സംസ്ഥാനം അടച്ചുകെട്ടില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനം അടച്ചുപൂട്ടേണ്ടതില്ലെന്ന് തീരുമാനം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ ലോക്ക്ഡൗണിന് തുല്യമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വിദഗ്ധ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ജനങ്ങളെയും മോശമായി ബാധിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടെടുത്തു. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരുകയും രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സര്‍വകക്ഷി യോഗത്തിനു ശേഷം സര്‍ക്കാര്‍ തീരുമാനിച്ചത്. വാഹനഗതാഗതത്തിന് നിലവില്‍ പുതിയ നിയന്ത്രണങ്ങളൊന്നുമില്ല.
നിയന്ത്രണങ്ങള്‍
സംസ്ഥാനത്തെ രാത്രി കര്‍ഫ്യൂ തുടരും
ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങള്‍
രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ കടുത്ത നിയന്ത്രണം. ഇക്കാര്യം ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം.
ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും നിരോധിച്ചു
എല്ലാ യോഗങ്ങളും ഓണ്‍ലൈനായി മാത്രം
രാത്രികാലത്ത് ഒത്തുചേരലുകള്‍ പാടില്ല. എന്നാല്‍ അവശ്യസേവനങ്ങള്‍, ആശുപത്രികള്‍, മരുന്നുഷാപ്പുകള്‍, മാധ്യമങ്ങള്‍, പാല്‍വിതരണം എന്നിവയ്ക്ക് ഒഴിവ്
അതിഥിതൊഴിലാളികള്‍ക്കായി ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍
തടവുകാര്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണിക്കും
ഓഫിസുകള്‍
സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍
ആരോഗ്യം, റവന്യൂ, പൊലിസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓഫിസുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. സ്വകാര്യ ഓഫിസുകളും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി
വിദ്യാഭ്യാസം
സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍
ഹോസ്റ്റലുകളില്‍ കര്‍ശനനിയന്ത്രണം
വ്യാപാരം
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം രാത്രി 7.30വരെ മാത്രം
കൊവിഡ് ചട്ടം പാലിക്കാത്ത മാര്‍ക്കറ്റുകള്‍ പൂര്‍ണമായും അടയ്ക്കും. കൊവിഡ് വ്യാപനത്തോത് അനുസരിച്ച് അടച്ചിടല്‍ കൂടുതല്‍ ദിവസത്തേക്ക് വേണമെങ്കില്‍ തുടരും
ഹോട്ടലുകളില്‍ രാത്രി ഒന്‍പതു മണിവരെ പാഴ്‌സല്‍ നല്‍കാം
കടകളില്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ തയാറാകണം
ബാറുകള്‍, മദ്യവില്‍പന ശാലകള്‍, ജിമ്മുകള്‍, സിനിമാ തിയറ്റര്‍, ഷോപ്പിങ് മാള്‍, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളം, വിനോദപാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തി
റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ചുരുക്കണമെന്ന ആവശ്യം പരിശോധിക്കും
ചടങ്ങുകള്‍
വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താന്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് അനുമതി
സാമൂഹ്യ, സാംസ്‌കാരിക, മതപരമായ ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ടത്തിനും നിരോധനം
ആരോഗ്യം
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ ഫലം വൈകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും
ഇ.എസ്.ഐ ആശുപത്രികളെകൂടി കൊവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിര്‍ദേശം പരിശോധിക്കും
ആദിവാസി മേഖലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കും
കൃഷി
കൃഷി, വ്യവസായം, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ മത്സ്യ ബന്ധനം, പാല്‍ ഉല്‍പ്പാദനം, തൊഴിലുറപ്പ് പദ്ധതി, കുടില്‍ വ്യവസായം, നിര്‍മാണ പ്രവര്‍ത്തനം എന്നിവ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കും
നിയമനടപടി
തട്ടുകട, ചായക്കട എന്നിവയ്ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുന്നവരെ കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കി
എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്.പിമാരുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ ടാസ്‌ക്ക് ഫോഴ്‌സിന് രൂപം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."