കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കും; 2018 മുതലുള്ള കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് കെ.വി തോമസ്
തിരുവനന്തപുരം: അച്ചടക്ക സമിതിയുടെ നോട്ടിസിന്മേല്‍ മറുപടി നല്‍കുമെന്ന് കെ.വി തോമസ്. 2018 മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കും. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പാര്‍ട്ടി നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും കെ.വി തോമസ് പറഞ്ഞു.
പരാതി നല്‍കിയ കെ.പി.സി.സി പ്രസിഡന്റിന് പ്രത്യേക അജന്‍ഡയാണുള്ളത്. അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്ത് പോലും തന്നെ അധിക്ഷേപിച്ചു. ഇതു മര്യാദയല്ല. പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കുമെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നിര്‍ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ.വി.തോമസിന് എഐസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നൽകിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി നൽകണം. എ.കെ.ആൻ്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതിയാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കെ വി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
കെ.വി.തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്കസമിതി ഇക്കാര്യത്തിൽ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നൽകും. നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ.വി.തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണം എന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."