തൊഴിലുറപ്പ് പദ്ധതിയും പ്രതിസന്ധിയിലേക്ക്
യു.പി.എ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കരുതപ്പെടുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം. കേന്ദ്രത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അതുവരെ അധികാരം കൈയാളിയിരുന്ന കോൺഗ്രസ്-കോൺഗ്രസിതര സർക്കാരുകളുടെ ഒട്ടേറെ വികസന പദ്ധതികൾ ഒന്നുകിൽ ഉപേക്ഷിക്കുകയോ അവ പുനർനാമകരണം ചെയ്ത് അതേ ഉള്ളടക്കത്തോടെ നടപ്പാക്കുകയോ ചെയ്തപ്പോൾ ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ട പദ്ധതിയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. എന്നാൽ പലഘട്ടങ്ങളിലായി പദ്ധതി വിഹിതത്തിൽ ബജറ്റ് രേഖയിൽ കുറവ് വരുത്തിയിരുന്നു. ഏറ്റവും ഒടുവിൽ 2022 ധനകാര്യ വർഷം അവസാനമാവുമ്പോഴേക്ക് പദ്ധതി നീക്കിയിരിപ്പ് തുകയിൽ 20,000 കോടി രൂപയോളം കുറവുണ്ടാകാനിടയുണ്ട്. 2022 ഏപ്രിൽ ഒന്നിന് അവസാനിക്കുന്ന ഘട്ടത്തിൽ 98,000 കോടി രൂപ നീക്കിയിരിപ്പുണ്ടാകുമെന്നായിരുന്നു കണക്കാക്കിയത്. ഇതിലാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ 'നെഗറ്റീവ് ബാലൻസ്' രേഖപ്പെടുത്തിയതിനുള്ള കാരണം നടപ്പു ധനകാര്യ വർഷത്തിൽ നിർമാണച്ചെലവിലുണ്ടായ അപ്രതീക്ഷിത വർധനവാണ്. അതേസമയം, കൂലി ചെലവിൽ 1,840 കോടി രൂപയോളം കുറവാണുണ്ടായതെന്നും പറയപ്പെടുന്നു. ഇതിന്റെ അർഥം 2023 ധനകാര്യ വർഷത്തിലേക്കായി നീക്കിയിരിപ്പുള്ള 73,000 കോടി രൂപയിൽ ഏറിയ പങ്കും വിനിയോഗിക്കുക അതിനു മുമ്പത്തെ ധനകാര്യ വർഷത്തിലെ വേതന കുടിശ്ശിക കൊടുത്തുതീർക്കുന്നതിലായിരിക്കും. സാമൂഹ്യപ്രവർത്തകർ 2022 ആദ്യത്തിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നത്, പ്രസ്തുത ധനകാര്യവർഷത്തിൽ കുടിശ്ശിക ഇനത്തിൽ അവശേഷിക്കുന്നത് 17,000 കോടി രൂപയോളമായിരിക്കുമെന്നാണ്. 2021 ധനകാര്യ വർഷാവസാനത്തോടെ ചെലവാക്കിയ തുക 1.11ട്രില്യൻ രൂപ വരെ ആയിരുന്നെങ്കിലും നിസാരമല്ലാത്ത തുക കൂടി കുടിശ്ശികയായി അവശേഷിപ്പുണ്ടെന്നാണല്ലോ ഇതിലൂടെ തിരിച്ചറിയേണ്ടത്.
2022 ധനകാര്യ വർഷത്തിൽ മാർച്ച് 31വരെ 72.4 മില്യൻ കുടുംബങ്ങൾക്ക് ജോലിയും കൂലിയും ലഭ്യമായി എന്നിരിക്കെ, 70 മില്യൻ കുടുംബങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത് തുടർച്ചയായി രണ്ടാം വർഷമാണെന്നും ഇതിലൂടെ വ്യക്തമാക്കുന്നു. അതിനു മുമ്പ് ഗുണഭോക്താക്കളുടെ എണ്ണം 50-60 മില്യൻ കുടുംബങ്ങൾ മാത്രമായിരുന്നു. ഇതിന്റെയെല്ലാം അർഥമെന്താണെന്നോ? ഈ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സ്വീകാര്യത വർധിക്കുകയാണെന്ന് തന്നെയാണ്. കൊവിഡാനന്തര കാലഘട്ടത്തിൽ ക്രമേണയാണെങ്കിൽ കൂടി തൊഴിലവസരങ്ങൾ വർധിക്കുകയും വരുമാനം നേരിയ തോതിലാണെങ്കിലും ഉയരുകയും ചെയ്യുന്നു എന്നത് സമ്പദ്‌വ്യവസ്ഥക്ക് ഉണർവ് നൽകാൻ സഹായകമാണെന്നതിൽ സംശയിക്കേണ്ട. ഇതോടൊപ്പം ഈടുനിൽക്കുന്ന ഉപഭോഗ ഉൽപന്നങ്ങളുടെ, ഇരുചക്രവാഹനങ്ങളുടേതടക്കം ക്രമേണ വർധിച്ചുവരുന്ന പ്രവണതയും സ്വാഗതാർഹമാണ്.
