സ്ഥലമെടുപ്പ് അടുത്തമാസം പൂര്‍ത്തിയാക്കാന്‍ പദ്ധതി
കണ്ണൂര്‍: ദേശീയപാത വികസനത്തിനായി കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നടക്കുന്ന സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതി പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
ജില്ലയില്‍ ഇതിനകം 3 ഡി വിജ്ഞാപനം ഇറക്കിയ 104 ഹെക്ടര്‍ ഭൂമിയില്‍ വ്യക്തിഗത കൈവശസ്ഥലങ്ങള്‍ അളന്ന് മഹസര്‍ തയാറാക്കുന്ന നടപടി പുരോഗമിക്കുകയാണെന്നു കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. നടപടിക്രമങ്ങള്‍ അടുത്തമാസത്തോടെ പൂര്‍ത്തിയാക്കുംവിധമുള്ള പ്രവര്‍ത്തന പദ്ധതിക്കു രൂപം നല്‍കി. വില്ലേജ്തലത്തില്‍ പ്രത്യേക ആക്ഷന്‍പ്ലാന്‍ തയാറാക്കിയാണ് ഇതു നടപ്പാക്കുന്നത്. ഇതോടൊപ്പം ഏറ്റെടുക്കുന്ന ഭൂമിക്കും അവിടെയുള്ള കെട്ടിടങ്ങള്‍, മരങ്ങള്‍ തുടങ്ങിയവയ്ക്കും വിലയിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ജില്ലയില്‍ ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കേണ്ട 148 ഹെക്ടര്‍ ഭൂമിക്ക് 3എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി ദേശീയപാതാ അതോറിറ്റിക്കു കത്തയച്ചിട്ടുണ്ട്. വിജ്ഞാപനം ഇറങ്ങുന്ന മുറയ്ക്കു സര്‍വേ ആരംഭിക്കും. സ്ഥലമെടുപ്പ് പുരോഗതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫീല്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യോഗത്തില്‍ കലക്ടര്‍ അറിയിച്ചു.
ഒക്‌ടോബറോടെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട വിശദപദ്ധതിരേഖ (ഡി.പി.ആര്‍) തയാറാക്കാനാണു സര്‍ക്കാര്‍ തീരുമാനമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി പറഞ്ഞു. സ്ഥലമേറ്റെടുപ്പിന് ആവശ്യമായിവരുന്ന പണം എത്രയെന്ന ഏകദേശ കണക്ക് അതോറിറ്റിക്ക് ഉടന്‍ കൈമാറാനും അദ്ദേഹം നിര്‍ദേശം നല്‍കി. പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ കെ.പി പ്രഭാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.വി ഗംഗാധരന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ-എന്‍.എച്ച്) പി.വി ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."