നിങ്ങളുടെ വീസയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങൾ തീർക്കാൻ സുവർണാവസരം; ക്യാംപെയ്ൻ ആരംഭിച്ച് ജിഡിആർഎഫ്എ
ദുബായ്: യുഎഇ വീസയുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പ്രശ്ന പരിഹാരത്തിനായി സുവർണാവസരമൊരുക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജിഡിആർഎഫ്എ). കാലാവധി കഴിഞ്ഞതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിഹരിക്കാൻ പ്രത്യേക ക്യാംപെയ്ൻ ദെയ്‌റ സിറ്റി സെന്ററിൽ ആരംഭിച്ചു. 'എല്ലാവർക്കും ഒരു ഹോംലാൻഡ്' എന്ന ക്യാംപെയ്ൻ 27 രാത്രി പത്ത് വരെയാണ് നടക്കുക.
വീസയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുള്ളവരെ സഹായിക്കാൻ ദെയ്‌റ സിറ്റി സെന്ററിലെ സ്റ്റാളിൽ ജിഡിആർഎഫ്എ അധികൃതർ ഇന്ന് മുതൽ തയ്യാറാണ്. വീസ പ്രശ്നങ്ങളുള്ള താമസക്കാർ, സന്ദർശകർ, വിനോദസഞ്ചാരികൾ എന്നിവർക്ക് ക്യാംപെയ്ൻ വഴി പ്രശ്നങ്ങൾക്ക് പരിഹാരം കാണാം.
വീസ അനുവദിച്ചതിൽ കൂടുതൽ താമസിച്ചവർക്കും കാലഹരണപ്പെട്ട രേഖകളുള്ളവർക്കും ഉൾപ്പെടെ ഈ അവസരം ഉപയോഗിക്കാവുന്നതാണ്. വീസയുടെ സാധുതയെക്കുറിച്ച് ഉറപ്പില്ലാത്ത താമസക്കാർക്ക് അവരുടെ പാസ്‌പോർട്ടുകൾ മാത്രം ഉപയോഗിച്ച് പെർമിറ്റുകളുടെ കാലാവധി പരിശോധിക്കാം.
ആളുകൾ ഭയമില്ലാതെ ക്യാംപെയ്നിലെത്തണമെന്ന് ജിഡിആർഎഫ്എയിലെ ക്ലയന്റ് ഹാപ്പിനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലഫ്. കേണൽ സലേം ബിൻ അലി നിർദേശിച്ചു. നിങ്ങൾ 10 വർഷത്തോളം അധികമായി താമസിച്ചാലും ഞങ്ങളുടെ ജീവനക്കാർ നിങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."