2022 ധനകാര്യ വർഷത്തിൽ മാത്രം ഈ പദ്ധതിക്കായി കേന്ദ്രസർക്കാർ ചെലവാക്കിയത് 1.28 ട്രില്യൻ രൂപയായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷത്തെ വേതന കുടിശ്ശികയും ഉൾപ്പെട്ടിരുന്നു. അതിന് ശേഷമുള്ള 1.70 ട്രില്യൻ രൂപയാണ് പുതുതായി ചെലവിട്ടത്. ഇന്നത്തെ നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ 2022ധനകാര്യ വർഷത്തിലും വേതന കുടിശ്ശിക ഉണ്ടാകാനാണ് സാധ്യത . കാരണം, ആ ഒരു വർഷം പിന്നിടുമ്പോഴും വേതന നിരക്കുകളിൽ കാര്യമായ വർധനവില്ലെങ്കിലും തൊഴിലവസരങ്ങൾക്കായുള്ള ഡിമാൻഡ് തുടർച്ചയായി ഉയർന്നുവരുന്നതായി കാണുന്നു എന്നതാണ്. മുൻകാല അനുഭവങ്ങൾവച്ച് നോക്കിയാൽ 2023ലേക്ക് വകയിരുത്തിയിരുന്ന 73,000 കോടി രൂപ വരുന്ന ആറ് മാസങ്ങൾക്കിടയിൽ തീർത്തും ചെലവാക്കപ്പെട്ട് കഴിഞ്ഞിരിക്കും. അപ്പോൾ പിന്നെ പുതിയ ഫണ്ട് കണ്ടെത്തേണ്ടി വരും. അതല്ലെങ്കിൽ കുടിശ്ശിക കൊടുത്ത് തീർക്കാതിരിക്കുകയെന്ന അറ്റകൈ പ്രയോഗത്തിലൂടെ ഡിമാൻഡിനെ തടഞ്ഞുനിർത്തുക എന്നതു മാത്രമായിരിക്കും പോംവഴിയെന്നാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയുടെ വക്താവ് ദേബ്മാല്യ നന്ദി അഭിപ്രായപ്പെട്ടത്. 2022 ധനകാര്യ വർഷത്തിലെ നീക്കിയിരിപ്പു സംഖ്യ 73,000 കോടിയായിരുന്നത് വർഷാവസാനത്തിൽ ചെന്നെത്തിയിരിക്കുന്നത് 98,000കോടി രൂപയിലായിരുന്നു. ഡിമാൻഡിൽ അനുഭവപ്പെട്ട വർധനവായിരുന്നു ഇതിന് കാരണമായത്. ഈ പ്രവണതയിൽ മാറ്റമുണ്ടാക്കാനുള്ള സാധ്യതകൾ ഇന്നത്തെ സാഹചര്യത്തിൽ വിരളവുമാണ്.
2021 തൊഴിൽദാന പദ്ധതിയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ കാലയളവായിരുന്നു. അന്നാണ് മഹാമാരിയെ തുടർന്നുള്ള ആദ്യത്തെ ലോക്ക്ഡൗൺ പ്രഖ്യാപനമുണ്ടാവുന്നതും മില്യൻ കണക്കിനാളുകൾ 'റിവേഴ്‌സ് മൈഗ്രേഷൻ' (വിപരീത ദിശയിലേക്കുള്ള കുടിയേറ്റം) പ്രക്രിയയുടെ ഭാഗമായി ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കൂട്ടംകൂട്ടമായി യാത്ര ചെയ്യുന്നതിന് പകരം നഗരങ്ങളിൽനിന്ന് സ്വന്തം ഗ്രാമങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നതും. ഇക്കാരണത്താൽ കേന്ദ്ര സർക്കാരിന് തൊഴിലുറപ്പ് പദ്ധതിക്കായി 1.11ട്രില്യൻ രൂപയോളം ചെലവാക്കേണ്ടിവരികയും ചെയ്തു. തൊഴിൽ തേടി മടങ്ങി സ്വന്തം ഗ്രാമങ്ങളിലെത്തിയവരുടെ ഭാഗത്തുനിന്നുണ്ടായ ഡിമാൻഡ് അത്രയേറെയായിരുന്നു.
