പ്രതിപക്ഷം എറിയുന്ന ചെളിയിലാണ് താമര ശക്തമായി വളരുന്നത്; പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവനയ്‌ക്കെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭയില്‍ ചില പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവന നിരാശാജനകമാണെന്നും അവരുടെ പെരുമാറ്റം രാജ്യതാത്പര്യത്തിന് എതിരെന്നും മോദി വിമര്‍ശിച്ചു. രാജ്യസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയിര്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തന്റെ വാക്കുകള്‍ ജനം കേള്‍ക്കുന്നുണ്ട്, എല്ലാം ജനങ്ങള്‍ക്ക് മനസിലാകും. പ്രതിഷേധം രാജ്യ താത്പര്യത്തിന് എതിരാണ്. പ്രതിപക്ഷം ചെളി വാരി എറിയുകയാണ്. ചെളിയില്‍ താമര ശക്തമായി വളരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികള്‍ക്കിടയിലും പ്രധാനമന്ത്രി തന്റെ പ്രസംഗം പൂര്‍ത്തിയാക്കി.
രാജ്യവളര്‍ച്ച തടഞ്ഞത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് തകര്‍ത്ത ഭാരതത്തെ ബിജെപി വളര്‍ത്തി. കോണ്‍ഗ്രസിന് കുടുംബ താത്പര്യം മാത്രമാണ് ലക്ഷ്യം. ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ജനങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിച്ചു. തോല്‍വിയില്‍ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും മോദി പറഞ്ഞു.
വിവാദമല്ല ലക്ഷ്യം വികസനം മാത്രം. ഗരീബ് കല്യാണ്‍ യോജന പദ്ധതി പാവങ്ങളെ തുണച്ചെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനസേവയാണ് യഥാര്‍ത്ഥ മതേതരത്വം. ബിജെപിയുടേത് യഥാര്‍ത്ഥ മതേതരത്വമെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസ് ഭരണ കാലത്ത് ആദിവാസികള്‍ ഭീതിയിലാണ് കഴിഞ്ഞത്.വര്‍ഷങ്ങളായി കോണ്‍ഗ്രസ് അവരെ തഴഞ്ഞിട്ടിരിക്കുകയായിരുന്നു. കര്‍ഷകരെ കോണ്‍ഗ്രസ് ചൂഷണം ചെയ്തു.എന്നാല്‍ ഈ സര്‍ക്കാര്‍ കര്‍ഷകരെ സാമ്പത്തികമായി ശാക്തീകരിച്ചുവെന്നും മോദി കൂട്ടിച്ചെര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."