കേരളം സീസണിലെ ഏറ്റവും ഉയർന്ന ചൂടിൽ; ആശ്വാസമായി ചിലയിടങ്ങളിൽ മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായർ വരെയുള്ള ദിവസങ്ങളിൽ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരും. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനം നിലവിൽ കടന്നു പോകുന്നത് സീസണിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൂടെയാണ്.
അതേസമയം, കനത്ത് ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയെത്തും. ഇന്നും നാളെയും കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് (12-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."