ഓരോ തൊഴിലിനും വേണ്ടിവന്ന ഭൗതിക ചെലവും വേതനയിനത്തിലുള്ള ചെലവും ചേർന്ന് ശരാശരി ഒരു തൊഴിലാളിക്ക് നിശ്ചിതതുക ആവശ്യമായി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൊത്തം ചെലവായി കേന്ദ്ര ഖജനാവിൽനിന്ന് ചെലവിടേണ്ടി വന്ന തുക ഉദ്ദേശം 1.5 ട്രില്യൻ രൂപയായിരുന്നു.
വേതന നിരക്കുകളുടെ അപര്യാപ്തതമൂലം ദുരിതം നേരിടുന്ന തൊഴിലാളികൾ മറ്റു ജീവിതമാർഗങ്ങളില്ലാത്തതിനാൽ കർഷക തൊഴിലാളികൾക്ക് ലഭിക്കുന്നതിലും താണ നിരക്കുകളിൽ പണിയെടുക്കാൻ നിർബന്ധിതരായെന്ന് എൻ.ആർ.ഇ.ജി.എ സംഘർഷ് മോർച്ച ആരോപിക്കുന്നു. ഇതനുസരിച്ച് തൊഴിലുറപ്പ് പദ്ധതി നിലവിൽ പ്രയോഗത്തിലിരിക്കുന്ന 27 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊതുസ്ഥിതി സമാനമായ നിലയിലാണെന്നാണ് സംഘടനയുടെ ഉറച്ച അഭിപ്രായം. കാർഷിക മേഖലയിലെയും ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെയും വേതന നിരക്കുകളിൽ ഏറ്റവുമധികം അന്തരം നിലനിൽക്കുന്നത് കർണാടകയിലാണ്. ഈ അന്തരമാണെങ്കിൽ 70 ശതമാനംവരെയുണ്ട്. പരമ ദാരിദ്ര്യത്തിന്റെ പേരിൽ ലക്ഷക്കണക്കിന് നിരാലംബരായ ഗ്രാമീണ ജനതയാണ് ഈ വിധത്തിൽ ക്രൂരമായ ചൂഷണത്തിന് ഇരയാവുന്നത്. തൊഴിലാളികളുടെ സംഘടന ഇത്തരമൊരു ദയനീയാവസ്ഥയെ ദരിദ്ര ജനവിഭാഗങ്ങൾക്ക് നേരെയുള്ള സർജിക്കൽ സ്‌ട്രൈക്ക് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തൊട്ടാകെ തൊഴിലില്ലായ്മ പ്രശ്‌നം ചരിത്രത്തിലാദ്യമായി ഇത്രയേറെ ഗുരുതരാവസ്ഥയിലെത്തിയതിന് ശേഷവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിഷ്‌ക്രിയത്വം തുടരുകയാണെന്ന് മോർച്ച പറയുന്നു.
2022 ഏപ്രിൽ ഒന്നിന് എം.ജി.എൻ.ആർ.ഇ.ജി.എ വെബ്‌സൈറ്റിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നത്, പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള ധനകാര്യ പ്രതിസന്ധിയുടെ ഏകദേശ രൂപമായിരിക്കും. ഇതിൽ ചേർത്തിരിക്കുന്ന കണക്കുകൾ താൽക്കാലികം മാത്രവുമാണ്. താഴെ ചേർത്തിരിക്കുന്ന പട്ടിക നോക്കുക.
ഈ കണക്കുകളിൽ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്ന് ഇപ്പോൾ പ്രവചിക്കാൻ സാധ്യമല്ല. എന്നാൽ, ഒരു കാര്യം ഉറപ്പിക്കാം; തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ ക്രമേണ ഇടിവാണ് ന്യായമായും പ്രതീക്ഷിക്കാൻ കഴിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."