ഓപ്പൺ സ്‌കൂളുകളിലെ കാര്യങ്ങൾ അത്ര 'ഓപ്പൺ' അല്ല; ഈ വർഷം ഓപ്പൺ പ്ലസ് വണ്ണിന് അപേക്ഷിച്ചത് 38578 പേർ
ടി മുംതാസ്
കോഴിക്കോട്
സംസ്ഥാനത്ത് സമാന്തര വിദ്യാഭ്യാസത്തിന് വിദ്യാർഥികൾ പ്രധാനമായും ആശ്രയിക്കുന്ന സ്‌കോൾ കേരള (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എജുക്കേഷൻ) ഓപ്പൺ സ്‌കൂളിലെ കാര്യങ്ങൾ അത്ര ഓപ്പണല്ലെന്നാണ് വിവരം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും സ്‌കോൾ കേരളയിൽ നിന്ന് പൊതു ജനങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നില്ലെന്നാണ് പരാതി. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ സംവിധാനം ഉടച്ചുവാർത്താണ് മെമ്മൊറാണ്ടം ഓഫ് അസോസിയേഷൻ തയാറാക്കി സൊസൈറ്റി ആക്ടിന് കീഴിൽ സ്‌കോൾ കേരള രൂപീകരിച്ചത്. ഇതോടെ ഇവിടുത്തെ കുട്ടികളുടെ രജിസ്‌ട്രേഷനും നിയമനങ്ങളും സംബന്ധിച്ച വിവിരങ്ങൾ വിവരാവകാശത്തിന്റെ പരിധിക്ക് പുറത്തായി. സയൻസ് വിഷയങ്ങൾക്ക് റഗുലർ രജിസ്‌ട്രേഷനും മറ്റ് വിഷയങ്ങൾക്ക് പ്രൈവറ്റ് രജിസ്‌ട്രേഷനുമാണ് നടത്തുന്നത്. റഗുലറിന് 4000 രൂപയും പ്രൈവറ്റിന് 560 രൂപയും രജിസ്‌ട്രേഷൻ ഫീസ് ഈടാക്കുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങൾ ആരായുന്നവർക്ക് വിവരാവകാശത്തിന്റെ പരിധിയിൽ പെടില്ലെന്ന മറുപടിയാണ് നൽകുന്നത്. നിയമനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റാനും സുതാര്യത നഷ്ടപ്പെടുത്താനുമാണ് വിവരാവകശാത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ആരോപണം. ഈ വർഷം മാത്രം 38,578 പേരാണ് സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."