കര്‍ശന നിയന്ത്രണം: പെരുന്നാള്‍ പ്രതീക്ഷയറ്റ് വ്യാപാരികള്‍
കോഴിക്കോട്: കൊവിഡിനെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ പെരുന്നാള്‍ പ്രതീക്ഷയറ്റ് വ്യാപാരികള്‍. നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സമയം ചുരുക്കിയതാണ് ഇവരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചത്. സംസ്ഥാനത്ത് രോഗ വ്യാപനം രൂക്ഷമായതോടെ എല്ലാ ജില്ലകളിലെയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7.30 വരെയാക്കിയിരിക്കുകയാണ്.
കണ്ടെയ്ന്മെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ സ്ഥലങ്ങളിലുമാണ് ഈ സമയക്രമം. മെഡിക്കല്‍ ഷോപ്പുകളും ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വിസും മാത്രമാണ് ഒന്പതുവരെ പ്രവര്‍ത്തിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളേ തുറക്കാവൂ എന്നതും കച്ചവടത്തെ കാര്യമായി ബാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
കടുത്ത നിയന്ത്രണം തുടരുന്നതിനാല്‍ വിപണിയില്‍ കാര്യമായ ചലനമില്ല. അതിനാല്‍ തന്നെ പുതിയ സ്റ്റോക്കെടുക്കാനും ആരും തയാറാകുന്നില്ല. പെരുന്നാള്‍ വിപണിയില്‍ ഒഴിച്ചുകൂടാനാകാത്ത വസ്ത്ര, ചെരുപ്പ്, ഫാന്‍സി സാധനങ്ങളുടെ വില്പനയും ഇത്തവണ പേരിലൊതുങ്ങി.
കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വ്യാപാര സ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്ക് എത്തിക്കുമെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്. മേഖല സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ചേഴ്സ് അസോസിയേഷന് സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
പെരുന്നാള്‍ വിപണി സജീവമാകാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എല്ലാം പഴയപടിയാകുമെന്ന പ്രതീക്ഷ വ്യാപാരികള്‍ക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."