത്ഥിച്ച് കാത്തിരിക്കുന്നവരുടെ വിലാപങ്ങള്‍ കരളലിയിക്കുന്നതാണ്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും ഉറ്റകുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കും താല്‍ക്കാലിക അഭയവും ഭക്ഷണവും നല്‍കുകയെന്ന വലിയ ദൗത്യവും നടന്നുവരുന്നു. മസ്ജിദുകളിലും സ്റ്റേഡിയങ്ങളിലും അഭയംപ്രാപിച്ച് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന ചിത്രങ്ങള്‍ ഇവിടെ നിന്ന് പുറത്തുവരുന്നുണ്ട്.
2011 മാര്‍ച്ചില്‍ ജപ്പാനിലും തെക്കുകിഴക്കന്‍ ഏഷ്യയിലും 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും സുനാമിയിലുമായി 20,000ത്തോളം പേര്‍ കൊല്ലപ്പെട്ട ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."