മുസ്‌ലിം വ്യാപാരികളെ ഒഴിപ്പിച്ചു, സംഘടനയില്‍ നിന്ന് അംഗത്വം റദ്ദാക്കി, നഗരം വിട്ടു പോവാനും നിര്‍ദ്ദേശം; ഉത്തരാഖണ്ഡില്‍ മുസ്‌ലിംകള്‍ക്കെതിരെ വീണ്ടും ഹിന്ദുത്വവാദികള്‍
ഡെറാഡൂണ്‍: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ള നടപടികള്‍ വീണ്ടും. പിത്തോഗഡ് ജില്ലയിലെ ധാര്‍ചുല നഗരം വിട്ടുപോകാന്‍ നൂറോളം മുസ്‌ലിം വ്യാപാരികളോട് ഹിന്ദുത്വവാദികള്‍ ആവശ്യപ്പെട്ടു. വ്യാപാരി സംഘടനകളുടെ യൂനിയനില്‍നിന്ന് മുസ് ലിംകളുടെ അംഗത്വം റദ്ദാക്കി. പ്രദേശത്തെ മുസ്‌ലിം വ്യാപാരികളുടെ കടകള്‍ ആക്രമിക്കുകയും ചെയ്തു. സംസ്ഥാനത്തെ പുരോലയിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയില്‍ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട രണ്ട് കൗമാരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുസ് ലിം വ്യാപാരികളോട് പ്രദേശം വിടാന്‍ ധാര്‍ചുലയിലെ വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടത്.
ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരാണ് വ്യാപാരി സംഘടനകളുടെ തലപ്പത്ത്. പ്രാദേശിക ഭരണകൂടവുമായി ആലോചിച്ചാണ് വ്യാപാര സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് ധാര്‍ചുല വ്യാപാര്‍ മണ്ഡല്‍ ജനറല്‍ സെക്രട്ടറി മഹേഷ് ഗബ്രിയാല്‍ പറഞ്ഞു. പുറംനാട്ടുകാരുടെ വ്യാപാരവും സാന്നിധ്യവും പ്രദേശത്തെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ വ്യാപാരി സംഘടനാ നേതാക്കള്‍ക്കെതിരേ പൊലിസ് കേസെടുത്തു. മാധ്യമ വാര്‍ത്തകള്‍ പരിഗണിച്ച് സ്വമേധയാ ആണ് നടപടി. സംഘടനയുടെ അംഗങ്ങളായ ആറുപേര്‍ക്കെതിരേയും അജ്ഞാതരായ 40 പേര്‍ക്കെതിരേയുമാണ് കേസെടുത്തതെന്ന് പൊലിസ് അറിയിച്ചു. 143 (കലാപം), 323 (മനഃപൂര്‍വം മുറിവേല്‍പ്പിക്കല്‍), 504 (പൊതു സമാധാനത്തിന് ഭംഗംവരുത്തല്‍), 506 (തടഞ്ഞുവയ്ക്കല്‍), 295എ (മതവികാരം വ്രണപ്പെടുത്തല്‍), 153 ബി (ദേശീയോദ്ഗ്രഥനത്തിനെതിരായ നീക്കം) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.
ഹിന്ദുത്വ ഭീഷണിയെത്തുടര്‍ന്ന് പ്രദേശത്തെ മുസ്‌ലിം വ്യാപാരികള്‍ രണ്ട് മൂന്ന് ദിവസമായി കടകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പൊലിസ് നടപടിയുണ്ടായതോടെയാണ് കടകള്‍ തുറന്നത്. ഇതുവരെ ആരും നാടുവിട്ടിട്ടില്ലെന്നും കടകള്‍ക്ക് സുരക്ഷയൊരുക്കുമെന്നും ധാര്‍ചുല സര്‍ക്കിള്‍ ഓഫിസര്‍ പര്‍വേസ് അലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."