HOME
DETAILS
MAL
കര്‍ണാടകയില്‍ ഇഞ്ചിക്കൃഷി നടത്തുന്ന മലയാളികള്‍ ആശങ്കയില്‍
backup
April 21 2021 | 00:04 AM
കല്‍പ്പറ്റ: കൊവിഡ് വ്യാപിക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇഞ്ചിക്കൃഷി നടത്തുന്ന മലയാളികള്‍ ആശങ്കയില്‍. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംസ്ഥാനവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കഴിഞ്ഞവര്‍ഷം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇഞ്ചി കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിറക്കാന്‍ കഴിയാതെവന്നതിനാല്‍ കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായത്. ഇക്കുറി കര്‍ണാടകയില്‍ പലയിടത്തും പാട്ടഭൂമിയില്‍ ഇഞ്ചിനടീല്‍ പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണിയുയര്‍ന്നത്.
സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയോ കൃഷിയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ വിത്തിറക്കല്‍ നിര്‍ത്തിവയ്ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. കഴിഞ്ഞവര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ ഇഞ്ചിക്കൃഷിയുള്ള പ്രദേശങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങളും ഊരുമൂപ്പന്‍മാരും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
മലയാളികളുടെ ഇഞ്ചിപ്പാടങ്ങളില്‍ ജോലിക്ക് പോകുന്നതില്‍നിന്ന് തൊഴിലാളികളെ വിലക്കുകപോലും ചെയ്തു.
സാമൂഹികവിരുദ്ധരുടെ ഭീഷണിയും കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്നു. കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, ചാമരാജ്‌നഗര്‍, കുടക്, ഷിമോഗ ജില്ലകളിലാണ് പ്രധാനമായും കേരളത്തില്‍ നിന്നുള്ള കര്‍ഷകരുടെ ഇഞ്ചിക്കൃഷി. ഒറ്റയ്ക്കും കൂട്ടായും 100 ഏക്കര്‍ വരെ ഭൂമിയില്‍ ഇഞ്ചിക്കൃഷി നടത്തുന്ന മലയാളികള്‍ നിരവധിയാണ്. തദ്ദേശീയ ഇഞ്ചിക്കര്‍ഷകര്‍ വേറെയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."