'ജനങ്ങളുടെ ജീവനെ കുറിച്ചല്ല, കമ്പനികളെ കുറിച്ചാണ് കേന്ദ്രം ആശങ്കപ്പെടുന്നത്'; മോദി സര്‍ക്കാറിനെ വലിച്ചു കീറിയ ഹൈക്കോടതിയുടെ വാക്കുകള്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തില്‍ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമഴിച്ചുവിട്ട് ഡല്‍ഹി ഹൈക്കോടതി. ജനങ്ങളുട ജീവനേക്കാള്‍ കമ്പനികള്‍ക്ക് വിലകല്‍പിക്കുന്ന സര്‍ക്കാറാണിതെന്ന് കോടതി തുറന്നടിച്ചു. മാക്‌സ് ഗ്രൂപ്പിന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
ഓക്സിജന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാന്‍ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. പൗരന്മാര്‍ക്ക് സര്‍ക്കാരിനെ തന്നെയല്ലേ ആശ്രയിക്കാന്‍ സാധിക്കൂ. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങള്‍ക്ക് ഓക്സിജന്‍ എത്തിക്കണമെന്നും കോടതി പറഞ്ഞു.
ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് ഇങ്ങനെ അവഗണിക്കാനും മറന്നുകളയാനും സാധിക്കുന്നത്. ഓക്സിജന്‍ ലഭിക്കാത്തതിന്റെ പേരില്‍ ജനങ്ങളെ മരിക്കാന്‍ വിടാന്‍ കഴിയില്ല. നിങ്ങള്‍ ഇങ്ങനെ സമയമെടുക്കുമ്പോള്‍ ആളുകള്‍ മരിച്ചു വീഴുകയാണ്.
വ്യവസായങ്ങള്‍ക്ക് ഇപ്പോഴും ഓക്‌സിജന്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജനങ്ങള്‍ മരിക്കുമ്പോഴും നിങ്ങള്‍ക്ക് കമ്പനികളെ കുറിച്ചാണ് ചിന്തിക്കുന്നത്, ഇത്തരമൊരു അടിയന്തര ഘട്ടത്തില്‍ പോലും. മനുഷ്യജീവന് ഈ സര്‍ക്കാര്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് തന്നെയാണ് അതിന്റെ അര്‍ത്ഥമെന്നും കോടതി പറഞ്ഞു. ചൊവ്വാഴ്ച വ്യവസായങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സ്റ്റീല്‍, പെട്രോളിയം വ്യവസായങ്ങള്‍ക്കാണ് പ്രധാനമായും ഓക്‌സജന്‍ ആവശ്യമായി വരുന്നത്. എന്നാല്‍, ഈ ഉത്തരവ് നടപ്പാക്കാതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്.
ആശുപത്രികള്‍ക്ക് ഓക്സിജനില്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്നത് മനസ്സിലാക്കാന്‍ പോലുമാകുന്നില്ല. രാജ്യം മുഴുവന്‍ ഓക്സിജന്‍ എത്തിക്കാനായി കേന്ദ്രം എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഉടന്‍ അറിയണമെന്നും കോടതി പറഞ്ഞു. ജനങ്ങളുടെ മൗലികവകാശമായ ജീവനുള്ള അവകാശം സംരക്ഷിക്കാനുള്ള നടപടികള്‍ ഏതുവിധേനയും സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഇത്തരമൊരു ഹരജി കോടതിക്ക് മുമ്പാകെ എത്തുമെന്ന് അറിയാമായിരുന്നു. നിങ്ങള്‍ക്ക് സാഹചര്യമെന്തെന്ന് അറിയാം. ഇന്നലെ അതിനെ കുറിച്ച് കോടതിയും ഓര്‍മപ്പെടുത്തിയതാണ്. അക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന പറഞ്ഞ കോടതി ഫയലുകള്‍ നീക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കേണ്ടെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ ഫയലുകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകില്ലെന്നും കോടതി ഓര്‍മപ്പെടുത്തി.
പെട്രോളിയം, സ്റ്റീല്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജന്‍ ആശുപത്രികളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തതെന്ന് ചോദിച്ച കോടതി
ടാറ്റ കമ്പനിയ്ക്ക് അവരുടെ സ്റ്റീല്‍ പ്ലാന്റില്‍ നിന്നും ഓക്സിജന്‍ എത്തിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും സാധിക്കില്ലേയെന്നും കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നുന്നില്ലേ. വ്യവസായികള്‍ സഹായിക്കും. ഇത് അടിയന്തര സാഹചര്യമാണ്. നിങ്ങള്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്ന് പറഞ്ഞാല്‍ ഒരു വ്യവസായിയും പറ്റില്ലെന്ന് പറയില്ല.
മാത്രമല്ല, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനികളുമുണ്ടല്ലോയെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം നല്‍കിയിട്ടും എന്താണ് ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ ചെയ്തതെന്നും കോടതി ചോദിച്ചു. പൊതുമേഖല എണ്ണകമ്പനികളില്‍ നിന്ന് ഓക്‌സിജന്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ള ക്രമീകരണം ഒരുക്കണം. ഓക്‌സിജന്‍ വിതരണം ഉറപ്പാക്കേണ്ടത് കേന്ദ്രസര്‍ക്കാറിന്റെ ബാധ്യതയാണെന്നും കോടതി ആവര്‍ത്തിച്ചു.
എന്താണ് സര്‍ക്കാരിന് ഇപ്പോഴും യാഥാര്‍ത്ഥ്യം മനസ്സിലാകാത്തത്. ഞങ്ങള്‍ ഞെട്ടിയിരിക്കുകയാണ്. എന്താണ് ഇവിടെ സംഭവിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ ഇവിടെ എല്ലാം തകിടംമറിയും. ആയിര കണക്കിന് പേര്‍ മരിച്ചുവീഴുന്നത് കാണണമെന്നാണോ കേന്ദ്രം കരുതുന്നതെന്നും ദയവ് ചെയ്ത് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയെ കുറിച്ച് മാത്രമല്ല ഞങ്ങളുടെ ആശങ്ക. ഇന്ത്യയില്‍ ഓക്‌സിജന്‍ വിതരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയാന്‍ താല്‍പര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."