പാലക്കാട് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ആനക്ക് പരുക്ക്, ഗുരുതരാവസ്ഥയില്‍; കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു
കൊച്ചി/പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തുടരുന്നു. ആനയ്ക്ക് പിന്‍ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആന രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പ് നിരീക്ഷണം.
നടക്കാന്‍ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ കാലിന്റെ എല്ലുകള്‍ക്ക് പൊട്ടലില്ല. പുറമെ പരിക്കുകളും കാണാനില്ല. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവില്‍ മരുന്നുകളും മറ്റ് ചികിത്സയും നല്‍കുന്നുണ്ട്.
ആനയ്ക്ക് മതിയായ ചികിത്സ നല്‍കണമെന്ന് ആനപ്രേമി സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വനം മന്ത്രിയ്ക്ക് പരാതി നല്‍കി. ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് ഇന്നലെ വനംവകുപ്പ് സര്‍ജന്‍ വ്യക്തമാക്കിയത്. ആനയുടെ പരിക്ക് ഗുരുതരമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കുശേഷമെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ.
കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാന കിണറ്റില്‍ വീണു. വനംവകുപ്പും പൊലിസും നാട്ടുകാരും ചേര്‍ന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് സ്ഥിരം പ്രശ്‌നക്കാരനായ ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ പറയുന്നു.
പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കോട്ടപ്പടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ഇതില്‍ ഒരു കൊമ്പന്‍ ആണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ വീണത്. കിണറിന് ആഴം കുറവാണ്. നല്ല വീതിയുമുണ്ട്. അരിക് ഇടിച്ച് കാട്ടാനയെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
അതിനിടെ പ്രദേശത്ത് നിന്ന് കാട്ടിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. അതുകൊണ്ട് കാട്ടാനയെ പുറത്ത് എത്തിച്ച് തുറന്നുവിട്ടാല്‍ വീണ്ടും ജനവാസകേന്ദ്രത്തില്‍ എത്തുമെന്ന് നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."