ജനവിധിക്ക് മുന്‍പേ വിധിക്ക് കീഴടങ്ങി അന്ന് പി.കെ ശ്രീനിവാസന്‍, ഇന്ന് വി.വി പ്രകാശ്
സ്വന്തം ലേഖകന്‍
മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ജനവധി കാത്തിരിക്കുന്നതിനിടെ മരണപ്പെടുന്ന രണ്ടാമത്തെ സ്ഥാനാര്‍ഥിയാണ് നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി വി.വി പ്രകാശ്. ഫലപ്രഖ്യാപനത്തിന്റെ മൂന്ന് ദിവസം മുന്‍പാണ് പ്രകാശന്റെ മരണം.
കഴിഞ്ഞ തവണ സി.പി.എം പിടിച്ചെടുത്ത നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് അവസാന വട്ടം നിയോഗിച്ച സ്ഥാനാര്‍ഥിയായിരുന്നു മലപ്പുറം ഡി.സി.സി അധ്യക്ഷന്‍കൂടിയായ വി.വി പ്രകാശ്. ജില്ലയിലെ കോണ്‍ഗ്രസിന്റെ സൗമ്യമുഖമായ പ്രകാശ്, ജനവിധിക്കുമുന്‍പെ വിധിക്ക് കീഴടങ്ങുകയായിരുന്നു. 1996ല്‍ കൊല്ലം ജില്ലയിലെ പുനലൂര്‍ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായിരുന്ന പി.കെ ശ്രീനിവാസനാണ് ഫല പ്രഖാപനത്തിന് മുന്‍പ് വിടവാങ്ങിയ നിയമസഭാ സ്ഥാനാര്‍ഥി.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഫലം പ്രഖ്യാപിച്ചപ്പോള്‍ ശ്രീനിവാസന്‍ വിജയിക്കുകയും ചെയ്തു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശ്രീനിവാസന്റെ മകന്‍ പി.എസ് സുപാല്‍ മത്സരിച്ച് വിജയിച്ച് പിതാവിന്റെ സീറ്റ് നിലനിര്‍ത്തി. 1991ല്‍ ഏറ്റുമാനൂര്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ബാബു ചാഴിക്കാടന്‍ രമേശ് ചെന്നിത്തലക്കൊപ്പം പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പായിരുന്നു മരണം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ തലക്കാട് ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തൈവളപ്പില്‍ സഹീറാ ബാനു ഫലപ്രഖ്യാപനത്തിന്റെ തലേനാള്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഫലം വന്നപ്പോള്‍ ഇവര്‍ 250 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു.
എതിര്‍ സ്ഥാനാര്‍ഥിയോടുപോലും വാക്കിലും പ്രവര്‍ത്തിയിലും മാന്യതയോടെ മാത്രം പെരുമാറിയ വി.വി പ്രകാശിന്റെ നിര്യണം നേതാക്കളും അണികളും ഞെട്ടലോടെയാണ് വീക്ഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."