എ.ഡി.ജി.പിമാരുടെ സ്ഥാനക്കയറ്റം: കേന്ദ്രം അനുമതി നിഷേധിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്തെ രണ്ട് എ.ഡി.ജി.പിമാർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചു.
എ.ഡി.ജി.പിമാരായ ആർ. ആനന്ദകൃഷ്ണൻ, കെ. പത്മകുമാർ എന്നിവർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകുന്നതിന് അനുമതി തേടി കഴിഞ്ഞ മാസം പത്തിനാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത്. സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തിന് സർവിസ് കാലാവധി ഒരു വർഷം കൂടി സർക്കാർ നീട്ടി നൽകിയ പശ്ചാത്തലത്തിലാണ് അധിക ഡി.ജി.പി തസ്തികകൾ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സ്ഥാനക്കയറ്റത്തിന് അനുമതി നിഷേധിച്ചത്.
കേരളത്തിനായി നാല് ഡി.ജി.പി തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. അതിൽ ഒന്ന് ഡി.ജി.പി അനിൽകാന്തിന്റെ തസ്തികയാണ്.
അനിൽകാന്ത് കഴിഞ്ഞ ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. എന്നാൽ അനിൽകാന്തിന് അടുത്ത വർഷം ജൂലൈ 31വരെ സർക്കാർ സമയം നീട്ടി നൽകി. ഇതോടെ ഒരു ഡി.ജി.പി തസ്തികയിൽ ഈ വർഷം പ്രതീക്ഷിച്ചിരുന്ന ഒഴിവ് ഇല്ലാതായി. ഇതിനിടെ സ്ഥാനക്കയറ്റത്തിലെ കാലതാമസം ഒഴിവാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പിമാരായ ആനന്ദകൃഷ്ണനും കെ. പത്മകുമാറും സർക്കാരിന് കത്ത് നൽകി. തുടർന്നാണ് പുതിയ ഡി.ജി.പി തസ്തികകൾ സൃഷ്ടിച്ച് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രാനുമതി തേടിയത്.
കേന്ദ്രം അനുമതി നിഷേധിച്ചതോടെ ആനന്ദ കൃഷ്ണന് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ വിജിലൻസ് ഡയരക്ടറായ സുധേഷ് കുമാർ വിരമിക്കുന്ന സെപ്റ്റംബർ വരെയും പത്മകുമാറിന് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ വിരമിക്കുന്ന അടുത്ത വർഷം മേയ് വരെയും കാത്തിരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."