കുറ്റവാളികളെ നിർണയിക്കേണ്ടത് കോടതികൾ
ദ ിഇന്ത്യൻ എവിഡൻസ് ആക്ട് (ഇന്ത്യൻ തെളിവു നിയമം)പ്രകാരം കുറ്റവാളികളെ തീരുമാനിക്കേണ്ടത് കോടതികളാണ്. കേസ് നടത്തിപ്പിന്റെ ഭാഗമായി കോടതികളിൽ തെളിവ് സ്വീകരിക്കുന്നതിനെ പറ്റിയും അവ എന്തൊക്കെയാണെന്നും ഹാജരാക്കേണ്ടത് ആരാണെന്നത് സംബന്ധിച്ചും ഇന്ത്യൻ തെളിവു നിയമത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കോടതികളിൽ നിയമപരമായി ഉപയോഗിക്കപ്പെടുന്ന തെളിവുകളിൽ അവയുടെ സ്വഭാവം പരിഗണിച്ച് ഏതൊക്കെ സ്വീകരിക്കാം, ഏതൊക്കെ നിരാകരിക്കാം എന്നത് സംബന്ധിച്ച നടപടികളെക്കുറിച്ചും തെളിവ് നിയമത്തിൽ വിശദമാക്കുന്നുണ്ട്.ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഭരണകൂടങ്ങളും പൊലിസും ചേർന്ന് കുറ്റവാളികളെ തീരുമാനിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന ഭീകരാവസ്ഥയാണ് ഇപ്പോഴുള്ളത്. കൊടുംക്രിമിനലുകളുടെ അക്രമങ്ങൾക്ക് വിധേയമായി ആളുകൾ കൊല്ലപ്പെടുകയോ മൃതപ്രായത്തിലെത്തുകയോ ചെയ്യുന്ന കേസുകളിൽ ഇരകളെ കേൾക്കാതെ പ്രതികളായ ക്രിമിനലുകൾക്ക് കീഴ്കോടതികൾ ജാമ്യം നൽകുന്നതു സുപ്രിംകോടതിയുടെ വിമർശനത്തിന് വിധേയമായിരിക്കുകയാണ്.
കലാപത്തിൽ പങ്കാളികളാണെന്ന് ആരോപിച്ച് ഒരു മതവിഭാഗത്തിൽപെട്ടവരുടെ വീടും കച്ചവട സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് മധ്യപ്രദേശ് സർക്കാരും പൊലിസും ചേർന്നു തകർത്തതാണ് ആദ്യം പരാമർശിച്ച വിഷയമെങ്കിൽ, യു.പിയിലെ ലേഖിംപൂർ ഖേരിയിൽ കർഷക സമരക്കാരുടെ ഇടയിലേക്ക് വാഹനം കയറ്റി കർഷകരെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ധൃതിയിൽ ജാമ്യം നൽകിയതിനെ സുപ്രിം കോടതി രൂക്ഷമായി വിമർശിച്ചതാണ് രണ്ടാമത്തെ വിഷയത്തിന് ആസ്പദം. അതത് കാലങ്ങളിലുള്ള കോടതി വിധികളും തദടിസ്ഥാനത്തിലുള്ള നിയമജ്ഞരുടെ വ്യാഖ്യാനങ്ങളുമാണ് ഇന്ത്യൻ തെളിവു നിയമത്തെ കരുത്തുറ്റതാക്കിയത്. ഇതൊന്നും പരിഗണിക്കാതെയാണ് മധ്യപ്രദേശിൽ രാമനവമി ആഘോഷത്തോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ പങ്കാളികളെന്ന് ആരോപിച്ച് മുസ്‌ലിംകളുടെ മാത്രം വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഭരണകൂട പിന്തുണയോടെ പൊലിസ് തകർത്തത്. തീർത്തും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു വിഭാഗത്തെ മാത്രം കുറ്റവാളികളെന്ന് മുദ്രകുത്തി അവരുടെ ജീവിതമാർഗവും കിടപ്പാടവും ഒറ്റയടിക്ക് തകർക്കാൻ പൊലിസിന് എന്ത് അധികാരമാണുള്ളത് ? രാമനവമി ആഘോഷത്തിന്റെ മറപറ്റി മുസ്‌ലിംകളെ സാമ്പത്തികമായി തകർക്കാനും അവരുടെ കിടപ്പാടങ്ങൾ ഇല്ലാതാക്കി അശരണരാക്കാനും കരുതിക്കൂട്ടിയുണ്ടാക്കിയ തിരക്കഥയുടെ ആവിഷ്ക്കാരമായിരുന്നു രാമനവമി ദിനത്തിലെ ഹിന്ദുത്വ പ്രകോപനങ്ങളും തുടർന്നുണ്ടായ സർക്കാർ - പൊലിസ് നടപടികളും എന്നുവേണം കരുതാൻ.
പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരെ നിയമത്തിന്റെ മുമ്പിൽ ഹാജരാക്കുകയാണ് വേണ്ടത്. അവിടെ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതികളാണ് വിധി പറയേണ്ടത്. അല്ലാതെ മധ്യപ്രദേശ് ഡി.ജി.പിയോ മുഖ്യമന്ത്രിയോ അല്ല. ഈ രാജ്യത്ത് ഇപ്പോഴും ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിയമജ്ഞർ തീർത്ത ഇന്ത്യൻ നിയമ വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. കുറ്റാരോപിതരെ കുറ്റം ചെയ്തവർ എന്ന് തീരുമാനിക്കാൻ ഭരണകൂടങ്ങൾക്കും പൊലിസിനും എന്തവകാശമാണുള്ളത്? കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തി കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയുന്നതുവരെ അയാൾ നിരപരാധിയാണ്. അത്തരം നിരപരാധികളുടെ വീടും സ്ഥാപനങ്ങളുമാണ് മധ്യപ്രദേശ് സർക്കാരും പൊലിസും നിയമം നടപ്പാക്കുന്നുവെന്ന വ്യാജേന തകർത്തിരിക്കുന്നത്. ഇതിനെതിരേയാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കഴിഞ്ഞ ദിവസം സുപ്രിം കോടതിയിൽ ഹരജി സമർപ്പിച്ചത്. വീടുകളും സ്ഥാപനങ്ങളും തകർക്കുന്ന നടപടിയെ മധ്യപ്രദേശ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റു ചില മന്ത്രിമാരും പിന്തുണച്ചത് ഇന്ത്യൻ നീതിന്യായ നിയമ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇസ്റാഈൽ ഭരണകൂടം ഫലസ്തീനികളുടെ പാർപ്പിടങ്ങൾ കള്ളക്കഥകളുണ്ടാക്കി തകർക്കുന്നതിനെയാണ് മധ്യപ്രദേശ് സർക്കാർ ഓർമിപ്പിക്കുന്നത്.
സിവിൽ കോടതികളിലായാലും ക്രിമിനൽ കോടതികളിലായാലും തെളിവ് നിയമം ബാധകമാണ്. ക്രിമിനൽ കോടതികളിൽ പ്രതികളെന്ന് ആരോപിക്കപ്പെട്ടവർ കുറ്റസമ്മതം നടത്തിയാൽ പോലും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ശിക്ഷിക്കാൻ പാടുള്ളൂ എന്ന് തെളിവ് നിയമത്തിൽ പറയുന്നുണ്ട്. അതെല്ലാം കാറ്റിൽപറത്തിയാണ് മധ്യപ്രദേശ് സർക്കാർ മുൻവിധി നടത്തി ഒരു വിഭാഗത്തിന്റെ അസ്തിത്വം നശിപ്പിക്കുമാറ് അവരുടെ തൊഴിലിടങ്ങളും പാർപ്പിടങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ സുപ്രിം കോടതിയിൽ നിന്നുണ്ടായ നിശിത വിമർശനം. ക്രിമിനൽ കേസുകളിൽ ഇരകളുടെ ഭാഗം കേൾക്കാതെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ജാമ്യം നൽകാനാവില്ലെന്ന് വിധിച്ചാണ് സുപ്രിംകോടതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയത്. കോടതികൾ ഇരകളുടെ ഭാഗവും കൂടി കേൾക്കേണ്ടതുണ്ട്. അത് ഇരകളുടെ അവകാശവുമാണ്. ഇതാകട്ടെ ഭരണഘടന പൗരന് നൽകുന്ന പൗരാവകാശങ്ങളിൽ അന്തർലീനവുമാണ്. കേസിലെ ഇരകൾക്ക് പറയാനുള്ളത് കേൾക്കാതെയാണ് അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ധൃതിപിടിച്ച് ജാമ്യം നൽകിയതെന്ന് സുപ്രിം കോടതി വിലയിരുത്തുമ്പോൾ അലഹബാദ് ഹൈക്കോടതി വിധിയിൽ മൗലികാവകാശ ലംഘനമുണ്ടോ എന്നും കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ജാമ്യം നൽകുമ്പോൾ പാലിക്കേണ്ട നടപടികൾ കേസിൽ അലഹബാദ് ഹൈക്കോടതി പാലിച്ചില്ലെന്ന സുപ്രിംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം, ജാമ്യാപേക്ഷ വീണ്ടും അലഹബാദ് ഹൈക്കോടതിയുടെ പരിഗണനക്ക് വരുമ്പോൾ നേരത്തെ കേസ് പരിഗണിച്ച ബെഞ്ചിൽ നിന്ന് കേസ് മാറ്റണമെന്ന് ഇരകൾക്ക് വേണ്ടി ഹാജരായ പ്രശസ്ത അഭിഭാഷകൻ ദുഷ്യന്ത് ദവെ സുപ്രിംകോടതിയിൽ വാദിച്ചിട്ടുണ്ടാവുക.
ഓരോ പൗരനും ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങൾ നൽകുന്നുണ്ട്. ഭരണഘടനാ നിർമാണസഭയിൽ മൗലികാവകാശങ്ങളും ന്യൂനപക്ഷങ്ങളും എന്നൊരു ഭാഗം തന്നെയുണ്ട്. മൗലികാവകാശങ്ങളുടെ സംരക്ഷണം സുപ്രിംകോടതിയുടെ പരിധിയിലാണുള്ളത്. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരേയുള്ള അവകാശം, മത സ്വാതന്ത്ര്യത്തിനുള്ള അവകാശം അവയിൽ ചിലതാണ്. ആർട്ടിക്കിൾ പതിനാലിൽ നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ് എന്നത് ലേഖിംപൂർ ഖേരി കേസിൽ ഇരകളെയും കേൾക്കേണ്ടതാണെന്നതിന്റെ സ്പഷ്ടമായ അടയാളപ്പെടുത്തലാണ്. ഇന്ത്യയെ തമോമയ ഗർത്തത്തിലേക്ക് ദുഷ്ടശക്തികൾ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോൾ അതിനെതിരേ നിയമ പരിരക്ഷയുടെ പ്രകാശ ഗോപുരങ്ങളായി നീതിന്യായ കോടതികൾ നിലയുറപ്പിക്കുന്നു എന്നതാണ് സാധാരണ പൗരന് ഈ കാലത്ത് കിട്ടുന്ന ഏക ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."