ദുബൈ വിമാന താവളത്തിലെ സേവനങ്ങൾ വിലയിരുത്തി ജിഡിആർഫ്എ മേധാവി
ദുബൈ:ദുബൈ വിമാനത്താവളങ്ങളിൽ കുട്ടികൾക്കായി പ്രത്യേകം ഏർപ്പെടുത്തിയ എമിഗ്രേഷൻ കൗണ്ടറിലൂടെ ഇതുവരെ 4,34,889 കുട്ടികൾ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജി.ഡി.ആർ.എഫ്.എ. ദുബൈ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു. ഒന്നാം പെരുന്നാൾ ദിനത്തിൽ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം വിലയിരുത്താനും നടപടിക്രമങ്ങൾ ഉറപ്പുവരുത്താനുമുള്ള സന്ദർശന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2023 ഏപ്രിൽ 19 നാണ് കുട്ടികൾക്ക് മാത്രമായുള്ള പ്രത്യേക കൗണ്ടർ ദുബൈ എയർപോർട്ടിൽ സ്‌ഥാപിച്ചത്. കുട്ടികൾക്ക് ദുബൈയിലൂടെയുള്ള യാത്രാനുഭവം കൂടുതൽ സുഖകരവും സന്തോഷകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം.
ഈ കൗണ്ടറിൽ കുട്ടികൾക്ക് അവരുടെ പാസ്പോർട്ടിൽ സ്വയം സ്‌റ്റാമ്പ് ചെയ്യാൻ അവസരമുണ്ട്. 2024 ലെ ആദ്യ പാദത്തിൽ 118,586 കുട്ടികൾ ഈ സൗകര്യം ഉപയോഗിച്ചു. കുടുംബങ്ങൾക്ക് യാത്ര കൂടുതൽ സുഗമവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള ദുബായ് വിമാനത്താവളങ്ങളുടെ പ്രതിബദ്ധതയെ ഈ സംരംഭം കൂടുതൽ പ്രതിഫലിപ്പിക്കുന്നുവെന്ന് അൽ മർറി പറഞ്ഞു. അതേസമയം, പെരുന്നാൾ ആഘോഷങ്ങൾക്കായി ദുബൈയിലേക്ക് എത്തുന്ന സഞ്ചാരികളെ മികച്ച രീതിയിൽ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്യുന്ന ദുബൈ എയർപോർട്ടിലെ ഉദ്യോഗസ്‌ഥരെ അദ്ദേഹം അഭിനന്ദിച്ചു.
സന്ദർശകരെ മികച്ച രീതിയിൽ സ്വീകരിക്കുന്നതിന് വേണ്ടി വ്യാമ, സമുദ്ര, കര അതിർത്തികളിൽ സേവനം ചെയ്യുന്ന ഉദ്യോഗസ്‌ഥരുടെ സേവന സന്നദ്ധതയെ പ്രത്യേകം പ്രശംസിച്ചു. ദുബൈ എയർപോർട്ടിലെ 1,2,3 ടെർമിനുകളിൽ സന്ദർശനം നടത്തിയ അദ്ദേഹം ഉദ്യോഗസ്‌ഥർക്കും യാത്രക്കാർക്കും ആശംസകൾ നേരുകയും യാത്രക്കാർക്ക് ലഭിച്ച സേവനങ്ങളുടെ നിജസ്‌ഥിതി അവരോട് നേരിട്ട് ചോദിച്ചറിയുകയും ചെയ്‌തു. ജിഡിആർഎഫ്‌എഡി അസിസ്‌റ്റന്റ് ഡയറക്‌ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്‌ഥർ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."