തുര്‍ക്കി ഭൂചലനം: കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: തുര്‍ക്കിയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കിഴക്കന്‍ അനറ്റോളയിലെ മലാത്യ നഗരത്തില്‍ തകര്‍ന്നുവീണ 24 നില കെട്ടിടത്തിന്റെ അടിയില്‍നിന്നു ശനിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടതു കൈയില്‍ പതിച്ചിരുന്ന ടാറ്റൂ തിരിച്ചറിഞ്ഞാണ് മരിച്ചത് വിജയ് കുമാര്‍ ആണെന്ന് കുടുംബം സ്ഥിരീകരിച്ചത്.
ബെംഗളൂരുവിലെ പീന്യ കേന്ദ്രീകരിച്ചുള്ള ഓക്സിപ്ലാന്റ്സ് ഇന്ത്യയിലെ ഗ്യാസ് പൈപ്പ്ലൈന് ഇന്സ്റ്റലേഷന് എന്‍ജിനീയറായ വിജയ് കുമാര്‍ ജനുവരി 23 നാണ് പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായി തുര്‍ക്കിയിലെത്തിയത്. മലാത്യയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലായ അവ്സറിലെ രണ്ടാം നിലയിലുള്ള മുറിയിലാണ് വിജയ് കുമാര്‍ താമസിച്ചിരുന്നത്.
ഭൂചലനം ഉണ്ടായ തിങ്കളാഴ്ച മുതല്‍ വിജയ് കുമാറിനെ കുറിച്ചു വിവരം ഉണ്ടായിരുന്നില്ല. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ അഞ്ചാം ദിവസമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ സ്വദേശിയാണ് വിജയ് കുമാര്‍. ഭൂചലനത്തെ തുടര്‍ന്നു വിജയ് കുമാറിനെക്കുറിച്ച് വിവരം ഇല്ലാതായതോടെ തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ മലാത്യയിലെ രക്ഷാപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."