യു.എ.ഇയില്‍ ബാങ്കിടപാടുകള്‍ക്കും ഇനി ഐ.ഡി കാര്‍ഡ് മതി
ദുബൈ: യു.എ. ഇയില്‍ ഇനി സാമ്പത്തിക ഇടപാടുകള്‍ക്ക് എമിറേറ്റ്സ് ഐ.ഡി മതി. യു.എ.ഇ സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. പാസ്പോര്ട്ടില് വീസ സ്റ്റാമ്പിങ നിര്‍ത്തലാക്കുകയും പകരം ഐ.ഡി ഉപയോഗിക്കാമെന്നുമുള്ള തീരുമാനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനമുണ്ടായത്.
യു.എ.ഇയില്‍ തൊഴില്‍, താമസ വീസ ഉള്ള ആളുകള്‍ക്കെല്ലാം ബാങ്കുകളുമായി പണമിടപാട് നടത്താന്‍ ഇനി പുതിയ ഐ.ഡി മതിയാകും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ബാങ്കുകള്‍ക്കും മണി എക്സ്ചേഞ്ചുകള്‍ക്കും കമ്പനികള്‍ക്കും കൈമാറിയിട്ടുണ്ട്.
വീസയ്ക്കും ഐ.ഡി കാര്‍ഡിനുമുള്ള അപേക്ഷ ഏകീകരിച്ചതിനെ തുടര്‍ന്ന് ടൈപിങ്ങ് സെന്ററുകളിലെ ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ പരിശീലനം നല്കാന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഏപ്രില്‍ 11 മുതലാണ് പാസ്പോര്ട്ടില് വീസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് രീതി നിര്‍ത്തിവച്ചത്. പുതിയ രീതി പൂര്‍ണമായി എല്ലാ എമിറേറ്റുകളിലും നിലവില്‍ വരുന്നതുവരേ നേരത്തേയുള്ള രീതി തുടരുമെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."