സ്ഥാപക ദിനം ആഘോഷമാക്കാനൊരുങ്ങി സഊദി; വമ്പൻ ഓഫറുകളുമായി വിമാനകമ്പനികള്‍
റിയാദ്: സഊദി അറേബ്യ സ്ഥാപക ദിനമായ ഫെബ്രുവരി 22 രാജ്യത്ത് വിവിധ പരിപാടികളോടെ ഭംഗിയായി ആഘോഷിക്കും. നാളെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു.
1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സഊദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമദിനമായാണ് എല്ലാവർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി കൊണ്ടാടുന്നത്.
ആഭ്യന്തര ടിക്കറ്റിന് 89 റിയാലും അന്താരാഷ്ട്ര ടിക്കറ്റിന് 159 റിയാലും മുതലാണ് നാസ് എയറിന്റെ ഓഫര്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 20, 21, 22 തീയതികളിലെ ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ഓഫറുളളത്. ഇതിനായി പ്രത്യേക കോഡും നാസ് എയറിന്റെ സൈറ്റിലുണ്ട്. വളരെ കുറഞ്ഞ സെക്ടറുകളിലേക്കും ചില പ്രത്യേക തീയതികളിലുമാണ് ഓഫറുള്ളത്. ഇന്ത്യയിലേക്ക് വിവിധ സെക്ടറുകളിലേക്ക് ചില തീയതികളിൽ 399 റിയാലിന് നാസ് എയര്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
ഫെബ്രുവരി 27 മുതല്‍ മാർച്ച് അഞ്ചുവരെയും ഏപ്രില്‍ 12 മുതല്‍ 18 വരെയും വിദേശ രാജ്യങ്ങളിലേക്ക് പോകാനും മാർച്ച് എട്ട് മുതല്‍ 13 വരെയും ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് രണ്ടുവരെയും വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്നതിനും നാസ് എയര്‍ ഓഫര്‍ ബാധകമാകില്ല. മറ്റു തീയതികളില്‍ ഓഫര്‍ ലഭിക്കുമെങ്കിലും 22നുള്ളില്‍ ടിക്കറ്റെടുക്കണം.
ഫ്ലൈ അദീല്‍ ചില സെക്ടറുകളില്‍ 80 ശതമാനം വരെ ഓഫര്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് 31 വരെ ഏതാനും ചില സെക്ടറുകളിലേക്ക് സൗദി എയർലൈൻസിൽ 50 ശതമാനം ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 22 ന് അർധരാത്രിക്ക് മുമ്പ് ബുക്ക് ചെയ്താല്‍ മാത്രമേ ഓഫറുകള്‍ ലഭ്യമാകൂവെന്ന് സൗദി എയർലൈൻസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."