സ്റ്റേ വകവയ്ക്കാതെ പൊളിക്കൽ ; ഗൗരവത്തോടെ കാണും
കെ.എ സലിം
ന്യൂഡൽഹി
സ്‌റ്റേ ഉത്തരവ് മേയർക്ക് ലഭിച്ചതിന് ശേഷവും ജഹാംഗീർപുരിയിൽ പൊളിക്കൽ തുടർന്നത് ഗൗരവത്തോടെ കാണുമെന്ന് സുപ്രിംകോടതി. പൊളിക്കൽ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടിയ ജസ്റ്റിസുമാരായ എൽ. നാഗേശ്വരറാവു, ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് തൽസ്ഥിതി തുടരാനും നിർദേശിച്ചു. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന് നോട്ടിസയക്കാൻ കോടതി ഉത്തരവിട്ടു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പൊളിക്കലുകളുമായി ബന്ധപ്പെട്ട ഹരജികളിലും നോട്ടിസയച്ചു.
ഇതൊരു ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്ന് ഹരജിക്കാരായ ജംഇയ്യത്ത് ഉലമായെ ഹിന്ദിൻ്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. ഓരോ കലാപത്തിനുശേഷവും ഒരു സമുദായത്തിന്റെ വീടുകൾ തിരഞ്ഞുപിടിച്ച് ബുൾഡോസർ കൊണ്ട് തകർക്കുന്നത് സർക്കാർ നയമായി മാറിയിരിക്കുന്നു. സർക്കാർ താൽപര്യം സംരക്ഷിക്കാനുള്ള ആയുധമായി ബുൾഡോസറുകളെ ഉപയോഗിക്കുന്നത് എങ്ങനെ അംഗീകരിക്കാനാവും. ഇത് ജഹാംഗീർപുരിയിൽ മാത്രമല്ല. മറ്റു പലയിടത്തും നടക്കുന്നു.
ഇതനുവദിച്ചു കൊടുത്താൽ നിയമവാഴ്ച ബാക്കിയുണ്ടാകില്ല. 30 വർഷത്തിലധികം പഴക്കമുള്ള വീടുകളും കടകളുമാണ് തകർത്തത്. ബി.ജെ.പി നേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊളിക്കൽ. പൊലിസും അധികാരികളും ഉത്തരവാദിത്വം കാണിക്കേണ്ടത് ഭരണഘടനയോടാണ് ബി.ജെ.പി നേതാവിനോടല്ലെന്നും ദവെ പറഞ്ഞു.
അനധികൃത നിർമാണത്തിന്റെ പേരിൽ രാജ്യത്ത് പലയിടത്തും മുസ് ലിംകളുടെ വീടുകളും സ്ഥാപനങ്ങളും തകർക്കുകയാണെന്ന് മറ്റൊരു അഭിഭാഷകനായ കപിൽ സിബൽ പറഞ്ഞു. ഹിന്ദുക്കളുടെ സ്ഥാപനങ്ങൾ തകർത്തവയിലില്ലേയെന്ന് ജസ്റ്റിസ് നാഗേശ്വര റാവു ചോദിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെന്ന് പറഞ്ഞ സിബൽ, പൊളിക്കൽ തടഞ്ഞ് പൊതു ഉത്തരവ് പുറപ്പെടുവിക്കണമെന്നും അഭ്യർഥിച്ചു.
നടപടിക്രമം പാലിച്ച് അനധികൃത നിർമാണം നീക്കുകയായിരുന്നു എന്നും നോട്ടിസ് നൽകിയിരുന്നെന്നും സോളിസിറ്റർ ജനറൽതുഷാർ മേത്ത വാദിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."