കുപ്രസിദ്ധ റഷ്യന്‍ ദേശീയവാദി മംഗുഷേവ് ഉക്രൈനില്‍ വെടിയേറ്റ് മരിച്ചു
മോസ്‌കോ: കുപ്രസിദ്ധ റഷ്യന്‍ സൈനിക ക്യാപ്റ്റനും കൂലിപ്പടയാളിയുമായ ഇഗോര്‍ മംഗുഷേവ് അധിനിവേശ ഉക്രൈനില്‍ കൊല്ലപ്പെട്ടു. തലയ്ക്ക് വെടിയേറ്റു ചികില്‍സയിലായിരുന്ന അദ്ദേഹം ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ മരിച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. മംഗുഷേവിന്റെ ഭാര്യ ടാറ്റിയാനയും മരണം സ്ഥിരീകരിച്ചു.
അധിനിവേശ ലുഹാന്‍സ്‌കിലെ ആന്റി ഡ്രോണ്‍ വിരുദ്ധ യൂണിറ്റിന്റെ കമാന്‍ഡറായിരുന്നു. ഉക്രേനിയന്‍ സേനക്കെതിരേ പോരാടാന്‍ 2014ല്‍ രൂപീകരിച്ച കൂലിപ്പടയാളി സംഘത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്.
തലയുടെ മുകളില്‍ നിന്ന് ക്ലോസ് റേഞ്ചില്‍ 45 ഡിഗ്രി കോണില്‍ തൊടുത്ത 9 എം.എം ബുള്ളറ്റാണ് മംഗുഷേവിന്റെ ജീവനെടുത്തതെന്ന് റഷ്യന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യന്‍ അധികാരികള്‍ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. അധിനിവേശ ഉക്രേനിയന്‍ പട്ടണമായ കാദിവ്കയിലെ ഒരു ചെക്ക് പോയിന്റില്‍ ആരാണ് ആക്രമണം നടത്തിയതെന്നതിനെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒരു പുരുഷന്റെ തലയോട്ടി പിടിച്ച് മംഗുഷേവ് വേദിയിലെത്തിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തെക്കന്‍ തുറമുഖമായ മരിയൂപോളില്‍ കൊല്ലപ്പെട്ട ഒരു ഉക്രേനിയന്‍ പോരാളിയുടെ തലയോട്ടിയാണിതെന്ന് മംഗുഷേവ് വിഡിയോയില്‍ പറയുന്നുണ്ട്. ഉക്രൈനിലെ ജനങ്ങള്‍ക്കെതിരേ റഷ്യ യുദ്ധത്തിലല്ല, മറിച്ച് ഉക്രെയ്ന്‍ ഒരു 'റഷ്യന്‍ വിരുദ്ധ രാഷ്ട്രം' എന്ന ആശയത്തോടാണ് എതിര്‍പ്പെന്നും എത്ര ഉക്രേനിയക്കാര്‍ മരിച്ചു എന്നത് പ്രശ്‌നമല്ലെന്നും തീവ്ര ദേശീയവാദിയായ മംഗുഷേവ് ഒരിക്കല്‍ പറഞ്ഞു.
മംഗുഷേവ് ഒരു നവനാസി പ്രസ്ഥാനത്തില്‍ നിന്ന് യെനോട്ട് (റാക്കൂണ്‍) എന്ന സ്വകാര്യ കൂലിപ്പടയാളി സംഘത്തിന്റെ സഹസ്ഥാപകനായി ഉയര്‍ന്നു. റഷ്യയിലെ ഏറ്റവും കുപ്രസിദ്ധമായ കൂലിപ്പടയാളിയായ യെവ്‌ജെനി പ്രിഗോജിനുമായി രാഷ്ട്രീയ തന്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹം സഹകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."